ADVERTISEMENT

ചെന്നൈ ∙ ബീച്ച്– താംബരം– ചെങ്കൽപെട്ട് റൂട്ടിൽ നാളെ മുതൽ സബേർബൻ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കുന്നതോടെ നഗരവാസികളുടെ യാത്രാദുരിതം ഇരട്ടിയാകും. താംബരം യാഡിലെ നവീകരണ പ്രവർത്തനങ്ങൾക്കായാണ് സർവീസുകൾ റദ്ദാക്കുന്നത്. ഓഗസ്റ്റ് 14 വരെ 3 ആഴ്ചത്തേക്കാണ് ബീച്ച്– ചെങ്കൽപെട്ട്, ബീച്ച്– താംബരം, ബീച്ച്– ഗുഡുവാഞ്ചേരി, താംബരം– ബീച്ച്, ചെങ്കൽപെട്ട്– ഗുമ്മിഡിപൂണ്ടി, കാഞ്ചീപുരം– ചെന്നൈ, തിരുമാൽപുർ– ബീച്ച്, ഗുഡുവാഞ്ചേരി– ബീച്ച് സെക്‌ഷനുകളിൽ ഓടുന്ന 55 സബേർബൻ ട്രെയിനുകൾ റദ്ദാക്കുന്നത്. ഇവയ്ക്കു പകരമായി ബീച്ച്– പല്ലാവരം, പല്ലാവരം– ബീച്ച്, ചെങ്കൽപെട്ട്– ഗുഡുവാഞ്ചേരി റൂട്ടുകളിൽ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല്ലാവരം– ഗുഡുവാഞ്ചേരി ഭാഗത്തെ തുടർയാത്രകൾക്ക്, പകരം സംവിധാനങ്ങൾ തേടേണ്ട അവസ്ഥയിലാണ് തെക്കൻ ചെന്നൈയിലെ യാത്രക്കാർ.

ക്രോംപെട്ട് മുതൽ തെക്കോട്ടുള്ള റൂട്ടിൽ യാത്രക്കാർ വലയും
ബീച്ച്– പല്ലാവരം റൂട്ടിൽ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ പ്രദേശത്തെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായേക്കില്ല. എന്നാൽ തെക്കോട്ടു ക്രോംപെട്ട്, താംബരം, പെരുങ്കളത്തൂർ, വണ്ടല്ലൂർ, ഊരപ്പാക്കം, ഗുഡുവാഞ്ചേരി, പോത്തേരി, കാട്ടാങ്കുളത്തൂർ, മരൈമലൈനഗർ, സിംഗപെരുമാൾ കോവിൽ, പരാനൂർ, ചെങ്കൽപെട്ട് തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള സബേർബൻ ട്രെയിനുകളെ ആശ്രയിച്ച് യാത്ര നടത്തുന്നവരെ സർവീസ് റദ്ദാക്കൽ വലയ്ക്കും. ഇവിടങ്ങളിൽ നിന്ന് വിദ്യാർഥികളും ഓഫിസ് ജീവനക്കാരുമായ പതിനായിരക്കണക്കിനാളുകളാണ് സബേർബൻ ട്രെയിനുകളിൽ നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. 

കിലാമ്പാക്കത്ത് എത്തിപ്പെടാനും ബുദ്ധിമുട്ടും
കിലാമ്പാക്കത്ത് പുതിയ ബസ് ടെർമിനസ് ആരംഭിച്ചതോടെ നഗരവാസികൾക്ക് ഇവിടേക്ക് എത്തിപ്പെടാനുള്ള പ്രധാന യാത്രാമാർഗമായി സബേർബൻ ട്രെയിനുകൾ മാറിയിരുന്നു. തെക്കൻ ജില്ലകളിലേക്കുള്ള ദീർഘദൂര ബസുകളുടെ പ്രവർത്തനം പൂർണമായും ഇങ്ങോട്ടു മാറ്റിയതിനാൽ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ കിലാമ്പാക്കത്ത് എത്തണമെന്ന സ്ഥിതിയാണുള്ളത്. ‍ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും അടക്കം ഈ മേഖലയിൽ തിരക്കു വർധിക്കാനും പുതിയ ബസ് ടെർമിനസ് കാരണമായിട്ടുണ്ട്. 

എന്നാൽ, സബേർബൻ സർവീസ് റദ്ദാക്കപ്പെട്ടതോടെ പാസഞ്ചർ ട്രെയിനിൽ പല്ലാവരത്തിറങ്ങുന്നവർ അവിടെ നിന്ന് ബസിലോ ഓട്ടോകളിലോ ടാക്സികളിലോ കിലാമ്പാക്കത്തെത്തേണ്ടി വരും. ദീർഘദൂരയാത്ര നടത്തുന്നവർക്ക് ലഗേജ് ഉണ്ടാകുമെന്നതിനാൽ ബസുകൾ മാറിക്കയറി ബസ് ടെർമിനസിൽ എത്തിപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കൃത്യസമയത്ത് എത്തിയില്ലെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്ത ബസുകളിൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നും വരും. 

