ADVERTISEMENT

ബെംഗളൂരു ∙ ഡ്രൈവറില്ലാ ട്രെയിനുകൾ കൃത്യസമയത്ത് ബിഎംആർസിക്കു നൽകുന്നതിൽ കൊൽക്കത്ത കമ്പനി വീഴ്ച വരുത്തിയതിനാൽ ഇലക്ട്രോണിക് സിറ്റി മെട്രോ പാതയിലെ സർവീസ് ഡിസംബറിൽ ഭാഗികമായേ ആരംഭിക്കാനാകൂ.  ആദ്യഘട്ടത്തിൽ ആർവി റോഡ്– ബൊമ്മസന്ദ്ര (യെലോ ലൈൻ) 18.82 കിലോമീറ്റർ പാതയിലെ 6 സ്റ്റേഷനുകളിൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ആർവി റോഡ്, ബൊമ്മസന്ദ്ര, ഇൻഫോസിസ് കോനപ്പന അഗ്രഹാര, സിൽക്ക് ബോർഡ്, ബിടിഎം ലേഔട്ട്, ജയദേവ ഹോസ്പിറ്റൽ എന്നിവയാണിവ. 3 ട്രെയിനുകൾ ഉപയോഗിച്ച് 30 മിനിറ്റ് ഇടവേളയിലാകും സർവീസ്. പിന്നീട് ട്രെയിനുകൾ ലഭിക്കുന്ന മുറയ്ക്ക് ഇടവേള കുറച്ച് മുഴുവൻ സ്റ്റേഷനുകളിലേക്കും സർവീസ് നീട്ടും

ചൈനയിൽ നിന്നെത്തിയ ട്രെയിനുകൾ ഉപയോഗിച്ച് മാർച്ച് മുതൽ പരീക്ഷണയോട്ടം നടക്കുന്നുണ്ട്. എന്നാൽ, ഡിസംബറിൽ പൂർണതോതിൽ സർവീസ് ആരംഭിക്കാൻ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റാഗർ കമ്പനിയിൽ നിന്നു 5 ട്രെയിനുകളെങ്കിലും ലഭിക്കേണ്ടതുണ്ട്.  കഴിഞ്ഞമാസം ആദ്യ ട്രെയിൻ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്പനി വാക്കുപാലിച്ചില്ല.  നവംബറിൽ ആദ്യ ട്രെയിൻ കൈമാറുമെന്നാണ് കമ്പനി അധികൃതർ നിലവിൽ വ്യക്തമാക്കിയിട്ടുള്ളത്.

യാത്രാക്ലേശം കുറയും
 2021 ഡിസംബറിൽ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്ന പാതയാണിത്. ഹൊസൂർ റോഡിലെ തിരക്കിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന പാത ഭാഗികമായെങ്കിലും തുറക്കുന്നതു യാത്രക്കാർക്ക് ഗുണം ചെയ്യും. ഇൻഫോസിസ്, വിപ്രോ ഉൾപ്പെടെ ടെക് പാർക്കുകളും ബൊമ്മസന്ദ്ര വ്യാവസായിക മേഖലയിലേക്കും ഇതോടെ മെട്രോ എത്തും. 

 ഔട്ടർ റിങ് റോ‍ഡും ഹൊസൂർ റോഡും സംഗമിക്കുന്ന സിൽക്ക് ബോർഡിലെ തിരക്കിനും ഇതു പരിഹാരമാകും. റാഗിഗുഡ, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുഡ്‌‌ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബരത്തന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി എന്നിവയാണ് പാതയിലെ മറ്റു സ്റ്റേഷനുകൾ. 

മെട്രോയിലും വേണം,പ്രതിമാസ പാസ്
ബിഎംടിസി ബസുകളിലേതിനു സമാനമായി മെട്രോയിലും പ്രതിമാസ പാസുകൾ അനുവദിക്കണമെന്ന് പി.സി.മോഹൻ എംപി ബിഎംആർസിയോട് ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും ടിക്കറ്റ് നിരക്കിൽ ഇളവ് നൽകണം. അതു യാത്രക്കാരുടെ എണ്ണം വർധിക്കാനും വരുമാനം കൂടാനും സഹായിക്കും. പ്ലാറ്റ്ഫോമുകളിൽ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടണമെന്നും ഫീഡർ സർവീസുകളും വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർദേശങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് ബിഎംആർസി പ്രതികരിച്ചു.

English Summary:

The highly anticipated Electronic City Metro line in Bengaluru will see a partial launch in December, offering some relief to commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com