ADVERTISEMENT

നെടുമ്പാശേരി ∙ നാലമ്പല ദർശനത്തിനൊരുങ്ങി തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം. ഇന്നാണു രാമായണ മാസത്തിലെ നാലമ്പല ദർശനത്തിനു തുടക്കമാകുന്നത്. കർക്കടക മാസത്തിൽ ദശരഥ പുത്രൻമാരായ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം സന്ദർശനം നടത്തുന്നതു പുണ്യമായാണു ഭക്തർ വിശ്വസിക്കുന്നത്. 

തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, പായിമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയോടൊപ്പമാണു മൂഴിക്കുളത്ത് നാലമ്പല ദർശനം നടക്കുന്നത്. തൃപ്രയാറിൽ നിന്ന് ആരംഭിച്ച് കൂടൽമാണിക്യം, പായിമ്മൽ, മൂഴിക്കുളം ക്ഷേത്രങ്ങളിലെ സന്ദർശനത്തിനു ശേഷം തൃപ്രയാറിൽ തന്നെ അവസാനിക്കുന്ന വിധമാണ് ഇവിടത്തെ നാലമ്പല ദർശന ക്രമം. 

രാമായണ മാസാചരണത്തോടനുബന്ധിച്ച് മൂഴിക്കുളം ക്ഷേത്രത്തിൽ സാധാരണ ദിവസങ്ങളിൽ രാവിലെ 5 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് 5 മുതൽ രാത്രി 8 വരെയുമാണു ദർശന സമയം. അവധി ദിവസങ്ങളിൽ പുലർച്ചെ 4.30 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4.30 മുതൽ രാത്രി 9 വരെയും ദർശനത്തിനു സൗകര്യമുണ്ട്. ഒറ്റയപ്പം, ഉണ്ണിയപ്പം, അരവണ, അവിൽ നിവേദ്യം, തട്ടം നിവേദ്യം, എളളുതിരി, ചരടുജപം, പാൽപായസം എന്നിവയാണു പ്രധാന വഴിപാടുകൾ. 

ഭക്തർക്കു വെയിലും മഴയും തിക്കും തിരക്കും അനുഭവപ്പെടാതെ ദർശനം നടത്തുന്നതിനു പ്രത്യേക പന്തൽ, ബാരിക്കേഡുകൾ തുടങ്ങിയവ സജ്ജമാക്കി. ദിവസവും അന്നദാനമുണ്ട്. കെഎസ്ആർടിസി വിവിധ സ്റ്റേഷനുകളിൽ നിന്നു പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇവർക്കു ദർശനത്തിനു പ്രത്യേക ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

വാഹനങ്ങൾ പാർക്ക് ചെയ്യാൻ കിഴക്കേ നടയിൽ പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. രാമായണ മാസാചരണത്തോടനുബന്ധിച്ച് നാലമ്പല ദർശനത്തിന്റെ ഭാഗമായി തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്ര നടയിൽ സേവാഭാരതി അങ്കമാലിയുടെ സേവാകേന്ദ്രം ഇന്നു രാവിലെ തുറന്നു പ്രവർത്തനം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com