ADVERTISEMENT

ബെംഗളൂരു∙ പൂവിളിയും പൂക്കളവുമായി മഹാനഗരവും ഒരുങ്ങി, തിരുവോണത്തെ നെഞ്ചേറ്റാൻ. തലമുറകളുടെ വേർതിരിവില്ലാതെ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കുമായുള്ള ദിനം. ഫ്ലാറ്റുകളിലെ ബാൽക്കണികളിലും വീടുകളുടെ ഇത്തിരിമുറ്റത്തും പൂക്കളമിട്ട് മറുനാടൻ മലയാളിയും ആഘോഷ നിറവിലാണ്. ഓണമാഘോഷിക്കാൻ ആയിരങ്ങൾ നാട്ടിലേക്ക് മടങ്ങിയപ്പോൾ ബെംഗളൂരുവിലുള്ള മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഓണമാഘോഷിക്കാൻ നാട്ടിൽ നിന്നെത്തിയവരും കുറവല്ല. ഞായറാഴ്ചയ്ക്കൊപ്പം തിരുവോണം കൂടി വന്നതോടെ ആഘോഷങ്ങൾക്ക് മാറ്റുകൂടി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അയൽക്കാരെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വീട്ടിലേക്ക് വിളിച്ച് സദ്യ നൽകുന്നവരുമുണ്ട്. വീട്ടിൽ സദ്യയൊരുക്കാൻ കഴിയാത്തവർക്കായി ഹോട്ടലുകളും മറ്റും ഓണസദ്യ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.

തിരുവോണ ദിനമെങ്കിലുംനാടണയാനുള്ള പാച്ചിൽ
പ്രിയപ്പെട്ടവർക്കൊപ്പം സദ്യയുണ്ണാൻ അവസാന നിമിഷം അവധിയൊപ്പിച്ചവരുടെ ഓട്ടപ്പാച്ചിലായിരുന്നു ഉത്രാടദിനമായ ഇന്നലെ. സ്വന്തം കാറുകളിൽ കുടുംബസമേതം നാട്ടിൽ പോകുന്നവർ രാവിലെ തന്നെ പുറപ്പെട്ടു. കേരള കർണാടക ആർടിസികളിലും സ്പെഷൽ ബസുകളിലും യെലഹങ്ക–എറണാകുളം സ്പെഷൽ ഗരീബ്‌രഥ് എക്സ്പ്രസിലുമാണു കൂടുതൽ പേർ മടങ്ങിയത്. കാർപൂളിങ് ആപ് ഉപയോഗിച്ച് നാട്ടിലേക്ക് പോയവരുമുണ്ട്.

അധികം കോച്ച് ലഭിച്ചതുംഅനുഗ്രഹമായി
മലബാറിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന റെയിൽവേയുടെ ആവശ്യം പരിഗണിച്ചില്ലെങ്കിലും അവസാനം പാലക്കാട് വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിൽ അധിക സ്ലീപ്പർ കോച്ച് അനുവദിച്ചതു യാത്രക്കാർക്ക് അനുഗ്രഹമായി. കൊച്ചുവേളിയിലേക്ക് 3, എറണാകുളത്തേക്ക് 1 എന്നിങ്ങനെയാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തിയത്. കേരള, കർണാടക ആർടിസികൾ മലബാർ മേഖലയിലേക്ക് കൂടുതൽ സ്പെഷൽ ബസുകൾ സർവീസ് നടത്തിയത് യാത്രക്ലേശം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിച്ചു.

പെർമിറ്റില്ലാത്ത ബസ് തമിഴ്നാട് തടഞ്ഞു 
ഓണത്തിരക്കു മുതലെടുത്ത് പെർമിറ്റും ഇൻഷുറൻസുമില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് തമിഴ്നാട് തട‍ഞ്ഞതോടെ ഓണമാഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങിയ മലയാളികൾ പെരുവഴിയിലായി. ഉത്രാട തലേന്ന് രാത്രി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട ശ്രീവിനായക ട്രാവൽസിന്റെ 2 ബസുകളാണ് പുലർച്ചെ കൃഷ്ണഗിരിയിൽ തടഞ്ഞത്. പകരം സംവിധാനം ഏർപ്പെടുത്താൻ ബസ് ഏജൻസിക്ക് കഴിഞ്ഞില്ല. ഇതോടെ തമിഴ്നാട് ട്രാൻസ്പോർട്ടിന്റെ എസ്ഇടിസി ബസിൽ പാലക്കാട് അതിർത്തി വരെ യാത്രക്കാരെ എത്തിച്ചു. ഇവിടെ നിന്ന് ഇവിടെ സ്വന്തം നിലയ്ക്ക് നാടുകളിലേക്ക് മടങ്ങി.

വിവിധ ഭാഷക്കാരും ദേശക്കാരും ഒത്തൊരുമിച്ചു താമസിക്കുന്ന അപ്പാർട്മെന്റുകളിൽ വേറിട്ട ആഘോഷമാണ് ഓണക്കാലം സമ്മാനിക്കുന്നത്. നഗരത്തിൽ സ്ഥിരതാമസമാക്കിയ മലയാളികൾ പുതുതലമുറയ്ക്ക് ഓണത്തിന്റെ പഴമയും പാരമ്പര്യവുമാണ് പകർന്നു നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com