ADVERTISEMENT

അങ്കമാലി ∙ ദേശീയപാതയിൽ കരയാംപറമ്പ് ജംക്‌ഷനു സമീപം വൻ അപകട സാധ്യത. റോഡിലെ കുഴികളിൽ വീണു വാഹനങ്ങൾ നിയന്ത്രണം വിട്ട് ഇടിക്കുന്നതു പതിവാകുന്നു. ഇന്നലെ പുലർച്ചെ 3 ലോറികൾ കൂട്ടിയിടിച്ചു. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ അങ്കമാലി, കറുകുറ്റി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുഴിയിൽ വീണു നിയന്ത്രണം വിട്ട ലോറി പെട്ടെന്നു ബ്രേക്കിട്ടതിനെ തുടർന്ന് ആ ലോറിയുടെ പിന്നിൽ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരു ലോറിയുടെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. തൃശൂർ ഭാഗത്തു നിന്ന് അങ്കമാലി ഭാഗത്തേക്കു പച്ചക്കായ കയറ്റിവന്ന ലോറിയാണു തകർന്നത്. റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ വീണിട്ടുണ്ട്. ഏറ്റവും അപകടകരമായ രീതിയിൽ കുഴികൾ വീണിട്ടുള്ളത് കരയാംപറമ്പ് ജംക്‌ഷനു സമീപത്താണ്. ഒട്ടേറെ പ്രാവശ്യം ഇവിടെ കുഴികൾ നികത്തിയിരുന്നു.

ഗുണനിലവാരം ഇല്ലാത്ത ടാറിങ് നടത്തിയതിനാലാണ് ഒരു മഴ പെയ്യുമ്പോഴേക്കും പെട്ടെന്നു കുഴികൾ വീഴുന്നത്. കുഴികൾ ടാറിട്ട് നികത്തുമെങ്കിലും യന്ത്രങ്ങൾ ഉപയോഗിച്ച് ഉറപ്പിക്കാറില്ല. ടാറിങ് നടത്തി ഒരാഴ്ച കഴിയുമ്പോഴേക്കും ടാറിങ് ഉരുണ്ടുകൂടി റോഡിൽ തന്നെ തടമുഴകൾ വീഴും. കരയാംപറമ്പ് സിഗ്നൽ ജംക്‌ഷനു സമീപത്തായി കുഴികളോടൊപ്പം ഒട്ടേറെ തടമുഴകളും ഉണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്നു റോഡിലെ കുഴികളും തടമുഴകളും കണ്ടു ബ്രേക്കിടുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ മുന്നിലെ വാഹനത്തിൽ ഇടിക്കുന്നു. നിരന്തരമായി കുഴികൾ രൂപപ്പെട്ടിരുന്ന കറുകുറ്റി ഭാഗത്തും മറ്റും ടാറിങ് മൊത്തമായി പൊളിച്ചുകളഞ്ഞ് വീണ്ടും ടാർ ചെയ്തിരുന്നു. എന്നാൽ ഒട്ടേറെ അപകടങ്ങൾ നടക്കുന്ന കരയാംപറമ്പ് ഭാഗത്ത് കുറ്റമറ്റ ടാറിങ് നടത്താൻ ദേശീയപാത അധികൃതർ നടപടികൾ എടുക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. 

 മഴ പെയ്യുമ്പോഴാണ് അപകടങ്ങൾ ഏറുന്നത്. ബൈക്കുകളാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. സിഗ്നൽ ജംക്‌ഷനോടു ചേർന്നുള്ള ഭാഗത്ത് വീണ്ടും കുഴി രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ദേശീയപാതയിൽ കുഴിയിൽ വീണ് ഒരു യാത്രക്കാരൻ‍ മരിക്കാനിടയായ സംഭവത്തെ തുടർന്നു ഹൈക്കോടതി നിർദേശപ്രകാരം ദേശീയപാതയിലെ കുഴികൾ നികത്തിയിരുന്നു. പിന്നീട് വേഗത്തിൽ തന്നെ കുഴി നികത്താൻ നടപടികൾ എടുക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ കുഴി വീണ് ഏറെ നാൾ കഴിഞ്ഞാണ് നികത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com