ADVERTISEMENT

ബെംഗളൂരു∙ ഓണത്തിന് കേരളത്തിലേക്ക് അനുവദിച്ച സ്പെഷൽ ട്രെയിനുകൾ ദസറ, ദീപാവലി  സീസണിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തം. ദസറ, പൂജാ അവധിക്ക് ഒക്ടോബർ രണ്ടാമത്തെ ആഴ്ചയും  ദീപാവലിക്ക് അവസാന ആഴ്ചയുമാണ് കൂടുതൽ തിരക്ക്. ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് രണ്ടും യെലഹങ്ക–എറണാകുളം റൂട്ടിൽ ഗരീബ് രഥ് എക്സ്പ്രസുമാണ് ഓണത്തിന് അനുവദിച്ചത്. ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊച്ചുവേളിയിലേക്ക് ഉത്രാടത്തലേന്ന് സ്പെഷൽ ട്രെയിനും അനുവദിച്ചിരുന്നു. ഈ ട്രെയിൻ ഉത്രാടദിനത്തിൽ കൊച്ചുവേളിയിൽ നിന്ന് മടങ്ങുകയും ചെയ്തു. ആഴ്ചയിൽ 3 ദിവസം  ബയ്യപ്പനഹള്ളിയിൽ നിന്ന് കൊച്ചുവേളയിലേക്ക് അനുവദിച്ച സ്പെഷൽ എസി എക്സ്പ്രസിന്റെ സർവീസ് ഇന്ന് അവസാനിക്കും. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒരു മാസം താൽക്കാലികമായി നിർത്തലാക്കിയ യശ്വന്തപുര–കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസിന്റെ (12257/12258) സർവീസ് 19ന് പുനരാരംഭിക്കും.

യെലഹങ്ക–എറണാകുളം സ്പെഷൽ നീട്ടിയേക്കും 
ആഴ്ചയിൽ 3 ദിവസമുള്ള യെലഹങ്ക–എറണാകുളം ഓണം സ്പെഷൽ ഗരീബ് രഥ് ട്രെയിൻ സർവീസ് നവംബർ 4 വരെ നീട്ടിയേക്കും. നിലവിൽ ഈ മാസം 19 വരെയാണ് സർവീസ്. സർവീസ് നീട്ടുന്നതിനുള്ള നിർദേശം ‌ ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണ്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുള്ള യെലഹങ്ക–എറണാകുളം സ്പെഷൽ (06102) നവംബർ 4 വരെയും ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലുള്ള എറണാകുളം–യെലഹങ്ക സ്പെഷൽ (06101) നവംബർ 3 വരെയുമാണ് സർവീസ് നീട്ടാൻ പരിഗണിക്കുന്നത്. തേഡ് എസിയ്ക്ക് പുറമെ എസി ചെയർകാർ കോച്ചുകളും സ്പെഷൽ ട്രെയിനിലുണ്ട്. 

ദുരിതമയമായി മടക്കയാത്രയും 
സ്പെഷൽ ബസുകളിലും ട്രെയിനുകളിലും സീറ്റുകൾ കഴിഞ്ഞതോടെ ഓണാഘോഷം കഴി‍ഞ്ഞ് നാട്ടിൽ നിന്നുള്ള  മടക്കയാത്രയും ദുരിതം. തിരുവോണം കഴിഞ്ഞുള്ള മടക്കയാത്ര ഞായറാഴ്ച മുതൽ തന്നെ ആരംഭിച്ചിരുന്നു. തിരക്കുള്ള ഇന്നലെ ഒരു സ്പെഷൽ ട്രെയിൻ പോലും ഇല്ലാത്തതും യാത്രാദുരിതം ഇരട്ടിയാക്കി. കേരള ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് 40–45 സ്പെഷൽ ബസുകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതിലെ ടിക്കറ്റുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽ തീർന്നു. കർണാടക ആർടിസിയുടെ സ്പെഷൽ ബസുകളിലും ടിക്കറ്റുകൾ ബാക്കിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com