ADVERTISEMENT

കാക്കനാട്∙ ബുക്ക് ചെയ്താൽ ഓണക്കാലത്ത് വില കുറഞ്ഞ മദ്യം ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കാൻ ഓർഡർ എടുത്ത സംഘം വ്യാജ മദ്യവുമായി എക്സൈസിന്റെ പിടിയിൽ. കാക്കനാട് ഇടച്ചിറ സ്വദേശി കുന്നേപ്പറമ്പിൽ വീട്ടിൽ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52), സുരേഷിന്റെ ഭാര്യ മിനി (47), കാക്കനാട് ഇടച്ചിറ പർലിമൂല വീട്ടിൽ ഫസലു എന്ന നാസർ (42) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റെ സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. 

ഇവരുടെ താമസ സ്ഥലത്തുനിന്ന് പുതുച്ചേരിയിൽ നിന്ന് കടത്തി കൊണ്ടുവന്ന അര ലിറ്ററിന്റെ 77 കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു. അതീവ രഹസ്യമായായിരുന്നു മദ്യക്കച്ചവടത്തിനുള്ള ഓർഡർ എടുത്തിരുന്നത്. മദ്യവിൽപന പരിസരവാസികൾ അറിയാതിരിക്കാന്‍ കാക്കനാട് ഭാഗത്തുനിന്ന് മൂന്നു കിലോമീറ്റർ അപ്പുറത്തേക്കുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഓർഡർ എടുത്തിരുന്നുള്ളൂ. ഓർഡർ എടുത്ത ശേഷം ഓണക്കാലത്ത് വ്യാജ മദ്യം ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കാനായിരുന്നു പ്ലാൻ. ഏറ്റവും കുറഞ്ഞത് പത്തെണ്ണം എങ്കിലും ബുക്ക് ചെയ്യണം. പത്തെണ്ണം ബുക്ക് ചെയ്താൽ ഒരെണ്ണം സൗജന്യമായി നൽകും.

ഇതര സംസ്ഥാനക്കാരുടെ ക്യാംപ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ബുക്കിങ് എടുത്തിരുന്നത്. ഓർഡർ പിടിച്ച് കൊടുത്തിരുന്നത് ഫസലു ആണ്. ഓർഡർ ലഭിച്ച പ്രകാരമുള്ള മദ്യം ബിഗ് ഷോപ്പർ സഞ്ചിയിൽ വച്ച ശേഷം സഞ്ചിയുടെ മുകൾ ഭാഗത്ത് അങ്ങാടി മരുന്നുകൾ നിരത്തും. തുടർന്ന് സുരേഷും ഭാര്യയും കൂടി ഓട്ടോറിക്ഷയിൽ അങ്ങാടി മരുന്ന് എത്തിക്കുന്നു എന്ന വ്യാജേന ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കുന്നതായിരുന്നു രീതി. നേരത്തെ ഇവർക്ക് അങ്ങാടി മരുന്നുകളുടെ കച്ചവടം ആയിരുന്നു. മൂന്നു കിലോമീറ്ററിൽ കൂടുതൽ ദൂരം ഉണ്ടെങ്കിൽ ട്രാൻസ്പോർട്ട് ചാർജും ഈടാക്കും. അല്ലെങ്കിൽ ഡെലിവറി ഫ്രീ ആണ്. അരലിറ്റർ മദ്യത്തിന് 350 രൂപയാണ് ഈടാക്കിയിരുന്നത്.

ബുക്കിങ് പൊടി പൊടിച്ചതോടെ അതീവ രഹസ്യമായി നടത്തിയിരുന്ന മദ്യക്കച്ചവടം പരസ്യവാചകം പോലെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് ടീമിന്റെ ചെവിയിലുമെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഇടച്ചിറ സ്വദേശിയായ തോക്ക് എന്ന് വിളിക്കുന്ന സുരേഷും സംഘവുമാണ് മദ്യ കച്ചവടം നടത്തുന്നതെന്ന് എക്സൈസ് കണ്ടെത്തി. തോക്കിന്റെ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് സംഘം ഇവരുടെ വീടിന്റെ ടെറസിന് മുകളിൽ കൂട്ടിയിട്ടിരുന്ന മണൽക്കൂനക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ 77 കുപ്പി വ്യാജമദ്യം കണ്ടെടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അങ്ങാടി മരുന്ന് കച്ചവടത്തിൽ ഇവരെ സഹായിച്ചിരുന്ന കുടുകുടു എന്ന് വിളിക്കുന്ന മനാഫ് എന്ന ആൾ പുതുച്ചേരിയിൽ നിന്ന് കടത്തി കൊണ്ടുവന്ന് വിൽക്കാൻ ഏൽപ്പിച്ചതാണെന്ന് ഇവയെന്ന് വെളിപ്പെടുത്തി. എടുത്തിരുന്ന മദ്യത്തിന്റെ ഭൂരിഭാഗവും ബുക്കിങ് ആയതോടെ കൂടുതൽ മദ്യം ഇറക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലായതെന്നും ഇവർ പറഞ്ഞു.

ഇവരുടെ മൊഴി പ്രകാരം മനാഫിനെ പ്രതി ചേർത്തിട്ടുണ്ട്. പുതുച്ചേരിയിൽ മാത്രം വിൽക്കപ്പെടുന്ന ഈ മദ്യം അവിടെ നിന്ന് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന് ഇത്രയും അവളിൽ കൈവശം സൂക്ഷിച്ച് വിൽപന നടത്തുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വരു ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എൻഫോഴ്സ്മെന്റ് അസി. എക്സൈസ് കമ്മിഷണർ ടി.എൻ.സുധീർ അറിയിച്ചു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അനധികൃത മദ്യം, ലഹരിമരുന്ന് എന്നിവ സംബന്ധിച്ച് വരും ദിവസങ്ങളിലും കർശന പരിശോധ തുടരുമെന്നും അസി. കമ്മിഷണർ അറിയിച്ചു. 

എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി.സജി, ഇൻസ്പെക്ടർ ടി.എൻ.അജയകുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ എൻ.ഡി.ടോമി, ഇന്റ്ലിജൻസ് പ്രിവന്റീവ് ഓഫിസർ എൻ.ജി.അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫിസർ കെ.കെ.അരുൺ, കെ.ആർ.സുനിൽ, സ്പെഷൽ സ്ക്വാഡ് വനിതാ സിഇഒ സരിതാ റാണി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി.സി.പ്രവീൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

English Summary:

Illegal Liquor Ring Busted in Kakkanad, 77 Bottles Seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com