ADVERTISEMENT

ചെന്നൈ ∙ നഗരത്തിൽ ഡെങ്കിപ്പനി വർധിച്ചു വരുന്നെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ചെന്നൈയും കോയമ്പത്തൂരും ഹോട്സ്പോട്ടുകളായി മാറിയതായി ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. ഇടവിട്ടു പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പതിവിനു വിരുദ്ധമായി അന്തരീക്ഷ താപനിലയിലുണ്ടായ കുറവും നഗരത്തിൽ പകർച്ചപ്പനി വ്യാപിക്കാൻ കാരണമാകുന്നു. എച്ച്1എൻ1 പോലുള്ള രോഗങ്ങളും വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ട്. വൈറൽ പനികളും ജലദോഷം, കഫക്കെട്ട് തുടങ്ങിയവയും വ്യാപകം. നഗരത്തിലെ സ്കൂളുകളിൽ പനി ബാധിച്ച് അവധിയെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചതായി വിദ്യാഭ്യാസ പ്രവർത്തകരും പറയുന്നു.

വില്ലനായി മഴയും കൊതുകും
നഗരത്തിലെ കാലാവസ്ഥയാണ് കൊതുകു വർധനയ്ക്ക് പ്രധാന കാരണം. പല പ്രദേശങ്ങളിലും മഴവെള്ള ഓട നിർമാണം പാതി വഴിയിൽ നിൽക്കുന്നതും വെള്ളക്കെട്ടിനും കൊതുകു വർധിക്കാനും കാരണമാകുന്നു. ഓട നിർമാണത്തിന് എടുത്ത കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് നഗരത്തിലെ പതിവു കാഴ്ചയായി. മിക്ക പ്രദേശങ്ങളിലും മലിന ജലവും ഇതിൽ കലരുന്നുണ്ട്. മഴ തുടരുന്നതിനാൽ കൊതുകു ശല്യം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇതു ഡെങ്കി വലിയ തോതിൽ വ്യാപിക്കാൻ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ശുദ്ധജലം സൂക്ഷിക്കാൻ സുരക്ഷിത വഴിയില്ല
ഡെങ്കിപ്പനി പരത്താൻ കാരണമാകുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്നവയാണ്. അതിനാൽ വീടുകളിലും പരിസരങ്ങളിലും തുറന്ന നിലയിൽ ശുദ്ധജലം സൂക്ഷിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫ്രിജുകളുടെ അടിയിൽ ഊറുന്ന ജലം പോലും അപകട കാരണമാകാം. ശുദ്ധജലം തുറന്നു വയ്ക്കരുത്. വീടിനു സമീപത്ത് ചെറു പാത്രങ്ങളിലും പ്ലാസ്റ്റിക്കിലുമെല്ലാം മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ജലത്തിൽ കൊതുകുകൾ വളരുന്നില്ലെന്ന് ഉറപ്പാക്കണം.

വീട്ടിൽ ആർക്കു പനി ബാധിച്ചാലും നിസ്സാരമായി കാണുകയോ സ്വയം ചികിൽസകൾക്ക് മുതിരുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കുകയും നിർദേശിക്കുന്ന പരിശോധനകൾ നടത്തുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

കോർപറേഷൻ, ടാങ്കറുകളിൽ വിതരണം ചെയ്യുന്ന വെള്ളം വീപ്പകളിൽ സൂക്ഷിക്കേണ്ടി വരുന്നതാണ് പല പ്രദേശങ്ങളിലും കൊതുക് വർധിക്കാൻ കാരണമെന്ന് നഗരവാസികൾ ആരോപിക്കുന്നു. പൈപ്പ് വഴിയുള്ള ശുദ്ധജല വിതരണം ഇല്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് മറ്റു മാർഗങ്ങൾ ഇല്ലതാനും. പലയിടങ്ങളിലും മലിനജല നിർമാർജന സംവിധാനമില്ലാത്തത് പകർച്ചവ്യാധി ഭീഷണിക്കു കാരണമാകുന്നുണ്ട്.

അതിതീവ്ര മഴ ആപത്ത്
നഗരത്തിൽ മഴയുടെ രീതികളിൽ മാറ്റം വന്നതായി കാലാവസ്ഥാ വിദഗ്ധർ.  ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന മഴക്കാലം മാറി ചുരുങ്ങിയ കാലയളവിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന രീതിയാണ് ഏതാനും വർഷങ്ങളായി കണ്ടു വരുന്നത്. 2011 മുതലുള്ള മഴയുടെ അളവും രീതിയും വിശകലനം ചെയ്തു നടത്തിയ പഠനത്തിലാണ് നഗരത്തിലെ മഴയുടെ രീതിയിൽ വന്ന മാറ്റം സംബന്ധിച്ച വിശദീകരണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്ന ഈ പ്രതിഭാസം അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമാകുന്നു. 24 മണിക്കൂറിൽ 10 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്താൽ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകും. മഴവെള്ള ഓട നിർമാണം പൂർത്തിയായ ഇടങ്ങളിലും സ്ഥിതി മെച്ചമല്ല. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാണെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. 

ഊർജിതം പ്രതിരോധ നടപടികൾ
ഡെങ്കിപ്പനി വർധിച്ചതോടെ പ്രതിരോധ നടപടി ശക്തമാക്കി കോർപറേഷൻ. വീടുകളിലും മറ്റും കൊതുകു നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇടുങ്ങിയ വഴികളിലും ജനം തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലുമടക്കം ഫോഗിങ് നടത്തിയാണു കൊതുകുകളെ തുരത്തുന്നത്. നഗരത്തിലെ കനാലുകളിലും തടാകങ്ങളിലും ഡ്രോൺ ഉപയോഗിച്ചാണു കൊതുകുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നത്.

സംസ്ഥാനത്ത് ഈ വർഷം ജൂലൈ 24 വരെയുള്ള കണക്ക് പ്രകാരം 6,565 പേർക്ക് ഡെങ്കി ബാധിച്ചു. 3 പേർ മരിച്ചു. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 476 മൊബൈൽ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് 805 മെഡിക്കൽ സംഘങ്ങളും പ്രവർത്തിക്കുന്നു. ഒരു തെരുവിൽ 3 ആളുകളിൽ കൂടുതൽ പേർക്ക് പനി ബാധിച്ചാൽ അവിടെ പ്രത്യേക രോഗ പരിശോധനാ ക്യാംപ് നടത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ വിവരങ്ങൾ ആശുപത്രികളിൽ നിന്ന് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. കൃഷ്ണഗിരി, തിരുപ്പത്തൂർ, തേനി, മധുര, തിരുനെൽവേലി, നാമക്കൽ, തഞ്ചാവൂർ തുടങ്ങിയ ജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com