ADVERTISEMENT

പറവൂർ ∙ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശ പ്രകാരമുള്ള ഗതാഗത പരിഷ്കരണം നാളെ മുതൽ നടപ്പാക്കും. തീരുമാനങ്ങൾ നടപ്പാക്കണമെന്നു പൊലീസിനോടു നഗരസഭാധികൃതർ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സീബ്രാ ലൈൻ മാർക്കിങ്, ദിശാബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവ എത്രയും വേഗം നടത്തണമെന്നു പൊതുമരാമത്ത് നിരത്തു വിഭാഗത്തോടും ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ ലഭ്യമാക്കാൻ മോട്ടർ വാഹന വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നു നഗരസഭാധ്യക്ഷ വി.എ.പ്രഭാവതി പറഞ്ഞു.

നിയന്ത്രണങ്ങൾ

∙ വരാപ്പുഴ, വൈപ്പിൻ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നു വരുന്ന സ്വകാര്യ ഓർഡിനറി ബസുകൾ കെഎംകെ കവല വഴി ബസ് ടെർമിനലിൽ പ്രവേശിച്ചു നഗരം ചുറ്റിയാണു സ്വകാര്യ ബസ് സ്റ്റാൻഡിലേക്കു പോകേണ്ടത്

∙ എറണാകുളത്തു നിന്നു ഗുരുവായൂർ ഭാഗത്തേക്കുള്ള ദീർഘദൂര സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളും കെഎംകെ കവല വഴി ബസ് ടെർമിനലിൽ പ്രവേശിച്ചു ചേന്ദമംഗലം കവല, മുനിസിപ്പൽ കവല വഴി നഗരം ചുറ്റി പോകണം

∙ ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകൾക്കു ബസ് ടെർമിനലിൽ കയറി പുല്ലംകുളം - പെരുവാരം വഴി പോകാവുന്നതാണ്

∙ ബസ് ടെർമിനലിൽ ബസുകൾ കയറുന്നുണ്ടോയെന്നു പരിശോധിച്ചു രേഖപ്പെടുത്താൻ ഹോം ഗാർഡ് ഉണ്ടാകും

∙ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്വകാര്യ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സ്റ്റോപ്പ് ഉണ്ടാകില്ല. എന്നാൽ, കെഎസ്ആർടിസി ബസുകൾ ഈ സ്റ്റോപ്പിൽ നിർത്തും

∙ ചേന്ദമംഗലം കവല കഴിഞ്ഞാൽ സ്വകാര്യ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകൾക്കു നമ്പൂരിയച്ചൻ ആൽ പരിസരത്താണ് അടുത്ത സ്റ്റോപ്പ്

∙ നമ്പൂരിയച്ചൻ ആൽ പരിസരത്തു ബസ് കാത്തുനിൽപു കേന്ദ്രത്തിന് മുന്നിൽ ബസുകൾ നിർത്തിയാണു യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടത്

∙ നമ്പൂരിയച്ചൻ ആൽ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിലെ പാർക്കിങ് നിയന്ത്രിക്കും

പരിഷ്കരണം നടപ്പാക്കുന്നത‌് ഒരുക്കമില്ലാതെ: പ്രതിപക്ഷം

നഗരസഭ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ ഒരുങ്ങുന്നതു വേണ്ടത്ര ഒരുക്കമില്ലാതെയാണെന്നു പ്രതിപക്ഷം. ഈ മാസം ആദ്യം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടിയെങ്കിലും തുടർനടപടിയുണ്ടായില്ല. 28നു നടന്ന കൗൺസിലിൽ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. തുടർന്നാണ് 29ന് അടിയന്തര യോഗം വിളിച്ചു തീരുമാനങ്ങളെടുത്തത്. ഈ യോഗം അനൗദ്യോഗികമാണ്. കൗൺസിൽ അംഗീകരിക്കാത്ത തീരുമാനങ്ങൾ നടപ്പാക്കാനാകില്ല. നിലവിലുള്ള നിബന്ധനകൾ തന്നെയാണു പരിഷ്കാരങ്ങൾ എന്ന പേരിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗതാഗതക്കുരുക്ക് അഴിക്കാൻ ഉതകുന്ന പുതിയ പരിഷ്കാരങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.

പറവൂർ – മൂത്തകുന്നം റോഡിലൂടെ പകൽ സമയത്തു വലിയ ചരക്കു വാഹനങ്ങൾക്കും കണ്ടെയ്നർ ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നു ചൂണ്ടിക്കാട്ടി കലക്ടർക്ക് കത്തു നൽകാനും ദേശീയപാതയിലും നഗരസഭ, പിഡബ്ല്യുഡി റോഡുകളിലും നവംബർ 1നകം ദിശാബോർഡുകൾ സ്ഥാപിക്കാനും നഗരസഭയുടെ സ്പോൺസർഷിപ്പിലൂടെ 3 ഹോം ഗാർഡുകളെ നിയമിക്കാനും തീരുമാനിച്ചിരുന്നെങ്കിലും ചെയ്തില്ല. മുനിസിപ്പൽ കവലയിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണം നടത്തിയിട്ടില്ല. കാൽനടയാത്രക്കാർ പോലും നഗരത്തിലൂടെ വഴിനടക്കാൻ ബുദ്ധിമുട്ടുകയാണെന്നു പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com