ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ നാലാം റെയിൽവേ ടെർമിനലായി പെരമ്പൂരിനെ വികസിപ്പിക്കുമെന്ന പ്രഖ്യാപനം വന്നിട്ടും മൂന്നാം ടെർമിനലായ താംബരത്ത് അടിസ്ഥാനസൗകര്യങ്ങൾ പോലും സജ്ജമാക്കാതെ റെയിൽവേയുടെ അനാസ്ഥ. 2016ൽ പ്രഖ്യാപിച്ച മൂന്നാം ടെർമിനൽ 8 വർഷങ്ങൾക്കു ശേഷവും യാഥാർഥ്യമായിട്ടില്ല. ഇതിനിടെയാണു നാലാം ടെർമിനൽ നിർമിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഇതു വില്ലിവാക്കത്ത് നടപ്പാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട്, പെരമ്പൂരിലായിരിക്കും നാലാം ടെർമിനലെന്നു ദക്ഷിണ റെയിൽവേ അറിയിക്കുകയായിരുന്നു.

പ്രഖ്യാപനത്തിൽ ഒതുങ്ങി താംബരം ടെർമിനൽ
പ്രഖ്യാപനത്തിനപ്പുറം കാര്യമായ നടപടികളൊന്നും താംബരം ടെർമിനലിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. 4 വർഷങ്ങൾക്കു ശേഷം 2020ലാണു വിശദമായ പദ്ധതിരേഖ തയാറാക്കാനുള്ള കരാർ പോലും നൽകിയത്. 43 ലക്ഷത്തിലേറെ രൂപയ്ക്കു കരാറെടുത്ത കമ്പനിയാകട്ടെ ഇതിനകം തയാറാക്കിയതു ടെർമിനൽ കെട്ടിടത്തിന്റെ നവീകരണ രൂപരേഖ മാത്രമാണ്. പ്രതിദിനം 3 ലക്ഷത്തിലേറെ യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റേഷനിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല.

സെൻട്രൽ കഴിഞ്ഞാൽ മലയാളി യാത്രക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്റ്റേഷനാണു താംബരം. മദ്രാസ് ക്രിസ്ത്യൻ കോളജ്, താംബരം എയർഫോഴ്സ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ആളുകളാണു താംബരം സ്റ്റേഷനെ ആശ്രയിച്ചു യാത്ര ചെയ്യുന്നത്. ഗുരുവായൂർ എക്സ്പ്രസും അനന്തപുരി എക്സ്പ്രസും ഉൾപ്പെടെ, തെക്കൻ കേരളത്തിലേക്കുള്ള മലയാളി യാത്രക്കാർ സ്ഥിരമായി യാത്ര ചെയ്യുന്ന ട്രെയിനുകളാണ് ഇവിടെ നിന്നു പുറപ്പെടുന്നത്.

നഗരത്തിലേക്കുള്ള പ്രവേശന കവാടം
സംസ്ഥാനത്തിന്റെ തെക്കൻ മേഖലകളിൽനിന്ന് നഗരത്തിലേക്ക് എത്തുന്നവരുടെ പ്രവേശനകവാടമാണ് താംബരം. തെക്കൻ പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകളെല്ലാം കടന്നുപോകുന്ന പ്രധാന സ്റ്റേഷനെന്ന നിലയിൽ, എഗ്‌മൂർ ടെർമിനലിലെ തിരക്കു കുറയ്ക്കാൻ കൂടി ലക്ഷ്യമിട്ടാണു മൂന്നാം ടെർമിനലായി താംബരത്തെ വികസിപ്പിക്കാൻ പദ്ധതിയിട്ടത്. പുതിയ ടെർമിനൽ വികസിപ്പിക്കുന്നതോടെ, എഗ‌്മൂറിൽ നിന്ന് ആരംഭിക്കുന്ന ഒട്ടേറെ സർവീസുകൾ താംബരത്തേക്ക് മാറ്റാനും സാധിക്കും.

താംബരത്തിനു സമീപത്തായി കിലാമ്പാക്കത്ത് പുതിയ ബസ് ടെർമിനസ് കൂടി ആരംഭിച്ചതോടെ താംബരം റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം വർധിച്ചു. ദീർഘദൂര ബസുകളിൽ യാത്ര ചെയ്യേണ്ടവർക്ക് താംബരത്ത് എത്തിയ ശേഷം കിലാമ്പാക്കത്തേക്കു പോകാനാകും. താംബരത്തു നിന്ന് ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് ബസിൽ എത്തുന്നവർക്കു തുടർയാത്രാ സൗകര്യമൊരുക്കും. പ്രതിവർഷം 7 കോടിയിലധികം യാത്രക്കാരാണ് താംബരം സ്റ്റേഷൻ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. ഏകദേശം 233 കോടി രൂപയുടെ വരുമാനമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. എന്നിട്ടും അടിസ്ഥാനസൗകര്യങ്ങളായ എസ്കലേറ്റർ, നടപ്പാലം, റാംപുകൾ, ബാറ്ററി വാഹനങ്ങൾ തുടങ്ങിയവയൊന്നും ഇവിടെ ആവശ്യത്തിനില്ല. മുതിർന്ന പൗരന്മാരടക്കമുള്ളവർ പ്ലാറ്റ്ഫോമുകളിലെത്താൻ കഷ്ടപ്പെടുന്നത് സ്ഥിരംകാഴ്ചയായി മാറിക്കഴിഞ്ഞു. എയർകണ്ടിഷൻ ചെയ്ത കാത്തിരിപ്പു കേന്ദ്രം, ഭക്ഷ്യശാലകൾ, വൈദ്യസഹായ കേന്ദ്രം, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, സിസിടിവി ക്യാമറകൾ തുടങ്ങിയവയും ഒരുക്കാൻ അധിക‍ൃതർക്കു സാധിച്ചിട്ടില്ല.

