ADVERTISEMENT

ബെംഗളൂരു∙ ഉത്രാടത്തിനു നാട്ടിലെത്തി ഓണം കെങ്കേമമാക്കാനുള്ള തിരക്കിൽ ബെംഗളൂരു മലയാളികൾ. രാവിലെ മുതൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കായിരുന്നു. ഒടുവിൽ പ്രഖ്യാപിച്ച ഹുബ്ബള്ളി–കൊച്ചുവേളി സ്പെഷൽ ട്രെയിൻ തിങ്ങി നിറഞ്ഞാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് ബെംഗളൂരു വിട്ടത്.

മൈസൂരു–കൊച്ചുവേളി, കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസുകളിൽ ടിക്കറ്റ് ലഭിക്കാതിരുന്നവർക്കു ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴിയുള്ള സ്പെഷൽ ട്രെയിൻ അനുഗ്രഹമായി. ട്രെയിൻ ഉച്ചയ്ക്ക് 2ന് ബെംഗളൂരുവിലെത്തി. ബയ്യപ്പനഹള്ളി, കെആർ പുരം സ്റ്റേഷനുകളിൽ ട്രെയിൻ കയറാൻ മലയാളികളുടെ തിരക്കായിരുന്നു.  4 ജനറൽ കോച്ചുകളിൽ റിസർവേഷൻ ടിക്കറ്റ് ഇല്ലാത്തവരുടെ തിരക്കായിരുന്നു. ഇത്തവണ നേരത്തെ തന്നെ 3 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചതിനാൽ മുൻകൂട്ടി അവധി ലഭിച്ചവർക്ക് നേരത്തെ തന്നെ ടിക്കറ്റെടുക്കാനായി. 

ആശ്വാസമായി കേരള ആർടിസി സ്പെഷലും
കേരള ആർടിസി ഇന്നലെ അവസാന നിമിഷം ഏർപ്പെടുത്തിയ സ്പെഷൽ ബസുകളിൽ പോലും സീറ്റുകൾ ഒഴിവില്ലായിരുന്നു. 58 സ്പെഷൽ സർവീസാണ് ഇന്നലെ മാത്രം നടത്തിയത്. ക‍ർണാടക ആർടിസി 56 സ്പെഷൽ ബസുകൾ ഓടിച്ചു. ഇരു ആർടിസികളും കൂടുതൽ ഇടങ്ങളിലേക്ക് മുൻകൂട്ടി സ്പെഷൽ ബസുകൾ അനുവദിച്ചതിനാൽ സ്വകാര്യ ബസുകൾ അവസാനനിമിഷം കൊള്ള നിരക്ക് ഈടാക്കുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനായി. 

കൊച്ചുവേളി ഗരീബ്‌രഥ് 19ന് പുനരാരംഭിക്കും
യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12257/12258) സർവീസ് 19ന് പുനരാരംഭിക്കും. കൊച്ചുവേളിയിൽ നിന്ന് 20നാണ് മടക്ക സർവീസ്. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ പേരിലാണ് ഒരു മാസക്കാലം സർവീസ് നിർത്തിയത്. പകരം ബയ്യപ്പനഹള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് എസി സ്പെഷൽ സർവീസ് ഏർപ്പെടുത്തിയിരുന്നു. 

സദ്യവട്ടത്തിന് ഒരുക്കങ്ങൾ 
തിരുവോണ സദ്യയൊരുക്കാൻ അവസാനവട്ട ഒരുക്കങ്ങളിലാണ് നഗരത്തിലെ മലയാളികൾ. ഉത്രാടദിനമായ ഇന്ന് മലയാളി കൂട്ടായ്മകളുടെ ഓണച്ചന്തകളിൽ വിഭവങ്ങൾ വാങ്ങാൻ രാവിലെ മുതൽ തിരക്കാരംഭിക്കും. വർഷങ്ങളായി ബെംഗളൂരു നഗരത്തിൽ ഓണമാഘോഷിക്കുന്നവർ മലയാളിത്തനിമയ്ക്ക് കുറവു വരുത്താറില്ല. പച്ചക്കറികൾക്ക് പുറമേ നേന്ത്രപ്പഴം, ചിപ്സ്, ശർക്കരവരട്ടി, പായസം മിക്സ് എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ‌

ഇത്തവണ തിരുവോണം ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം പേർക്കും വീടുകളിൽ തന്നെ ആഘോഷിക്കാൻ കഴിയുമെന്നത് അനുകൂല ഘടകമായി. നഗരത്തിലെ വസ്ത്രവ്യാപാര ഷോറൂമുകളിൽ ഓണക്കോടി വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു. തിരുവോണത്തിന് ശേഷമുള്ള വാരാന്ത്യങ്ങൾ  കേന്ദ്രീകരിച്ചാണ് മലയാളി സംഘടനകളും അപ്പാർട്മെന്റ് കൂട്ടായ്മകളും ഓണാഘോഷം സംഘടിപ്പിക്കുന്നത്.

കന്റോൺമെന്റിൽ 20 മുതൽ ട്രെയിനുകൾ നിർത്തില്ല
കേരളത്തിൽ നിന്നുള്ള 6 ട്രെയിനുകൾ ഉൾപ്പെടെ 44 ട്രെയിനുകൾക്ക് 20 മുതൽ കന്റോൺമെന്റ് സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകില്ല. ഡിസംബർ 20 വരെയാണ് (92ദിവസം) സ്റ്റോപ്പുകൾ താൽക്കാലികമായി ഒഴിവാക്കിയത്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി രണ്ടും മൂന്നും പ്ലാറ്റ്ഫോം പൊളിക്കും. കന്റോൺമെന്റിൽ ഇറങ്ങേണ്ട യാത്രക്കാർ കെഎസ്ആർ ബെംഗളൂരു, കെആർ പുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളെ ആശ്രയിക്കണം. 

സ്റ്റോപ് ഒഴിവാക്കിയ കേരള ട്രെയിനുകൾ 
∙ കെഎസ്ആർ ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12677) 
∙ എറണാകുളം–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12678)
∙ മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315)
∙ കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316) 
∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526)
∙കന്യാകുമാരി –കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525)

English Summary:

This article highlights the mass exodus of Malayalees from Bengaluru to their hometowns in Kerala for Onam celebrations. It details the crowded railway stations and bus terminals, emphasizing the popularity of the special Hubballi-Kochuveli train that provided relief for many ticket seekers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com