ADVERTISEMENT

ചെന്നൈ ∙കിലാമ്പാക്കം ബസ് ടെർമിനസിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള റെയിൽവേ സ്റ്റേഷന്റെ നിർമാണം ജനുവരിയോടെ പൂർത്തിയാക്കാൻ അധികൃതരുടെ ശ്രമം. സ്റ്റേഷന്റെ ചുറ്റുമതിൽ നിർമാണം, മഴവെള്ള ഓട നിർമാണം അടക്കമുള്ളവയാണ് ഇപ്പോൾ നടക്കുന്നത്. സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങുന്നതോടെ നഗരത്തിനു പുറത്തുള്ള കിലാമ്പാക്കം ബസ് ടെർമിനസിലേക്കു യാത്രക്കാർക്ക് എളുപ്പത്തിൽ എത്താനാകും. 

കിലാമ്പാക്കത്ത് ഹാൾട്ട്  റെയിൽവേ സ്റ്റേഷൻ
മറ്റു റെയിൽവേ സ്റ്റേഷനുകളിൽ നിന്നു വ്യത്യസ്തമായി ഹാൾട്ട് റെയിൽവേ സ്റ്റേഷനാണു കിലാമ്പാക്കത്ത് നിർമിക്കുന്നത്. കുറച്ചു ജീവനക്കാർ മാത്രമുളള സ്റ്റേഷനാണു ഹാൾട്ട് സ്റ്റേഷൻ. ബസ് ടെർമിനസിലേക്കും തിരിച്ചുമുള്ള യാത്രക്കാരാണു കൂടുതലായും സ്റ്റേഷനെ ആശ്രയിക്കുക. സമീപത്തുള്ള ഊരപ്പാക്കം, വണ്ടല്ലൂർ സ്റ്റേഷനുകളിൽ യാത്രക്കാരാണ് ദിവസേന എത്തുന്നത്. 20 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഷനിൽ സബേർബൻ ട്രെയിനുകൾക്കായി 2 പ്ലാറ്റ്ഫോമുകളും എക്സ്പ്രസ് ട്രെയിനുകൾക്കായി ഒരു പ്ലാറ്റ്ഫോമും ഉണ്ടാകും. റെയിൽവേ സ്റ്റേഷനെയും ബസ് ടെർമിനസിനെയും ബന്ധിപ്പിച്ച് ആകാശപാത നിർമിക്കുന്നതിനാൽ യാത്രക്കാർക്കു തിരക്കേറിയ ജിഎസ്ടി റോഡിനു കുറുകെ നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാകും. ബസ് ടെർമിനസിന് എതിർവശത്താണു റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. 

ദുരിതത്തിന് വിട; ഇനി ശുഭയാത്ര
കിലാമ്പാക്കം ബസ് ടെർമിനസിലേക്കുള്ള യാത്രാദുരിതത്തിനുള്ള പരിഹാരമായാണു നഗരവാസികൾ റെയിൽവേ സ്റ്റേഷനെ കാണുന്നത്. നിലവിൽ വെല്ലൂർ, ബെംഗളൂരു ഒഴികെയുള്ള ഭാഗങ്ങളിലേക്കു കിലാമ്പാക്കത്ത് നിന്നാണു ബസുകൾ സർവീസ് നടത്തുന്നത്. ബെംഗളൂരു ഭാഗത്തേക്കു കോയമ്പേട് നിന്നു തന്നെയാണു സർവീസ്. കേരളത്തിലേക്കുള്ള ആർടിസി ബസുകൾ കിലാമ്പാക്കത്ത് നിന്നാണു യാത്ര നടത്തുന്നത്. ഭാവിയിൽ കിലാമ്പാക്കത്ത് മെട്രോ കൂടി ആരംഭിച്ചാൽ യാത്ര കൂടുതൽ സുഗമമാകും. വിമാനത്താവളം വരെയുള്ള മെട്രോ സർവീസ് കിലാമ്പാക്കം വരെ നീട്ടാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 

ഏറെക്കാലം കോയമ്പേട് പ്രവർത്തിച്ചിരുന്ന ബസ് ടെർ‌മിനസാണു വണ്ടല്ലൂർ മൃഗശാലയ്ക്കു സമീപമുള്ള കിലാമ്പാക്കത്തേക്കു മാറ്റിയത്. നഗരത്തിന്റെ വടക്കൻ, മധ്യ മേഖലകളിൽ താമസിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടായി മാറി. നേരിട്ടു സബേർബൻ ട്രെയിൻ ഇല്ലാത്തതിനാൽ വണ്ടല്ലൂർ, ഊരപ്പാക്കം എന്നീ സ്റ്റേഷനുകളിലൊന്നിൽ ഇറങ്ങിയ ശേഷം ഓട്ടോയിൽ കയറി വേണം ടെർമിനസിലേക്കു പോകാൻ. എന്നാൽ‌ ഭീമമായ ചാർജും ലഗേജുകൾ വഹിച്ചുപോകേണ്ടതും യാത്രക്കാർക്കു ബുദ്ധിമുട്ടായി മാറി. റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ നഗരത്തിന്റെ എല്ലാ മേഖലകളിലുള്ളവർക്കും ടെർമിനസിലേക്ക് എത്താനുള്ള വഴി തുറക്കും.

-

English Summary:

Chennai is getting a new railway station at the Koyambedu bus terminus in January. This halt station will make it easier for people to travel to and from the terminus, especially those using suburban trains. The station will have platforms for suburban and express trains, a foot overbridge to the bus terminus, and is expected to significantly reduce travel time and hassle for commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com