ADVERTISEMENT

പറവൂർ ∙ പറവൂരിലും ഏഴിക്കരയിലുമായി 9 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പറവൂരിൽ ഇന്നലെ രാവിലെ പെരുവാരം – കിഴേക്കേപ്രം മേഖലയിൽ 4 പേരെ കടിച്ചു. നന്തികുളങ്ങര സ്വദേശി സുബ്രഹ്മണ്യൻ, തമിഴ്നാട് സ്വദേശി കുമാരസ്വാമി, ഡിഗ്രി വിദ്യാർഥിനി കൃഷ്ണപ്രിയ, റിട്ട.എക്സൈസ് ഉദ്യോഗസ്ഥൻ രവി എന്നിവർക്കാണ് കടിയേറ്റത്. കുമാരസ്വാമിയെ ഒരു വട്ടം കടിച്ച ശേഷം പിൻമാറിയ നായ വീണ്ടും വന്നു കടിക്കുകയായിരുന്നു. ഏഴിക്കരയിൽ വ്യാഴം വൈകിട്ടാണ് നായയുടെ ആക്രമണം ഉണ്ടായത്. ആശുപത്രിപ്പടി മുതൽ ആയപ്പിള്ളിപ്പടി വരെ നായ ഓടി. ആശുപത്രിപ്പടി ഭാഗത്തു വച്ചു സുലൈമാൻ, സുറുമിന എന്നിവരെയും ആയപ്പിള്ളി പടിയിൽ വച്ചു ഷീമോൾ ബാബു തളിയപ്പുറത്ത്, ആഗ്നസ് മാമ്പിള്ളി എന്നിവരെയും കടിച്ചു.

ഇടിമൂല കവലയിൽ വച്ചാണ് മുകുന്ദൻ പുല്ലേലിനു കടിയേറ്റത്. സുലൈമാന്റെ കാലിൽ ആഴത്തിൽ മുറിവേറ്റു. കടിയേറ്റവരെല്ലാം പറവൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി. ഏഴിക്കരയിൽ ആക്രമണം നടത്തിയ നായയുടെ കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നതിനാൽ ഈ നായ ഉപേക്ഷിക്കപ്പെട്ട വളർത്തുനായ ആണെന്നാണ് നിഗമനം.

തദ്ദേശസ്ഥാപനങ്ങൾ വന്ധ്യംകരണം നടത്താത്തതാണ് തെരുവുനായ് ശല്യം രൂക്ഷമാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ദേശീയപാതയിലും ഉൾപ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ നാട്ടുകാരെ ഭീതിയിലാക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപു ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്തിൽ 6 തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ വരുന്നതു കണ്ടു ഭയന്നു സൈക്കിളിൽ നിന്നു വീണു യുവാവിനു പരുക്കേറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com