ADVERTISEMENT

തൃപ്പൂണിത്തുറ ∙ മഴ തിമർത്തു പെയ്തിട്ടും കുടിക്കാൻ ശുദ്ധജലമില്ലാതെ വലഞ്ഞ് നാട്ടുകാർ. ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പിലൂടെ തുള്ളി വെള്ളം വന്നിട്ട് ദിവസങ്ങളെയെന്ന് ഇവർ ആരോപിക്കുന്നു. നഗരത്തിന്റെ തെക്കേ അറ്റത്തുള്ള തെക്കുംഭാഗം പ്രദേശത്തെ മേക്കര പാർക്കിനു സമീപം, പാവംകുളങ്ങര ഭാഗം, അഗ്നിശമന സേന കാര്യാലയത്തിനു സമീപം വെള്ളം എത്തിയിട്ട് 16 ദിവസമായി. 

വടക്കേ അറ്റത്തുള്ള എരൂർ വാളക്കാട് ലൈൻ, പൾസ് നഗർ റോഡ്, വേലംപറമ്പ്, കറുകപാടം റോഡിന്റെ ചില ഭാഗങ്ങളിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ശുദ്ധജല ക്ഷാമം രൂക്ഷം. 2 മാസത്തിൽ ഏറെയായി ഇവിടെ വെള്ളം ലഭിച്ചിട്ട് എന്നു നാട്ടുകാർ പറയുന്നു. കടുത്ത വേനലിൽ അനുഭവിച്ച പോലെ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുകയാണ് ഇവർ. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ പൈപ്പ് വഴി ശുദ്ധജല വിതരണം. മഴയത്തും വലിയ വില കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നഗരവാസികൾ. 

എരൂർ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണണം എന്നാവശ്യപ്പെട്ടു കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമരവും നടത്തിയിരുന്നു. ചൂണ്ടി ശുദ്ധജല പദ്ധതിയിൽ നിന്നാണ് തൃപ്പൂണിത്തുറ മേഖലയിൽ വെള്ളം എത്തുന്നത്. ചൂണ്ടിയിൽ ഉണ്ടാകുന്ന വൈദ്യുതി തകരാറാണ് പ്രശ്നത്തിനു കാരണം എന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. 6 തവണയിലധികം തന്റെ വാർഡിൽ പലർക്കായി ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിച്ചു നൽകിയിരുന്നു. പ്രശ്നത്തിനു ഇതുവരെ പരിഹാരം കാണാൻ ജല ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നു കൗൺസിലർ കെ.ആർ. രാജേഷ് ആരോപിച്ചു.

വൈദ്യുതി പ്രശ്നം പരിഹരിച്ചു: എംഎൽഎ
ചൂണ്ടി ശുദ്ധജല പ്ലാന്റ് ഭാഗത്തെ വൈദ്യുതി പ്രശ്നം പരിഹരിക്കാനായി നടപ്പാക്കിയ എബിസി ( ഏരിയൽ ബണ്ടിൽഡ് കേബിൾ ) ലൈൻ കമ്മിഷൻ ചെയ്തതായി കെ.ബാബു എംഎൽഎ അറിയിച്ചു. ഒരു കോടി രൂപയാണു പദ്ധതിയുടെ നിർമാണ ചെലവ്. ചൂണ്ടി ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസിലേക്ക് ജൽ ജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കുഴിക്കുന്നതിനിടെ കെഎസ്ഇബി ഭൂഗർഭ കേബിൾ ലൈനുകൾ തകരാറിലായത് കാരണമാണ് പമ്പിങ്ങിൽ തടസ്സം നേരിട്ടത്. 

വൈദ്യുതി തടസ്സം ഇല്ലാതിരിക്കാൻ 2011 – ൽ താൻ മുൻകൈയെടുത്താണു ജല അതോറിറ്റിയുടെ കീഴിൽ 3.5 കോടി രൂപ ചെലവിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ചതെന്നും എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com