ADVERTISEMENT

കൊച്ചി∙ അഭിപ്രായം എന്തുതന്നെയായാലും തുറന്നു പറയുന്ന ശീലമായിരുന്നു എം.എം. ലോറൻസിന്–അതു പാർട്ടി കമ്മിറ്റിയിലായാലും പുറത്തായാലും. അതുകൊണ്ടു ദോഷമേ ഉണ്ടായിട്ടുള്ളു എങ്കിലും അദ്ദേഹം പക്ഷേ, സ്വഭാവം മാറ്റിയില്ല. ജ്യേഷ്ഠൻ ഏബ്രഹാം മാടമാക്കലിനു പണ്ടു കൊടുത്ത വാക്കാണത്. ലോറൻസിന്റെ തലയിലേക്കു കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം ഇട്ടുകൊടുത്തത് അദ്ദേഹമായിരുന്നു. സായുധ സമരം വിപ്ലവമാർഗമാക്കാമെന്ന പാർട്ടി കൽക്കട്ട തീസിസിന്റെ കാലത്തു ജ്യേഷ്ഠൻ ലോറൻസിനോടു പറഞ്ഞു– ‘ഞാൻ പാർട്ടി വിടുകയാ. അക്രമവും സായുധ പോരാട്ടവും അംഗീകരിക്കാൻ വയ്യ’ 

പക്ഷേ, പാർട്ടി വിടാൻ ലോറൻസിനു മനസ്സുവന്നില്ല. കമ്യൂണിസവുമായി അത്രയേറെ അലിഞ്ഞു ചേർന്നിരുന്നു. പാർട്ടിയെ ഒരുകാലത്തും വിട്ടില്ലെന്നു മാത്രമല്ല, കുറ്റമൊന്നും ചെയ്യാതിരുന്നിട്ടു പോലും പാർട്ടി നൽകിയ ശിക്ഷകൾ ഏറ്റുവാങ്ങുകയുമുണ്ടായി. വി. വിശ്വനാഥമേനോൻ പാർട്ടിയോടു പിണങ്ങി പുറത്തുപോയപ്പോൾ അനുനയിപ്പിക്കാൻ പോയതു ലോറൻസും ടി. കെ. രാമകൃഷ്ണനും ചേർന്നാണ്. 

പ്രായം തളർത്താത്ത പ്രവർത്തനം 
പ്രായം ഏറിയപ്പോഴും പുതുകാലത്തിനൊപ്പം നടന്നയാളാണു ലോറൻസ്. 3 വർഷം മുൻപു വരെ ഫെയ്സ് ബുക്കിൽ നിരന്തരം പോസ്റ്റുകളുണ്ടായിരുന്നു. പാർട്ടിയുടെ ഏതു പരിപാടികളിലും എത്തും; പ്രസംഗിക്കാനും പ്രവർത്തിക്കാനും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരുന്നതു മുടക്കാറില്ല. യാത്രചെയ്യാൻ മടിയില്ല. 90–ാം വയസ്സിൽ ഓസ്ട്രേലിയയിലുള്ള ബന്ധുവിന്റെ അടുത്തേക്കു തനിച്ചു പോയിട്ടുണ്ട്.

ത്രിവർണ പതാക കുത്തി; സ്കൂളിൽ നിന്നു പുറത്ത്
ഫോർട്ട്കൊച്ചി നസ്രേത്ത് മാടമാക്കൽ അവിരാ മാത്തുവിന്റെയും മംഗലത്തു മറിയത്തിന്റെയും മകനായി 1929 ജൂൺ 15 നു ജനിച്ച എം.എം. ലോറൻസ് പിന്നീടു മുളവുകാട്ടേക്കു മാറുകയായിരുന്നു. സ്വാതന്ത്ര്യസമര കാലത്തു ത്രിവർണ പതാക പോക്കറ്റിൽ കുത്തിയതിനു സെന്റ് ആൽബർട്സ് സ്കൂളിൽ നിന്നു പുറത്താക്കിയതു മൂലം മുനവ്വിറുൽ ഇസ്‌ലാം സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. കൊച്ചി സ്റ്റേറ്റ് വിദ്യാർഥി ഫെഡറേഷൻ സെക്രട്ടറിയായിരുന്നു. 1946ൽ കമ്യൂണിസ്റ്റു പാർട്ടി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ മുഖ്യ പ്രതികളിലൊരാളായി 1950 ൽ അറസ്റ്റ് ചെയ്യപ്പെട്ടു. അതിഭീകര പൊലീസ് മർദനത്തിനു വിധേയനായി. 2 വർഷം വിചാരണ തടവുകാരനായി കഴിഞ്ഞു. 1965ൽ കരുതൽ തടങ്കൽ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്തു ‘മിസ’ തടവുകാരനായി വിവിധ ജയിലുകളിൽ 6 വർഷം കഴിഞ്ഞു. പാർട്ടി പ്രവർത്തനം തുടങ്ങിയ കാലത്തു കൊച്ചിയിലെ തോട്ടിത്തൊഴിലാളികളെയും പീടിക, ഹോട്ടൽ തൊഴിലാളികളെയും സംഘടിപ്പിച്ചതു ലോറൻസായിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയം 1980ൽ മാത്രമേ ലോറൻസിന്റെ വഴിക്കു വന്നുള്ളു. അന്ന് ഇടുക്കിയെ ലോക്സഭയിൽ പ്രതിനിധീകരിച്ചു. 1984ൽ മുകുന്ദപുരത്ത് തോൽവി. 91ൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ പുതുമുഖം കെ. ബാബുവിനോട് പരാജയം. 

English Summary:

This article delves into the life of M.M. Lawrence, a steadfast advocate for his beliefs. Influenced by his elder brother, Abraham Mattamkkal, Lawrence became deeply involved in communist ideology. However, the Calcutta Thesis, which advocated against armed struggle, created a rift between the brothers and the party. This article explores Lawrence's unwavering commitment to his principles, a testament to his character and the influence of his brother.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com