മറ്റ് സംവിധാനങ്ങളില്ല; പരാതിയുമായി യാത്രക്കാർ
ബീച്ചിൽ നിന്ന് പല്ലാവരം വരെ പ്രഖ്യാപിച്ചിട്ടുള്ള പാസഞ്ചർ സ്പെഷലുകളെ പകരം സംവിധാനമെന്ന് പറയാനാകില്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഈ മേഖലയിലുള്ളവരുടെ യാത്രയ്ക്കു മാത്രമാണ് ഈ സർവീസുകൾ ഉതകുക. മറ്റിടങ്ങളിലെ യാത്രക്കാരെ റെയിൽവേ കണക്കിലെടുത്തില്ലെന്നാണ് ആക്ഷേപം.

എംടിസിയുമായി ചേർന്ന് കൂടുതൽ ബസ് സർവീസുകൾ നടത്താൻ സാധിച്ചാൽത്തന്നെ യാത്രക്കാരുടെ ദുരിതം കുറയും. എന്നാൽ ഇത്തരത്തിലുളള സംവിധാനങ്ങൾ ഫലപ്രദമായി ഒരുക്കാൻ റെയിൽവേ അധികൃതരോ, പ്രത്യേക സർവീസുകൾ നടത്താൻ എംടിസിയോ തയാറായിട്ടില്ല. ഈ റൂട്ടിൽ നിലവിൽ ഓടുന്ന എംടിസി ബസുകൾ തന്നെ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. പ്രവൃത്തിദിവസങ്ങളിലെ അധിക തിരക്ക് കൈകാര്യം ചെയ്യാൻ എംടിസി സർവീസുകൾ അപര്യാപ്തമാണ്. 

ചെങ്കൽപെട്ട്– പല്ലാവരം റൂട്ടിലും നഗരത്തിന്റെ ഇതരഭാഗങ്ങളിൽ നിന്ന് താംബരം, കിലാമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലേക്കും അധിക ബസ് സർവീസുകൾ പ്രഖ്യാപിക്കാൻ അധികൃതർ തയാറാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. 

  റദ്ദാക്കുന്ന സബേർബൻ സർവീസുകൾ ഇവയൊക്കെ
∙ ചെന്നൈ ബീച്ചിൽ നിന്ന് ചെങ്കൽപെട്ടിലേക്ക് രാവിലെ 9.30 മുതൽ 12.20 വരെയുള്ള സർവീസുകൾ

∙ ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്ക് രാവിലെ 9.40 മുതൽ 12.50 വരെയുള്ള സർവീസുകൾ

∙ ചെന്നൈ ബീച്ചിൽ നിന്ന് ഗുഡുവാഞ്ചേരിയിലേക്ക് രാത്രി 7.19 മുതൽ 11.59 വരെയുള്ള സർവീസുകൾ

∙ താംബരത്ത് നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 10.30 മുതൽ 1.30 വരെയും രാത്രി 11.40നുമുള്ള സർവീസുകൾ

∙ ചെങ്കൽപെട്ടിൽ നിന്ന് ഗുമ്മിഡിപൂണ്ടിയിലേക്ക് രാവിലെ 10നുള്ള സർവീസ്

∙ കാഞ്ചീപുരത്തു നിന്ന് ചെന്നൈ ബീച്ചിലേക്ക് 9.30ന് പുറപ്പെടുന്ന സർവീസ്

∙ ചെങ്കൽപെട്ടിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 11നും 11.30നും 12നുമുള്ള സർവീസുകൾ

∙ തിരുമാൽപുരിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 11.05ന് പുറപ്പെടുന്ന സർവീസ്

∙ ഗുഡുവാഞ്ചേരിയിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 8.55 മുതൽ 11.20 വരെയുള്ള സർവീസുകൾ

∙ ചെങ്കൽപെട്ടിൽ നിന്ന് ബീച്ചിലേക്ക് രാത്രി 11നുള്ള സർവീസ്

ചെന്നൈ ബീച്ചിനും  പല്ലാവരത്തിനുമിടയിലെ പാസഞ്ചർ സ്പെഷൽ ട്രെയിന്‍ സർവീസ്
∙ പല്ലാവരത്തു നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 1.40 വരെ സ്പെഷൽ സർവീസുകൾ ഉണ്ടാകും 

∙ ഗുഡുവാഞ്ചേരി– ചെങ്കൽപെട്ട് റൂട്ടിൽ രാവിലെ 10.45 മുതൽ ഉച്ചയ്ക്ക് 1.55 വരെയും രാത്രി 11.55നും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും

∙ ചെങ്കൽപെട്ടിൽ നിന്ന് ഗുഡുവാഞ്ചേരിയിലേക്ക് രാവുലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും രാത്രി 11നും പ്രത്യേക സർവീസ് നടത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com