ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ അമ്മൻ ക്ഷേത്രങ്ങളിൽ ആടിമാസ പൂജകൾക്ക് അരളിയടക്കമുള്ള പൂക്കൾ ധാരാളമായി ഉപയോഗിക്കുമ്പോഴും മലയാളി ക്ഷേത്രങ്ങളിൽ ഏറ്റവും ഡിമാൻഡ് തെച്ചിപ്പൂവുകൾക്കു തന്നെ. തെച്ചിക്കു പുറമേ തുളസിക്കതിരും പൂവുമാണ് അയ്യപ്പ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്നു മഹാലിംഗപുരം ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.കെ.സുനിൽ കുമാർ പറഞ്ഞു. ഭക്തർക്കു നൽകുന്ന പ്രസാദത്തിലും തെച്ചിപ്പൂവും തുളസിയുമാണ് ഉണ്ടാകുക. വിഷാംശമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അരളിയുടെ ഉപയോഗം പൂർണമായും നിർത്തി.പ്രതിദിനം 10 കിലോ പൂക്കളാണ് ക്ഷേത്രത്തിലെ പൂജകൾക്കും മറ്റുമായി ആവശ്യമുള്ളത്. മാലകൾ കെട്ടാൻ ജമന്തി അടക്കമുള്ള മറ്റു പൂവുകളും ഉപയോഗിക്കും. ക്ഷേത്ര ദർശനത്തിന് എത്തുന്ന വനിതകളും തുളസിക്കതിർ ചൂടിയാണു വരിക. വിശേഷ ദിവസങ്ങളിലും കല്യാണം പോലുള്ള ചടങ്ങുകൾക്കും എത്തുന്നവർ മുല്ലപ്പൂമാല ചൂടി എത്തുന്നതും ക്ഷേത്രങ്ങളിലെ സ്ഥിരം കാഴ്ചയാണ്.

ആടി മാസം ആരംഭിച്ചതോടെ നഗരത്തിൽ പൂക്കൾക്കു ഡിമാൻഡ് കൂടിയിട്ടുണ്ട്. തമിഴ് സംസ്കാരത്തിന്റെ മുഖമുദ്രകളിലൊന്നായ അമ്മൻ കോവിലുകളിൽ കൂടുതൽ ഭക്തി അനുഷ്ഠാനങ്ങൾ നടക്കുന്ന നാളുകളാണ് ആടി മാസം. എല്ലാ വ്യാഴം,വെള്ളി ദിവസങ്ങളിലും ക്ഷേത്രങ്ങൾ അലങ്കരിക്കുകയും പൂജകൾ നടത്തുകയും ചെയ്യും. വെള്ളി, ശനി ദിവസങ്ങളിലാണ് പാൽക്കുടമേന്തിയുള്ള ഘോഷയാത്രകളും ശൂലം കുത്തിയുള്ള പ്രായശ്ചിത്ത കർമങ്ങളും നടത്തുന്നത്. ഈ ചടങ്ങുകളിലെല്ലാം വിവിധ തരം പൂക്കൾ ഉപയോഗിക്കുന്നതിനാൽ പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണു ദിവസവും വേണ്ടത്. ഭക്തർ വീടുകളിൽ നടത്തുന്ന പ്രത്യേക പൂജകൾക്കും പൂക്കൾ വേണം.

ചടങ്ങുകൾ കൂടുതലുള്ള വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലാണു പൂക്കൾക്ക് ആവശ്യക്കാരേറെയെന്നു കോയമ്പേട് പൂ മാർക്കറ്റിൽ കച്ചവടം നടത്തുന്ന മഹേന്ദ്രൻ പറഞ്ഞു. മാർക്കറ്റിൽ കൂടുതൽ എത്തുന്നത് അരളിപ്പൂവാണ്. പൂക്കൃഷിയുള്ള സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ ആടി മാസത്തിൽ മറ്റു പൂക്കളുടെ വരവ് കുറവാണ്.

ഹൊസൂരിൽ നിന്നാണ് ചെന്നൈയിലേക്ക് കൂടുതൽ പൂവെത്തുന്നത്. ആവണി മാസമാകുന്നതോടെ ജമന്തി ധാരാളമായി എത്തും. സീസണിൽ സാധാരണ 25 മുതൽ 30 ലോഡ് പൂക്കൾ വരെ കോയമ്പേട് മാർക്കറ്റിൽ എത്താറുണ്ട്. ഇപ്പോൾ 10 – 15 ലോഡ് പൂക്കളാണ് ശരാശരി എത്തുന്നത്. ഉൽപന്നങ്ങളുടെ വരവ് കുറയുന്നതും വില വർധിക്കാൻ കാരണമായതായി മഹേന്ദ്ര‍ൻ പറഞ്ഞു. ആടി മാസത്തിലെ വെള്ളിയാഴ്ചകളിൽ വീട്ടിൽ പ്രത്യേക പൂജകൾ നടത്താൻ ആവശ്യമായ പൂക്കൾ ബുധനാഴ്ച തന്നെ വാങ്ങി ഫ്രിജിൽ വയ്ക്കുകയാണു പതിവെന്ന് ഊരപ്പാക്കം സ്വദേശി ബി.ശിങ്കാരവേലൻ പറഞ്ഞു. വ്യാഴാഴ്ചയായാൽ പൂക്കൾക്ക് വില കൂടുന്നതിനാലാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com