ADVERTISEMENT

മുളന്തുരുത്തി ∙ ചക്രഷൂവിൽ വിജയക്കുതിപ്പ് തുടരാനുള്ള അബ്നയുടെ സ്വപ്നങ്ങൾക്കു മുത്തൂറ്റ് ഫിനാൻസിന്റെ തണൽ. ഇറ്റലിയിൽ നടക്കുന്ന ലോക സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ആമ്പല്ലൂർ സ്വദേശി എ.എ. അബ്നയെ മുത്തൂറ്റ് ഫിനാൻസ് സ്പോൺസർ ചെയ്യും. ലോക ചാംപ്യൻഷിപ്പിനു യോഗ്യത നേടിയിട്ടും പരിശീലനത്തിനും യാത്രയ്ക്കും സാമ്പത്തിക ബുദ്ധിമുട്ടുന്ന അബ്നയുടെ കഥ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണു സഹായ വാഗ്ദാനവുമായി മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ ടീം രംഗത്തുവന്നത്.

പരിശീലനത്തിനും ഉപകരണങ്ങൾക്കും അടക്കം ചാംപ്യൻഷിപ്പിനു പങ്കെടുക്കാനുള്ള മുഴുവൻ ചെലവുകളും മുത്തൂറ്റ് വഹിക്കും. വളർന്നു വരുന്ന യുവ പ്രതിഭയ്ക്ക് കൈത്താങ്ങാവാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. കായിക രംഗത്തെ ഒട്ടേറെ പ്രതിഭകളെയാണ് മുത്തൂറ്റ് ഫിനാൻസ് പിന്തുണയ്ക്കുന്നതെന്നും അബ്നയ്ക്ക് സ്പോൺസർഷിപ് നൽകുന്നതിലൂടെ രാജ്യത്തിന് മികച്ചൊരു കായിക താരത്തെ കൂടിയാണ് ലഭിക്കുന്നതെന്നും മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു.

10 വർഷമായി സ്കേറ്റിങ് പരിശീലിക്കുന്ന അബ്ന ഇതിനോടകം ദേശീയ തലത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ചാംപ്യൻഷിപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ദേശീയ ടീമിനൊപ്പം ക്യാംപ് പൂർത്തിയാക്കി നിലവിൽ പാലക്കാട് പരിശീലനത്തിലാണ്.  13 മുതൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അബ്ന 8നു ടീമിനൊപ്പം ഇറ്റലിയിലേക്കു പുറപ്പെടും. ആമ്പല്ലൂർ തൊണ്ടിലങ്ങാടി അമ്പിളി നിവാസിൽ സി.സി.അജയകുമാറിന്റെയും എം.എച്ച്. ബിനുവിന്റെയും മകളായ അബ്ന പൂത്തോട്ട ശ്രീനാരായണ ലോ കോളജ് വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com