ADVERTISEMENT

ചെന്നൈ ∙ ട്രാഫിക് സിഗ്‌നലിൽ ഹോണടിച്ച് ‘വിരട്ടാൻ’ ശ്രമിക്കുന്ന വാഹനയാത്രക്കാർക്കു റെ‍‍ഡ് സിഗ്‌നൽ കുരുക്കുമായി ചെന്നൈ ട്രാഫിക് പൊലീസ്. വാഹനങ്ങൾ‍ അനുവദനീയമായതിലും കൂടുതൽ ശബ്ദം ഉണ്ടാക്കിയാൽ ചുവപ്പ് സിഗ്‌നൽ തന്നെ തുടരുന്ന സംവിധാനം നടപ്പാക്കാൻ ഒരുക്കം തുടങ്ങി. ഡെസിബെൽ മീറ്റർ‌ വഴി ശബ്ദത്തിന്റെ തോത് കണക്കാക്കിയാകും നടപടിയെടുക്കുക. നഗരത്തിലെ ശബ്ദ മലിനീകരണം നിയന്ത്രിക്കാനാണ് നടപടി. 

അമിതമായി ‘ഹോൺ’ ഉയരുന്ന സിഗ്‌നലുകളിൽ ഈ സംവിധാനം നടപ്പാക്കും, ഡ്രൈവർമാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ മുൻപു നടപ്പാക്കിയ ശബ്ദനിയന്ത്രണ സംവിധാനമാണിത്.

ശബ്ദമലിനീകരണം പഠിക്കും 
സർക്കാരും ഐഐടി മദ്രാസും ചേർന്നു നഗരത്തിലെ ശബ്ദമലിനീകരണക്കുറിച്ച് പഠനം നടത്താൻ തീരുമാനിച്ചു. ഉയർന്ന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തുകയും അതു തടയാനുള്ള സംവിധാനം നിർദേശിക്കുകയുമാണ് ലക്ഷ്യം. നഗരത്തിലെ ശബ്ദമലിനീകരണത്തെക്കുറിച്ച് ഐഐടി മദ്രാസ് നേരത്തേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പലയിടങ്ങളിലും അനുവദനീയമായതിലും കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. പാർപ്പിട മേഖലയിൽ പകൽ സമയത്ത് 55 ഡെസിബെലും രാത്രിയിൽ 45 ഡെസിബെലുമാണ് അനുവദനീയമായ പരമാവധി ശബ്ദം. വാണിജ്യകേന്ദ്രങ്ങളിൽ യഥാക്രമം 65 ഡിബി, 55 ഡിബി, വ്യവസായകേന്ദ്രങ്ങളിൽ 75 ഡിബി, 70 ഡിബി എന്നിങ്ങനെയാണ് അനുവദനീയമായ പരമാവധി ശബ്ദം.

സീറോയ്ക്ക് പിന്നാലെ റെഡ്
നഗരത്തിൽ വാഹനാപകടം കുറയ്ക്കുന്നതിനായി, കഴിഞ്ഞ ദിവസങ്ങളിൽ ട്രാഫിക് സിഗ്‌നലുകൾ കേന്ദ്രീകരിച്ചു പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. ‘സീറോ ഈസ് ഗുഡ്’ പ്രചാരണത്തിന്റെ ഭാഗമായി ചുവപ്പ് സിഗ്‌നൽ ഹൃദയത്തിന്റെ രൂപത്തിലേക്കു മാറ്റുകയും ചെയ്തിരുന്നു. ജീവന്റെ വിലയെക്കുറിച്ചു യാത്രക്കാരെ ഓർമിപ്പിക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കിയത്.

English Summary:

To combat excessive honking and noise pollution, Chennai Traffic Police is implementing a "Red Signal Lock" system. This system uses decibel meters to identify vehicles exceeding permissible noise limits and extends the red signal duration as a consequence. This initiative is complemented by a noise pollution study conducted in collaboration with IIT Madras and the "Zero is Good" traffic safety campaign.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com