ADVERTISEMENT

ആലുവ∙ ജില്ലാ ആശുപത്രിയുടെ മതിൽ വീണ്ടും ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ 10 മീറ്റർ ഭാഗമാണു പൈപ്പ് ലൈൻ റോഡിലേക്ക് ഇടിഞ്ഞത്. തിരക്കുള്ള റോഡാണെങ്കിലും അപകടസമയത്തു പരിസരത്ത് ആരും ഉണ്ടായിരുന്നില്ല.  കാലപ്പഴക്കം മൂലം മതിലിന്റെ മറ്റു ചില ഭാഗങ്ങൾ  ജൂണിൽ ഇടിഞ്ഞിരുന്നു. ജില്ലയിലെ ഏറ്റവും തിരക്കുള്ള സർക്കാർ ആശുപത്രികളിൽ ഒന്നാണിത്. സർക്കാർ തലത്തിൽ ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രവും ഇതു തന്നെ. മതിൽ ഇടിഞ്ഞതോടെ ആശുപത്രിയിലേക്കു സാമൂഹികവിരുദ്ധരുടെ നുഴഞ്ഞുകയറ്റം കൂടി.

ലഹരിമുക്ത ചികിത്സാ വിഭാഗത്തിൽ എത്തിയ ഗുണ്ടകൾ ഏറ്റുമുട്ടി കൊലപാതകം വരെ നടന്നിട്ടുണ്ട് നേരത്തേ ഇവിടെ. തെക്കുവശത്തെ പൈപ്പ് ലൈൻ റോഡിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ആർക്കും എളുപ്പത്തിൽ ആശുപത്രിയിലേക്കു കടക്കാം. 3 മാസം മുൻപാണു ബസ്‌സ്റ്റാൻഡ് ഭാഗത്തെ മതിൽ നിലംപൊത്തിയത്. കൂടുതൽ സുരക്ഷ ആവശ്യമുള്ള പ്രസവ വാർഡ്, കോവിഡ് ഐസലേഷൻ വാർഡ്, ഒഎസ്ടി–ഐസിടിസി സെന്റർ, സ്കാനിങ് വിഭാഗം, റെഡ്ക്രോസ് സൊസൈറ്റി ഓഫിസ്, മോർച്ചറി തുടങ്ങിയവ ഇവിടെയാണു പ്രവർത്തിക്കുന്നത്. 

ജില്ലാ ആശുപത്രിയുടെ മുൻഭാഗത്തു പാർക്കിങ് ഫീ പിരിക്കാനും വാഹനങ്ങൾ വരുമ്പോൾ ക്രോസ് ബാർ തുറക്കാനും മാത്രമേ സുരക്ഷാ ജീവനക്കാരുള്ളൂ. മതിൽ തകർന്ന ഭാഗങ്ങളിലൂടെ സാമൂഹികവിരുദ്ധർ അകത്തു കടന്നാലും സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധ പെട്ടെന്നു പതിയില്ല. പൈപ്പ്‌ലൈൻ റോഡിലും ബസ് സ്റ്റാൻഡിന്റെ പരിസരത്തും സന്ധ്യ കഴിഞ്ഞു ജനസഞ്ചാരം കുറവാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി. മതിൽ പല ഭാഗത്തും തകർന്നിട്ടും പുനർ നിർമിക്കാനുള്ള നടപടിയില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com