ADVERTISEMENT

ബെംഗളൂരു∙ മൂന്നാം ലോക രാജ്യങ്ങളിൽ വർധിച്ചു വരുന്ന വരുമാന അസമത്വത്തിനും ദാരിദ്ര്യത്തിനും കാരണം നവലിബറൽ സാമ്പത്തിക നയങ്ങളാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഫ. പ്രഭാത് പട്നായിക്. നവലിബറൽ കാലഘട്ടം ചെറുകിട തൊഴിലാളികളിൽ നിന്ന് മൂലധന ശക്തികളുടെ കൈകളിലേക്ക് സമ്പത്ത് പുനർവിതരണം ചെയ്യുന്നതിലേക്ക് നയിച്ചു. മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് സ്വതന്ത്ര സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിന് ആഗോള മൂലധന ശക്തികൾ തടസ്സമായി മാറുകയാണ്. മുതലാളിത്തം ചെറുകിട ഉൽപാദന അവസരങ്ങൾ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാം ലോക രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തോടെയുള്ള സാമ്പത്തിക നയരൂപീകരണം മാത്രമാണ് ഈ പ്രശ്നത്തിനുള്ള ഏക പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ തൊഴിൽ ഉൽപാദനക്ഷമത ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും, കൂലി നിരക്ക് ആനുപാതികമായി വർധിച്ചിട്ടില്ല. ഇത് നവലിബറൽ കാലഘട്ടത്തിൽ തൊഴിൽരഹിത സാമ്പത്തിക വളർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസം മനുഷ്യസ്വാതന്ത്ര്യത്തിനായുള്ള പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി യശ്വന്ത്പുർ ക്യാംപസിൽ ഇക്കണോമിക്‌സ് വിഭാഗം സംഘടിപ്പിച്ച ‘സ്‌കോളർ ഇൻ റെസിഡൻസ് പ്രോഗ്രാമിന്റെ’ ഭാഗമായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രഭാത് പട്‌നായിക്കിന്റെ പുതിയ പുസ്തകം ‘ബിയോണ്ട് ലിബറലിസം’ ചടങ്ങിൽ പ്രകാശനം ചെയ്തു. ക്യാംപസ് ഡയറക്ടർ ഫാ. ബെന്നി തോമസ്, അസോസിയേറ്റ് ഡയറക്ടർ ഫാ. കെ.സി.ബിജു, ഡീൻ ഡോ. ജോബി തോമസ്, ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. വിനീത് മോഹൻദാസ്, ഇക്കണോമിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എം.പിജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

Renowned economist Prof. Prabhat Patnaik argues that neoliberal economic policies are responsible for the growing gap between the rich and poor in developing countries. He criticizes the influence of global capital, advocates for independent economic policies, and proposes socialism as a path towards human freedom.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com