ADVERTISEMENT

പള്ളുരുത്തി∙ കണ്ണമാലിയിൽ രൂക്ഷമായ കടലാക്രമണം. കണ്ണമാലി മുതൽ സൗദി വരെയുള്ള തീര ദേശത്താണ് ഇന്നലെ രാവിലെ 11 മുതൽ ശക്തമായ കടൽ കയറ്റം അനുഭവപ്പെട്ടത്. കണ്ണമാലിയിൽ കടൽ വെള്ളം തീരദേശ റോഡ് വരെ എത്തി. നൂറോളം വീടുകളിൽ കടൽവെള്ളം അടിച്ചു കയറി നാശമുണ്ടായി. കണ്ണമാലി ശ്രീരാമ ക്ഷേത്ര പരിസരം, വാട്ടർടാങ്ക്, പൊലീസ് സ്റ്റേഷൻ, ചെറിയകടവ്, കമ്പനിപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ തിരമാലകൾ അടിച്ചു കയറി. വൈകിട്ട് വേലിയേറ്റ സമയത്ത് കടൽ കയറ്റം വീണ്ടും ശക്തമായി.

കടൽക്ഷോഭം രൂക്ഷമായ കണ്ണമാലി പ്രദേശത്ത് വെള്ളത്തിലായ വീടുകൾ.
കടൽക്ഷോഭം രൂക്ഷമായ കണ്ണമാലി പ്രദേശത്ത് വെള്ളത്തിലായ വീടുകൾ.

ടെട്രാപോഡ് കടൽ ഭിത്തിയുള്ള ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെ വലിയ പ്രശ്നമുണ്ടായില്ല. അതിന്റെ വടക്ക് ഭാഗത്താണു കടലാക്രമണം കൂടുതലുണ്ടായത്.ഈ പ്രദേശങ്ങളിൽ നേരത്തെ വച്ചിരുന്ന മണൽ ചാക്കുകൾ ദ്രവിച്ച് പോയതോടെ കടലിനെ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് തീരദേശവാസികൾ പറഞ്ഞു.

മാനാശേരി ഗ്യാപിൽ വഞ്ചി ഇറക്കുന്ന ഭാഗത്ത് കൂടെ വെള്ളം റോഡ് വരെ എത്തി. ടെട്രാപോഡ് നിർമാണം കാലവർഷത്തിന് മുൻപ് തീർ‍ക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും പാതി ജോലികൾ മാത്രമാണ് പൂർത്തിയായത്. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ തീരദേശം ദുരിതത്തിലാകും. ദുരിതാശ്വാസ ക്യാംപുകൾ തുറക്കാൻ അധികൃതർ ഇനിയും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

നൂറ്റാണ്ടുകളായി ചെല്ലാനം പഞ്ചായത്തുകാർ ഈ ദുരിതം അനുഭവിക്കുകയാണ്. മാറി വരുന്ന സർക്കാരുകൾ മുൻകൈ എടുക്കാത്തതാണ് കാരണമെന്ന് കണ്ണമാലിയിലെ മത്സ്യത്തൊഴിലാളി കെ.എൽ.ജോസഫ് പറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ വിദ്യാർഥികൾക്ക് സ്കൂളിൽ പഠനം പോലും നടത്താൻ കഴിയാത്ത സ്ഥിതിയാകും. ദുരിതാശ്വാസ ക്യാംപുകൾ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തുമ്പോൾ വിദ്യാർഥികളുടെ പഠനവും പെരുവഴിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com