ADVERTISEMENT

കൂത്താട്ടുകുളം∙ ടൗണിലെ ഗതാഗത പരിഷ്കാരം പാലിക്കാൻ തയാറാകാതെ നഗരസഭയെ വെല്ലുവിളിച്ച് ബസുകൾ. നഗരസഭ കിണഞ്ഞു ശ്രമിച്ചിട്ടും ബസുകൾ ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നില്ല. 2022ൽ നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്കരണമാണു രണ്ടു വർഷത്തോളമായിട്ടും പാലിക്കപ്പെടാത്തത്.എംസി റോഡിൽ നിന്നു നടപ്പുറം ബൈപാസിലേക്ക് കയറുന്ന ഭാഗത്തോ ബസ് സ്റ്റാൻഡിലോ യാത്രക്കാരെ ഇറക്കി വിടുന്നുവെന്ന പരാതി ദിനംപ്രതി വർധിക്കുകയാണ്. മഴക്കാലമെത്തിയതോടെ സർക്കാർ ആശുപത്രിയിലും മറ്റും പോകേണ്ട രോഗികളുടെ ദുരിതം ഇരട്ടിച്ചു.കെഎസ്ആർടിസി ഓർഡിനറി ബസുകളും സ്വകാര്യ ബസുകളും ടൗൺ ചുറ്റി സർക്കാർ ആശുപത്രിത്താഴം വഴി സ്റ്റാൻഡിൽ പ്രവേശിക്കണം എന്നാണ് ചട്ടം.

എന്നാൽ പാലാ ഭാഗത്തു നിന്നു വരുന്ന ബസുകൾ എളുപ്പ വഴിയായ നടപ്പുറം ബൈപാസ് വഴിയും പിറവം ഭാഗത്തു നിന്നു വരുന്ന ബസുകൾ നേരിട്ടും സ്റ്റാൻഡിൽ പ്രവേശിക്കും. ആളുകൾക്ക് ആശുപത്രിയിൽ പോകണമെങ്കിൽ ഇവിടെ നിന്നു അര കിലോമീറ്ററോളം ഓട്ടോറിക്ഷയിലോ നടന്നോ പോകേണ്ട സ്ഥിതിയാണ്.ഭരണ പ്രതിപക്ഷ അംഗങ്ങൾ പലതവണ നടപ്പുറം ബൈപാസിൽ ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല.ബസുകളുടെ ചട്ടലംഘനം കണ്ടെത്താൻ നടപ്പുറം ബൈപാസിൽ സ്ഥാപിച്ച ക്യാമറയും പ്രവർത്തിക്കുന്നില്ല. യാത്രക്കാർക്ക് പരാതി അറിയിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ബസുകളിൽ ഫോൺ നമ്പർ ഒട്ടിച്ചിരുന്നു. എന്നാൽ ലഭിച്ച പരാതികളിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. അധികൃതരുടെ ഈ അനാസ്ഥയാണ് ബസ് ജീവനക്കാർക്ക് പ്രോൽസാഹനമാകുന്നത് എന്നാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com