ADVERTISEMENT

കളമശേരി ∙ പകൽ പശുക്കൾ, രാത്രിയിൽ പോത്തുകൾ, കളമശേരിയിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ സൃഷ്ടിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവില്ല. ഈ മേഖലയിൽ ട്രെയിൻ തട്ടി  പോത്തുകൾ ചാവുന്നു. കഴിഞ്ഞ മേയ് 25ന് പുലർച്ചെ 2.50നു തിരുപ്പതി–കൊല്ലം എക്സ്പ്രസ് ട്രെയിനിടിച്ച് 8 പോത്തുകളാണ് ചത്തത്. സംഭവത്തെത്തുടർന്നു ട്രെയിനുകൾ പലയിടത്തായി പിടിച്ചിടേണ്ടി വന്നു. ചത്ത പോത്തുകൾക്കൊന്നും ഉടമയില്ല!

റെയിൽവേ പാളം, എൻഎഡി റോഡ്, പള്ളിലാംകര പൈപ്‌ലൈൻ റോഡ്, സീപോർട്ട് –എയർപോർട്ട് റോഡ് എന്നിവിടങ്ങളിലാണു പോത്തിന്റെ ശല്യം. ഈ പ്രദേശങ്ങളിലൊന്നും വഴിവിളക്കുകളില്ലാത്തതിനാൽ രാത്രിയിൽ പോത്തുകൾ റോ‍‍ഡിൽ കയറി നിന്നാൽ കാണാനും കഴിയില്ല. പാടശേഖരങ്ങളിൽ മേയാൻ വിട്ടിരിക്കുന്ന പോത്തുകളാണ് രാത്രിയിൽ റോഡുകളിലേക്കും റെയിലിലേക്കും കയറുന്നത്.

ചെറിയ പ്രായത്തിലുള്ള പോത്തുകിടാങ്ങളെ വാങ്ങി വളർത്തി വലിയ ലാഭത്തിനു വിൽക്കുന്നവരാണ് ഇവയെ പാടശേഖരങ്ങളിൽ നിയന്ത്രണമില്ലാതെ മേയാൻ വിട്ടിരിക്കുന്നത്. നിർമാണം നിലച്ചു കിടക്കുന്ന സീപോർട്ട് –എയർപോർട്ട് റോഡിൽ എച്ച്എംടി കോളനി ഭാഗത്ത് പോത്തിനെ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടാമത്തെ ആളാണ് ഇന്നലെ മരിക്കുന്നത്. പോത്തിനെ ഇടിച്ചുണ്ടായ അപകടങ്ങളിൽ നട്ടെല്ലിനു ക്ഷതമേറ്റു തളർന്നുകിടക്കുന്നവരുൾപ്പെടെ ഒട്ടേറെ പേർ പരുക്കേറ്റു നരകയാതന അനുഭവിക്കുന്നുണ്ട്.

കളമശേരി സീപോർട്ട് എയർപോർട്ട് റോഡിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന ബൈക്കും ബൈക്കിടിച്ചു ചത്ത പോത്തും.
കളമശേരി സീപോർട്ട് എയർപോർട്ട് റോഡിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന ബൈക്കും ബൈക്കിടിച്ചു ചത്ത പോത്തും.

മലയോര മേഖലയിൽ ആനയിറങ്ങുന്നതുപോലെയാണു സീപോർട്ട്–എയർപോർട്ട് റോഡിൽ പോത്തുകളുടെ ശല്യമെന്നു നാട്ടുകാർ പറയുന്നു. പാടശേഖരങ്ങളിൽ നിന്നു കൂട്ടത്തോടെ കയറിവരുന്ന പോത്തുകൾ കൃഷിയും ചെടികളും ചവിട്ടി നശിപ്പിക്കുന്നതു പതിവാണെന്ന് അവർ പറയുന്നു. സീപോർട്ട്–എയർപോർട്ട് റോഡിൽ എച്ച്എംടി മുതൽ ഇടപ്പള്ളി –പൂക്കാട്ടുപടി റോഡിലും എച്ച്എംടി റോഡിലും കുസാറ്റ് ക്യാംപസിലും അലഞ്ഞുനടക്കുന്ന പശുക്കളും കാളകളുമാണ് അപ‌കടം ഉണ്ടാക്കുന്നത്.

നഗരസഭ നടപടിയെടുക്കുന്നില്ല
കളമശേരി ∙ കന്നുകാലികൾ സൃഷ്ടിക്കുന്ന അപകടങ്ങൾ വർധിക്കുമ്പോഴും നഗരസഭ നടപടിയെടുക്കുന്നില്ല. മരണങ്ങൾ സംഭവിച്ചിട്ടും ഇവയുടെ ഉടമകളെ കണ്ടെത്താനും നടപടി സ്വീകരിക്കുന്നില്ല. അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി സംരക്ഷിക്കാനും ആവശ്യക്കാർക്കു വളർത്താൻ നൽകുന്നതിനും ലക്ഷങ്ങൾ മുടക്കി കങ്ങരപ്പടിയിൽ കന്നുകാലിത്തൊഴുത്ത് നിർമിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല.

കന്നുകാലികളുടെ സെൻസസ് എടുക്കും, അവയ്ക്കെല്ലാം ടാഗുകൾ പതിക്കും, പിടിച്ചുകെട്ടും തുടങ്ങിയ തീരുമാനങ്ങളൊക്കെ നഗരസഭാ കൗൺസിൽ എടുത്തിരുന്നുവെങ്കിലും കൗൺസിൽ യോഗത്തിനപ്പുറത്തേക്ക് അവയ്ക്ക് ആയുസ്സുണ്ടായില്ല. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടി സംരക്ഷിക്കുന്നതിനു ഇപ്പോഴും നടപടിയില്ല. നഗരസഭ പിടിച്ചുകെട്ടാൻ ചെല്ലുമ്പോൾ എല്ലാത്തിനും ഉടമകൾ ഉണ്ടാവും. അപകടം പറ്റിയാൽ ഒരാളും അവകാശം പറഞ്ഞു വരില്ല. അലഞ്ഞുനടക്കുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും നഗരസഭ നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി കോടതികൾ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com