ADVERTISEMENT

പിറവം∙ സംരക്ഷണമതിലും മറ്റു സുരക്ഷാസംവിധാനങ്ങളും  പരിമിതമായതോടെ പാമ്പാക്കുട പഞ്ചായത്ത് 5ാം വാർഡിലെ അങ്കണവാടിയിൽ‌ അപകടം പതിയിരിക്കുന്നു. അഞ്ചൽപ്പെട്ടി–മൂവാറ്റുപുഴ റോഡിന്റെ ഓരത്തു ഗവ. കമ്യൂണിറ്റി ഹെൽ‌ത്ത് സെന്ററിന്റെ സമീപത്താണ് അങ്കണവാടി മന്ദിരം. റോഡിനോടു ചേർ‌ന്നു ചുറ്റുമതിൽ ഉണ്ടെങ്കിലും തെക്കുഭാഗത്തു മതിൽ ഇല്ലാത്തതിനാൽ അപകടാവസ്ഥയുണ്ട്. ഇൗ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ മീൻകുളം ഉള്ളതിനാൽ ഒഴിവു സമയത്തു കുട്ടികൾ കുളത്തിനരികിലേക്ക് ഓടി എത്തും. അങ്കണവാടി ജീവനക്കാർ ഏറെ ബുദ്ധിമുട്ടിയാണു കുട്ടികളെ നിയന്ത്രിക്കുന്നത്.വൈദ്യുതി വിതരണത്തിനു മുറികൾക്കുള്ളിലെ വയറിങ്ങിനും തകരാർ ഉണ്ട്. 

കുട്ടികൾ കേബിളുകളിൽ കയറി പിടിക്കുന്നതിനു സാധ്യത ഉള്ളതായി  രക്ഷിതാക്കൾ പറയുന്നു. 11 കുട്ടികളാണ് ‌ ഇവിടെ  പഠിക്കാൻ എത്തുന്നത്. അങ്കണവാടിക്കു മുന്നിൽ‌ റോഡിൽ സീബ്രാ ലൈൻ ഇല്ലാത്തതിനാൽ   കുട്ടികൾ‌ക്കു റോഡു കുറുകെ കടക്കുന്നതും ബുദ്ധിമുട്ടിലാണ്. അടുത്തയിടെ ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയ റോഡിലൂടെ ബസുകളും ടോറസ് ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളും വേഗത്തിലാണു പോകുന്നത്. അപകടാവസ്ഥ പരിഹരിക്കുന്നതിനു ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com