ADVERTISEMENT

മൂവാറ്റുപുഴ∙ മഴയും മിന്നലും മൂവാറ്റുപുഴ മേഖലയിൽ കനത്ത നാശം വിതച്ചു. ഇടിമിന്നലിൽ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ടെലിവിഷനും ഫാനും ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. മരങ്ങൾ കടപുഴകി. തെങ്ങുകളും തേക്കും കത്തി. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം ഉണ്ടായിട്ടുണ്ട്. പായിപ്ര ഈസ്റ്റ് വാഴപ്പിള്ളി കിഴക്കേക്കടവിനു സമീപം തേക്ക് ഇടിമിന്നലേറ്റ് വിണ്ടു കീറി. അത്രശേരി ഗോപിനാഥൻ നായരുടെ പുരയിടത്തിൽ നിന്ന് 80 ഇഞ്ചോളം വണ്ണമുള്ള തേക്ക് മരമാണ് ഇടിമിന്നലിൽ വിണ്ടു ചിതറിയത്. സമീപത്തുള്ള വീടുകളിലേക്കു വരെ തേക്ക് മരത്തിന്റെ ചിതറിയ ഭാഗങ്ങൾ തെറിച്ചു വീണു. ഉറവക്കുഴിയിൽ തെങ്ങിനു തീപിടിച്ചു. അൽപനേരം തെങ്ങു നിന്നു കത്തിയെങ്കിലും ശക്തമായ മഴയിൽ തീയണഞ്ഞു.

പെരുമ്പല്ലൂർ സന്തോഷ് ലൈബ്രറി കെട്ടിടം മഴയിൽ നിലംപതിച്ചു. കാലപ്പഴക്കത്താൽ ജീർണിച്ച നിലയിലായിരുന്ന കെട്ടിടം കാറ്റിലും മഴയിലും ബലക്ഷയം ഉണ്ടായതോടെ നിലംപതിക്കുകയായിരുന്നു. 40 വർഷം പഴക്കമുള്ള ലൈബ്രറി കെട്ടിടമാണിത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന പുസ്തകങ്ങളും ഫർണിച്ചറും ടെലിവിഷനും എല്ലാം നശിച്ച നിലയിലാണ്.വാളകം മേക്കടമ്പിൽ നെല്ലാപ്പിള്ളിക്കുടിയിൽ എൻ.എം. പൗലോസിന്റെ വീടിനു മുകളിലേക്കു മരം വീണ് വീട് പൂർണമായി തകർന്നു. കനത്ത കാറ്റിൽ മരം കടപുഴകി വീടിനു മുകളിലേക്കു വീഴുകയായിരുന്നു.

 മഴയിൽ മരം കടപുഴകി വീണു തകർന്ന മേക്കടമ്പ് നെല്ലാപ്പിള്ളിക്കുടിയിൽ പൗലോസിന്റെ വീട്.
മഴയിൽ മരം കടപുഴകി വീണു തകർന്ന മേക്കടമ്പ് നെല്ലാപ്പിള്ളിക്കുടിയിൽ പൗലോസിന്റെ വീട്.

മേൽക്കൂരയും ഭിത്തികളും തകർന്നു. വീടിനുള്ളിലെ ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. മരങ്ങൾ കടപുഴകി വീണതോടെ ഇടറോഡുകളിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണു മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മഴയ്ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നലാണു കൂടുതൽ അപകടകാരിയായത്. അഗ്നിരക്ഷാ നിലയത്തിലെ ഉൾപ്പെടെ ടെലിഫോൺ ബന്ധം നശിച്ചു. വീടുകളിലെ വൈദ്യുതോപകരണങ്ങൾ വ്യാപകമായി നശിച്ചിട്ടുണ്ട്. വാളകം, പായിപ്ര, ആരക്കുഴ, ആവോലി, കല്ലൂർക്കാട് പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com