ADVERTISEMENT

ചെന്നൈ ∙ വാഹന പരിശോധനയുടെ മറവിൽ കൈക്കൂലി വാങ്ങാ‍ൻ ‘തുണിസഞ്ചി രീതി’ പരീക്ഷിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. വെപ്പേരി ട്രാഫിക് പൊലീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ അടക്കം 3 ഉദ്യോഗസ്ഥരെയാണ് അഡീഷനൽ കമ്മിഷണർ സുധാകർ സസ്പെൻഡ് ചെയ്തത്. ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാതിരിക്കാനാണ് ട്രാഫിക് പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടത്.

വാഹന പരിശോധന നടക്കുന്നതിനടുത്ത് പാർക്ക് ചെയ്ത ഇരുചക്ര വാഹനത്തിൽ തൂക്കിയിട്ട തുണിസഞ്ചിയിൽ കൈക്കൂലി പണം നിക്ഷേപിക്കാനായിരുന്നു നിർദേശം. ആളുകൾ പണം സഞ്ചിയിലിടുന്നതിന്റെയും പരിശോധന പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർ പണമടങ്ങുന്ന സഞ്ചിയുമായി പോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണു നടപടി.

കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മറ്റു പണി അന്വേഷിക്കാമെന്ന് അഡീഷനൽ കമ്മിഷണർ വാക്കി ടോക്കിയിലൂടെ നഗരത്തിലെ ട്രാഫിക് പൊലീസിന് പരസ്യമായി മുന്നറിയിപ്പും നൽകി. സേനയ്ക്കാകെ അവമതിപ്പുണ്ടാക്കുന്ന നടപടികളിൽ ഏർപ്പെടുന്നവരെ ഉടനടി സസ്പെൻഡ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അഡീ. കമ്മിഷണർ പറഞ്ഞു. ഇക്കാര്യത്തിൽ അസിസ്റ്റന്റ് കമ്മിഷണർമാരും ഡപ്യൂട്ടി കമ്മിഷണർമാരും അടിയന്തര നടപടികൾ സ്വീകരിക്കണം. ഇതിനു തയാറാകാത്ത അസി. കമ്മിഷണർമാർക്കും ഡപ്യൂട്ടി കമ്മിഷണർമാർക്കുമെതിരെ  നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com