ADVERTISEMENT

പറവൂർ ∙ കോൺവന്റ് റോഡിലെ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപത്തെ 2 മരങ്ങൾ കടപുഴകി വീണ് പിങ്ക് പൊലീസിന്റെ കാർ തകർന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ശക്തമായ കാറ്റും മഴയും ഉണ്ടായപ്പോഴാണ് മരങ്ങൾ കടപുഴകിയത്. വാഹന പരിശോധന നടത്താനാണു പൊലീസ് ഉദ്യോഗസ്ഥർ വൃന്ദാവൻ സ്റ്റോപ്പിന് സമീപം എത്തിയത്. വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഹൈവേ പൊലീസാണ് പിങ്ക് പൊലീസിന്റെ വാഹനത്തിൽ ഉണ്ടായിരുന്നത്. ഹൈവേ പൊലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു വർക്‌ഷോപ്പിൽ ആയതിനാലാണ് അവർ പിങ്ക് പൊലീസിന്റെ കാറുമായി എത്തിയത്.

കാറ്റും മഴയും വന്നതോടെ 3 ഉദ്യോഗസ്ഥർ സമീപത്തെ വെയ്റ്റിങ് ഷെഡിലേക്ക് മാറി നിന്നു. ഒരാൾ കാറിൽ കയറിയിരുന്നു. അപ്പോഴാണ് അപകടം നടന്നത്. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ പൊട്ടുകയും ബോഡി തകരുകയും ചെയ്തു. മരങ്ങൾ വീണപ്പോൾ വൈദ്യുതി ലൈനും പൊട്ടി. സമീപത്തെ വീടിന്റെ മതിലിനും കേടുപാടുണ്ടായി.പ്രദേശത്തെ 5 വിദ്യാലയങ്ങളിലെ കുട്ടികളും വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളും പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. മരങ്ങൾ വീണതു രാവിലെയോ വൈകിട്ട് സ്കൂൾ വിടുന്ന സമയത്തോ ആയിരുന്നെങ്കിൽ വൻ ദുരന്തമായേനെ.

വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപത്തെ കാലപ്പഴക്കമുള്ള മരങ്ങൾ മുറിച്ചു നീക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. മുൻപും ഇവിടെ സമാന രീതിയിൽ പലതവണ മരങ്ങൾ കടപുഴകിയിട്ടുണ്ട്. പിഡബ്ല്യുഡി പുറമ്പോക്കിലാണ് മരങ്ങൾ നിൽക്കുന്നതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും പിഡബ്ല്യുഡി അധികൃതർ മരങ്ങൾ മുറിച്ചു മാറ്റിയില്ലെന്നുമാണ് നഗരസഭ ഉപാധ്യക്ഷൻ എം.ജെ.രാജു പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com