ADVERTISEMENT

മലയാറ്റൂർ∙ ആറാട്ടുകടവ് ദുർഗാദേവി ക്ഷേത്ര പരിസരത്ത് വീണ്ടും കാട്ടാനശല്യം. ക്ഷേത്രത്തിനു സമീപം വനംവകുപ്പിന്റെ സ്ഥലത്തും സ്വകാര്യ പറമ്പുകളിലേക്കുള്ള വഴിയിലും കാട്ടാനകൾ തലങ്ങും വിലങ്ങും വൃക്ഷങ്ങൾ മറിച്ചിട്ടിരിക്കുകയാണ്. പനകളുടെ ഇലകളും നാരുകളും തിന്നതിനു ശേഷം അവശിഷ്ടങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. ഈ വഴിയിൽ 2 വീടുകളുണ്ട്. കഴിഞ്ഞ ബുധൻ രാത്രിയിൽ കാട്ടാനക്കൂട്ടം ഇവയുടെ ചുറ്റുമതിലുകൾ തകർക്കുകയും പറമ്പിലെ വാഴകൾ നശിപ്പിക്കുകയും ചെയ്തു. 

ക്ഷേത്രത്തിന്റെ ചുറ്റുമതിൽ തകർത്ത് അകത്തു കടന്ന കാട്ടാന സംഘം താൽക്കാലിക അന്നദാന മണ്ഡപം, പാത്രങ്ങൾ, റിങ് കിണർ, സൗണ്ട് സിസ്റ്റം, 8 കായ്ഫലമുള്ള തെങ്ങുകൾ എന്നിവ നശിപ്പിച്ചിരുന്നു. കാട്ടാനകൾ ക്ഷേത്രത്തിനു കേടുപാടു വരുത്താതിരിക്കാൻ ക്ഷേത്ര ഭാരവാഹികൾ ക്ഷേത്ര വളപ്പിലെ കോൺക്രീറ്റ് കെട്ടിടത്തിന്റെ ടെറസിൽ രാത്രി കാവൽ കിടക്കുകയാണ്. 

ശനി രാത്രി 11 മണിയോടെയാണ് കാട്ടാനക്കൂട്ടം ക്ഷേത്രത്തിനു സമീപത്തു വന്നതെന്നു ക്ഷേത്രം പ്രസിഡന്റ് എം.വി.വിനയകുമാർ, സെക്രട്ടറി ഒ.പി ഉദയൻ എന്നിവർ പറഞ്ഞു. 

ക്ഷേത്രത്തിലേക്കു കടക്കാതിരിക്കാൻ പടക്കം പൊട്ടിച്ചപ്പോൾ‍ അവ വഴി മാറി പോയി. കുട്ടിയാന ഉൾപ്പെടെ 4 ആനകളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെളുപ്പിന് 5 മണി വരെ കാട്ടാനകൾ വൃക്ഷങ്ങൾ ഒടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു എന്ന് അവർ‍ പറഞ്ഞു. ഇന്നലെ കാട്ടാനക്കൂട്ടം നാശമുണ്ടാക്കിയ പ്രദേശത്തിനു സമീപത്താണ് പെരിയാറിലെ ആറാട്ടുകടവ്. 

വിനോദ സഞ്ചാരികൾ ഉൾപ്പെടെ ധാരാളം ആളുകൾ ദിവസവും കുളിക്കാൻ വരുന്ന സ്ഥലമാണിത്. മുകളിലേക്കു കയറിയാൽ ജനസാന്ദ്ര പ്രദേശമാണ്. ഇവിടെ താമസിക്കുന്നവർ ഭീതിയിലാണ്. ഇന്നലെ ആറാട്ടുകടവ് ക്ഷേത്ര പരിസരത്ത് കാട്ടാനക്കൂട്ടം എത്തിയ സമയത്തു തന്നെ കാടപ്പാറ- ഇല്ലിത്തോട് റോഡിലെ വള്ളിയാംകുളം ഭാഗത്തും കാട്ടാനക്കൂട്ടം എത്തി. 4 ആനകളാണ് ഉണ്ടായിരുന്നത്. നാട്ടുകാർ പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ തുരത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com