ADVERTISEMENT

കാക്കനാട്∙ മെട്രോ റെയിലിന്റെ പ്രാരംഭ നിർമാണ ജോലികൾ തുടങ്ങിയപ്പോൾ തന്നെ പാലാരിവട്ടം–കാക്കനാട് റോഡിൽ കുരുക്കായി. കുരുങ്ങാതിരിക്കാൻ വാഹനങ്ങൾ ഇടറോഡുകളിലേക്ക് പ്രവേശിക്കുന്നതോടെ അവിടങ്ങളും നിശ്ചലമാകുന്നു. മെട്രോ റെയിൽ നിർമാണം ഊർജിതമാകുമ്പോഴേക്കും ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുമെന്നുറപ്പ്. ഇടറോഡുകളും ജംക‍്ഷനുകളും വിപുലീകരിക്കുകയേ വഴിയുള്ളൂവെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. കാക്കനാട്ടേക്കുള്ള വാഹനങ്ങൾ പാലാരിവട്ടം വിട്ടാൽ ആലിൻചുവടിലാണ് ആദ്യത്തെ കുരുക്ക്.

കൊടുംവളവായ ഇവിടെ മെട്രോ റെയിൽ നിർമാണത്തിനായി റോഡിന്റെ പകുതി അടച്ചിട്ടിരിക്കുകയാണ്. ഇവിടെ കുരുക്കു മുറുകുമ്പോൾ കാക്കനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെണ്ണലയിലേക്കു തിരിഞ്ഞു പാലച്ചുവട് വഴി സീപോർട്ട് – എയർപോർട്ട് റോഡിലേക്ക് പോകാൻ ശ്രമിക്കും. അതോടെ വെണ്ണല ഹൈസ്കൂൾ ജംക‍്ഷനിലും തൈക്കാട്ട് ക്ഷേത്ര പരിസരത്തെ ജംക‍്ഷനിലും കുരുക്ക് രൂപപ്പെടുന്നു.

അർക്കക്കടവ്, പാലച്ചുവട്, ആലിൻചുവട്, ബൈപാസ് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ വെണ്ണല സ്കൂൾ ജംക‍്ഷനിൽ കുരുങ്ങുന്നത് പതിവാണ്. വെണ്ണല ജംക‍്ഷനും സമീപ റോഡുകളും പരമാവധി വിപുലീകരിക്കാതെ ഈ കുരുക്ക് അഴിയില്ല. കാക്കനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ സിവിൽ ലൈൻ റോഡിലെ കുരുക്ക് ഒഴിവാക്കാൻ വെണ്ണല, പാലച്ചുവട് വഴി പോകുമ്പോൾ പാലച്ചുവട് ജംക‍്ഷൻ രാവിലെയും വൈകിട്ടും നിശ്ചലമാകുന്നു. സിവിൽ ലൈൻ റോഡിലെ  ആലിൻചുവട് കഴിഞ്ഞാൽ ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ ജംക‍്ഷനുകളിലാണ് അടുത്ത കുരുക്ക്. സീപോർട്ട് – എയർപോർട്ട്–പടമുകൾ ലിങ്ക് റോഡ് അടച്ചത് ഇവിടത്തെ കുരുക്ക് ഇരട്ടിയാക്കുന്നു. 

യോഗം വിളിക്കണമെന്ന് ഉമ തോമസ് എംഎൽഎ
ഗതാഗതക്കുരുക്കും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യാൻ ഈ ആഴ്ച തന്നെ യോഗം വിളിക്കണമെന്ന് ഉമ തോമസ് എംഎൽഎ കലക്ടറോട് ആവശ്യപ്പെട്ടു. കെഎംആർഎൽ, പൊതുമരാമത്ത്, ട്രാഫിക് പൊലീസ്, കൊച്ചി–തൃക്കാക്കര നഗരസഭ പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള ചർച്ചയാണ് ആവശ്യം. കാക്കനാട്ടേക്കുള്ള മെട്രോ റെയിൽ നിർമാണം ഊർജിതമാകുന്നതിനൊപ്പം കാലവർഷം കൂടി ശക്തിപ്പെടുന്നതോടെ റോഡുകൾ നിശ്ചലമാകുമെന്നാണ് ആശങ്ക. കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യപ്രകാരം ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ഉമ തോമസ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com