ADVERTISEMENT

കാക്കനാട്∙ യാത്രക്കാരുടെ സമയവും വാഹനങ്ങളിലെ ഇന്ധനവും നഷ്ടപ്പെടാതിരിക്കാൻ സിവിൽ ലൈൻ റോഡിലെ പടമുകളിലും ഫ്ലൈ ഓവർ നിർമിക്കണമെന്ന ആവശ്യം ശക്തം. കുന്നുംപുറം മുതൽ പടമുകൾ വരെ വൻകുരുക്കാണ് അനുഭവപ്പെടുന്നത്. 3 റോഡുകൾ േചരുന്ന പടമുകൾ പമ്പ് ജംക‍്ഷനിൽ രൂപപ്പെടുന്ന കുരുക്കാണ് ഇരുഭാഗത്തേക്കും നീളുന്നത്. രാവിലെയും വൈകിട്ടും വാഹന നിരയുടെ ദൈർഘ്യം കൂടും. ഐടി മേഖലയിലേക്കും സർക്കാർ ഓഫിസുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും ജോലിക്കു പോകുന്നവരും ജോലി കഴിഞ്ഞു മടങ്ങുന്നവരുമാണ് റോഡിൽ കെട്ടിക്കിടക്കേണ്ടി വരുന്നത്.

പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികൾക്കും സമയനഷ്ടമുണ്ടാകുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് വരുന്ന നൂറു കണക്കിനു വാഹനങ്ങൾ പടമുകൾ പമ്പ് ജംക‍്ഷൻ വഴിയാണ് കടന്നു പോകുന്നത്. രാത്രിയും പകലും ഒരേ തിരക്കാണ്. പമ്പ് ജംക‍്ഷനിലെ കുരുക്കിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന വാഹനങ്ങൾ പടമുകൾ ജംക‍്ഷനിലെത്തുമ്പോൾ പാലച്ചുവട് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.     

കുരുക്കഴിക്കാൻ വേറെ വഴിയില്ല
പടമുകൾ പമ്പ് ജംക‍്ഷനിൽ ഫ്ലൈഓവർ നിർമിക്കുകയല്ലാതെ ഇവിടത്തെ കുരുക്കഴിക്കാൻ മറ്റു പരിഷ്കാരങ്ങൾക്കാകില്ലെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. നിത്യേനെയെന്നോണം വാഹനത്തിരക്ക് കൂടി വരികയാണ്. ഇവിടെയും മെട്രോ റെയിലിന്റെ തൂണുകൾ സ്ഥാപിക്കും മുൻപ് ഫ്ലൈ ഓവറിന്റെ രൂപരേഖ തയാറാക്കണം. ഈ ജംക‍്ഷനോടു ചേർന്നു മെട്രോ റെയിൽ സ്റ്റേഷൻ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇതു പൂർത്തിയാകും മുൻപ് രൂപരേഖ തയാറാക്കേണ്ടി വരും.

ഫ്ലൈ ഓവർ സിവിൽ ലൈൻ റോഡിന്റെ ഇരുവശങ്ങളെ ബന്ധിപ്പിച്ചു വേണോ, സിവിൽ ലൈൻ റോഡിൽ നിന്ന് സീപോർട്ട് ലിങ്ക് റോഡിലേക്ക് വേണോ എന്ന കാര്യം വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ തീരുമാനിക്കാനാകു. കെഎംആർഎൽ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി അന്തിമ തീരുമാനത്തിലെത്തണം.  ഇവിടെയും മെട്രോ റെയിലിനായി സ്ഥലമെടുപ്പു പൂർത്തിയാക്കിയിട്ടുള്ളതിനാൽ ഫ്ലൈഓവറിന് ചെറിയ അളവിൽ മാത്രം സ്ഥലം ഏറ്റെടുത്താൽ മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com