ADVERTISEMENT

ചെന്നൈ ∙ ഉത്രാടമെത്തിയതോടെ പൊന്നോണത്തെ വരേവൽക്കാൻ അവസാനവട്ട ഒരുക്കങ്ങളുമായി മലയാളികൾ ഇന്നു നഗരത്തിലിറങ്ങും. ഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണു നഗരവും. വിവിധയിടങ്ങളിലായുള്ള ഓണച്ചന്തകളിൽ തിരക്കേറും. അതേസമയം, അപ്രതീക്ഷിതമായി ലഭിച്ച സ്പെഷൽ ട്രെയിനുകളിൽ ഉൾപ്പെടെ മലയാളികൾ നാട്ടിലേക്കു തിരിച്ചുതുടങ്ങി.

തിരുവോണ നാളിൽ മുഖ്യം സദ്യ
തിരുവോണ നാളിൽ ചെന്നൈ മലയാളികൾക്ക് വലിയ സന്തോഷം നൽകുന്നത് വിഭവ സമൃദ്ധമായ ഓണസദ്യ തന്നെയാണ്. ഹോട്ടലുകളിൽ തനതു രീതിയിലുള്ള സദ്യ ലഭ്യമാണെങ്കിലും വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് ഒട്ടേറെപ്പേർക്ക് ഇഷ്ടം. ബിഹാറിൽ നിന്നുള്ള യുവാക്കൾക്ക് സദ്യ തയാറാക്കി നൽകുന്നതിന്റെ സന്തോഷത്തിലാണു നഗരത്തിലെ സംഘടനാ പ്രവർത്തകയായ മിനി ഉദയകുമാർ. മകളുടെ ഭർത്താവിനും സുഹൃത്തുക്കൾക്കും സദ്യ നൽകാനാണ് ഒരുക്കം.ഓണസദ്യയെക്കുറിച്ചു കേട്ടു മാത്രം പരിചയമുള്ളവരാണ് അവർ.

ഒരു വിഭവം പോലും കുറയാൻ പാടില്ലെന്നതിനാൽ ഇന്നലെ അവസാനവട്ട ഷോപ്പിങ് നടത്തി എല്ലാ സാധനങ്ങളും വാങ്ങിയതായും മിനി പറഞ്ഞു.ഓണസദ്യ വീട്ടിൽ നിന്നു കഴിച്ചാൽ മാത്രമേ മനസ്സു നിറയൂവെന്ന് വേപ്പംപെട്ട് നിവാസിയായ മഞ്ജു അനിൽ കുമാർ പറഞ്ഞു. രാവിലെ പൂവിട്ടു കഴിഞ്ഞാൽ പിന്നെ സദ്യയ്ക്കുള്ള ഒരുക്കം ആരംഭിക്കും. വീട്ടുകാർ ഒരുമിച്ചിരുന്നു വിഭവങ്ങൾ തയാറാക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദമാണെന്ന് മഞ്ജു പറഞ്ഞു. 

തമിഴ് കൂട്ടുകാരും സദ്യ കഴിക്കാനെത്തും. എല്ലാ വർഷവും ഓണത്തിനു ദിവസങ്ങൾക്കു മുൻപേ സദ്യയെക്കുറിച്ചു തമിഴ് സുഹൃത്തുക്കൾ ഓർമിപ്പിക്കുമെന്നും മഞ്ജു കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെല്ലാവരും ഒത്തൊരുമിക്കുന്ന ദിവസമാണു തിരുവോണമെന്ന് കേളമ്പാക്കം നിവാസി സുലത ഹരിദാസ് പറഞ്ഞു. എല്ലാവരും കഥ പറഞ്ഞും പാട്ടും പാടിയും അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കുമ്പോൾ മാനസിക സംഘർഷങ്ങൾ കുറയുമെന്നും സുലത പറഞ്ഞു.

അതേസമയം, യുവ തലമുറയിലെ ദമ്പതിമാർ അടക്കമുള്ളവരിൽ ധാരാളം േപർ പുറത്തു പോയി സദ്യ കഴിക്കാൻ താൽപര്യമുള്ളവരാണ്. വീട്ടിൽ നിന്നു ലഭിക്കുന്നതിന്റെ അതേ അനുഭവമാണ് ഇതു നൽകുന്നതെന്നും ഒരു ദിവസം പൂർണ വിശ്രമമാണു ലഭിക്കുന്നതെന്നും ഇവർ പറയുന്നു. സദ്യ കഴിക്കുന്നതിന്റെയും പുറത്തു പോകുന്നതിന്റെയും അനുഭവങ്ങൾ നല്ലതാണെന്നാണ് ഇവരുടെ പക്ഷം.

English Summary:

As Uthradom dawns, Chennai is experiencing a surge in activity as the Malayali community gears up for Onam. Markets are bustling with shoppers making last-minute purchases, while special trains bring people home to celebrate with their families.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com