പദ്ധതി മേൽനോട്ടം പരിതാപകരം
പ്ലാറ്റ്ഫോമുകളിലെത്താൻ സബേർബൻ യാത്രക്കാരും ദീർഘദൂര യാത്രക്കാരും ഒരുപോലെ ഉപയോഗിക്കുന്ന പഴയ നടപ്പാലം എപ്പോഴും തിരക്കേറിയ നിലയിലാണ്. 2 വർഷം മുൻപ് ആരംഭിച്ച പുതിയ നടപ്പാലത്തിന്റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ശരിയായ മേൽനോട്ടമില്ലാത്തതാണു പദ്ധതികൾ സമയത്ത് പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ പ്രധാനകാരണം. 5, 6, 7, 8 പ്ലാറ്റ്ഫോമുകളിലാണ് ദീർഘദൂര ട്രെയിനുകൾ നിർത്തുന്നത്. ഇവിടെയെത്താൻ മിക്കവരും ബുദ്ധിമുട്ടുകയാണ്. പ്ലാറ്റ്ഫോമുകൾക്ക് വീതിയില്ലാത്തതും ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഇല്ലാത്തതും പോരായ്മയാണ്.

കിഴക്കു ഭാഗത്തെ വേളാച്ചേരി റോഡിൽ നിന്ന് സ്റ്റേഷനിലേക്കെത്തുന്നതും ശ്രമകരമാണ്. സ്ഥലലഭ്യത ആവശ്യത്തിനുണ്ടായിട്ടും ഈ ഭാഗത്ത് യാത്രക്കാർക്കായി സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയാറായിട്ടില്ല. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ ഇത്തരം പരിമിതികളെല്ലാം മാറുമെന്ന പ്രതീക്ഷയും ഇപ്പോൾ ഇല്ലാതായെന്ന് യാത്രക്കാർ പറയുന്നു.

വരുന്നു, 2 പുതിയ പ്ലാറ്റ്ഫോമുകൾ
സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി മെയിൽ എക്സ്പ്രസ് ട്രെയിനുകൾക്കായി 2 പുതിയ പ്ലാറ്റ്ഫോമുകൾ നിർമിക്കാൻ തുടങ്ങിയെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 14 വരെ സബേർബൻ സർവീസുകൾ റദ്ദാക്കുന്നത്. സ്റ്റേഷനിലെ തിരക്കു കുറയ്ക്കാൻ പുതിയ പ്ലാറ്റ്ഫോമുകൾ സഹായിക്കും. 7, 8 പ്ലാറ്റ്ഫോമുകളുടെ വീതി കൂട്ടുന്ന ജോലികളും ഇതോടൊപ്പം നടക്കുന്നുണ്ട്.

ഇന്നുമുതൽ നിയന്ത്രണം
താംബരം സ്റ്റേഷനിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് ആരംഭിക്കും. താംബരം വഴി കടന്നുപോകുന്ന അൻപതിലേറെ സർവീസുകളാണ് റദ്ദാക്കുക. പകരം ചെന്നൈ ബീച്ച്– പല്ലവാരം റൂട്ടിലും ചെങ്കൽപെട്ട്– ഗുഡുവാഞ്ചേരി റൂട്ടിലും പാസഞ്ചർ സ്പെഷൽ സർവീസുകൾ ഉണ്ടാകും. ഇന്നും നാളെയും നിയന്ത്രണങ്ങളുണ്ടാകും. പിന്നീട് ഓഗസ്റ്റ് 2 മുതൽ 14 വരെയാണ് ട്രെയിനുകൾ റദ്ദാക്കുക. ഗുഡുവാഞ്ചേരി– പല്ലവാരം റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും ഓഗസ്റ്റ് 2 മുതൽ 14 വരെയും റദ്ദാക്കുന്ന സർവീസുകൾ
– ചെന്നൈ ബീച്ചിൽ നിന്ന് ചെങ്കൽപെട്ടിലേക്ക് രാവിലെ 9.30 മുതൽ 12.20 വരെയുള്ള സർവീസുകൾ
– ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്ക് രാവിലെ 9.40 മുതൽ 12.50 വരെയുള്ള സർവീസുകൾ
– ചെന്നൈ ബീച്ചിൽ നിന്ന് ഗുഡുവാഞ്ചേരിയിലേക്ക് രാത്രി 7.19 മുതൽ 11.59 വരെയുള്ള സർവീസുകൾ
– താംബരത്ത് നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും രാത്രി 11.40നുമുള്ള സർവീസുകൾ
– ചെങ്കൽപെട്ടിൽ നിന്ന് ഗുമ്മിഡിപൂണ്ടിക്ക് രാവിലെ 10നുള്ള സർവീസ്
– കാഞ്ചീപുരത്ത് നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 9.30ന് പുറപ്പെടുന്ന സർവീസ്
– ചെങ്കൽപെട്ടിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 11നും 11.30നും 12നുമുള്ള സർവീസുകൾ
– തിരുമാൽപുരിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 11.05ന് പുറപ്പെടുന്ന സർവീസ്
– ഗുഡുവാഞ്ചേരിയിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് രാവിലെ 8.55 മുതൽ 11.20 വരെയുള്ള സർവീസുകൾ
– ചെങ്കൽപെട്ടിൽ നിന്ന് ബീച്ചിലേക്ക് രാത്രി 11നുള്ള സർവീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com