ADVERTISEMENT

വൈപ്പിൻ∙ കടൽ കയറ്റ ദുരിതം അനുഭവിക്കുന്ന എടവനക്കാട് മേഖലയിലെ തീര സംരക്ഷണ പദ്ധതികൾക്ക് വിലങ്ങു തടിയാവുക ഫണ്ട് ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്ന‌ു സൂചന.കഴിഞ്ഞ ദിവസം കടൽ കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉന്നയിച്ച സബ്മിഷന‌ു മന്ത്രി നൽകിയ മറുപടി ദേശീയ തീരദേശ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കാര്യങ്ങൾ തീരുമാനിക്കുമെന്നാണ്.

വർഷങ്ങൾക്കു മുൻപ് ചെന്നൈ ഐഐടിയിലെ വിദഗ്ധർ അടക്കം പഠനം നടത്തി തീർപ്പ് കൽപിച്ച ഒരു വിഷയത്തിൽ ഇനിയും പഠനം എന്തിനെന്നാണ് അവരുടെ ചോദ്യം.ഐഐടിയും സമുദ്ര ഗവേഷണ പഠനവിഭാഗവും ഈ വിഷയത്തിൽ പഠനങ്ങൾ നടത്തി റിപ്പോർട്ടുകൾ നൽകിയിട്ടുള്ളതാണ്. എന്നാൽ ഫണ്ടിന്റെ ലഭ്യതയിൽ തട്ടി പിന്നീടുള്ള പദ്ധതികളൊന്നും നടപ്പിലായില്ല. തുടങ്ങി വച്ച പുലിമുട്ട് നിർമാണമാകട്ടെ പാതി വഴിയിൽ നിലയ്ക്കുകയും ചെയ്തു.

സംസ്ഥാന തീരദേശ വികസന കോർപറേഷൻ, ചെന്നൈ ഐഐടി വഴി തയാറാക്കിയ പഠനറിപ്പോർട്ട് പ്രകാരം കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ച 145.87കോടി രൂപയുടെ പദ്ധതി, ഇറിഗേഷൻ വകുപ്പ് എഡിബി ധനസഹായത്തോടെ ആവിഷ്കരിച്ച 3500 കോടി രൂപ ചെലവുള്ള പദ്ധതി, ഹാർബർ എൻജിനീയറിങ് വകുപ്പ് തയാറാക്കി കേന്ദ്രത്തിന്റെ പരിഗണനയിലുള്ള 2400 കോടി രൂപയുടെ പദ്ധതി എന്നിവയെല്ലാം ആവിഷ്കരിക്കപ്പെട്ടതല്ലാതെ പണം എവിടെ നിന്നെന്ന ചോദ്യത്തിന് ഉത്തരമില്ല.

ഇതിനു ശേഷം തീരദേശ സദസ്സിൽ ഉരുത്തിരിഞ്ഞ ചെല്ലാനം മോഡൽ കടൽഭിത്തി നിർമാണ പദ്ധതിയും ഓരങ്ങൾ ഉയർത്തി സംരക്ഷണ ഭിത്തി കെട്ടിക്കൊണ്ടുള്ള തീരദേശ റോഡു നിർമാണവും അടങ്ങുന്ന പദ്ധതിയും പ്രഖ്യാപ‌ിച്ചു. ഇറിഗേഷൻ വകുപ്പിന്റെ ഡിസൈനിങ് വിഭാഗമായ ഐഡിആർബി ഡിസൈൻ തയാറാക്കുകയും എസ്റ്റിമേറ്റ‌് ഉൾപ്പെടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുകയും 56 കോടിയുടെ തീരസംരക്ഷണ പദ്ധതിക്ക് അനുമതി കിട്ടുകയും ചെയ്തു. എന്നാൽ ഫണ്ടില്ലെന്ന പേരിൽ ഇതും നീട്ടിവച്ചു.

ഇതിനു ശേഷമാണ് സർക്കാർ ഇപ്പോൾ പുതിയ റിപ്പോർ‌ട്ടിനായി കാത്തിരിക്കുന്നത്. എന്നാൽ കടൽകയറ്റവും തുടർന്നുള്ള ജനകീയ സമരവും കഴിഞ്ഞപ്പോഴുള്ള സർക്കാർ നിലപാട് ഇതായിരുന്നില്ലെന്നാണ് സൂചന. ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണമായിരുന്നു സമരക്കാരുടെ മുഖ്യ ആവശ്യമെന്നതിനാൽ എടവനക്കാട് പഴങ്ങാട് മേഖലയിൽ രണ്ടര കിലോമീറ്ററോളം നീളത്തിലെങ്കിലും അവ സ്ഥാപിക്കുന്നതിനുള്ള സാധ്യത ബന്ധപ്പെട്ട വകുപ്പ് ഒരു ഘട്ടത്തിൽ പരിഗണിച്ചിരുന്നു.നിവേദനം നൽകാനായി വൈപ്പിനിൽ നിന്ന് എത്തിയ സ്വന്തം പാർട്ടിക്കാർക്ക് മന്ത്രി തന്നെ ഇതേക്കുറിച്ച് സൂചനയും നൽകിയിരുന്നു. 

നിയമസഭയിൽ സബ്മിഷന് ‌നൽകിയ മറുപടിയിലും എടവനക്കാട് ടെട്രാപോഡ് സംരക്ഷണമാണ് വേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനം നടത്താതെ പഠന റിപ്പോർട്ട് അനുസരിച്ചായിരിക്കും ഭാവി പദ്ധതികളെന്നും പറഞ്ഞതോടെ അക്കാര്യത്തിലും ഉറപ്പില്ലാതായിരിക്കുകയാണ്.ഈ സാഹചര്യത്തിൽ എടവനക്കാടിനു പ്രത്യേകമായി പ്രഖ്യാപിച്ച 56 കോടിയുടെ പദ്ധതിയെങ്കിലും നടപ്പാക്കണമെന്ന ആവശ്യമാണ് തീരവാസികൾ മുന്നോട്ടുവയ്ക്കുന്നത്. ഇതിനുളള പണം ജിഡ ഫണ്ടിൽ നിന്ന് ലഭ്യമാക്കുമെന്ന ഉറപ്പും അവർ ആവശ്യപ്പെടുന്നു. ഇതിനിടെ ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് 20ന് കലക്ടറുടെ സാന്നിധ്യത്തിൽ ജിഡയുടെ യോഗം വിളിക്കാമെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com