ADVERTISEMENT

ശാന്തൻപാറ ∙ ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ നിന്ന് അടർത്തി മാറ്റാൻ കഴിയാത്ത സംസ്ഥാനപാതയാണ് 106 കിലോമീറ്റർ വരുന്ന മൂന്നാർ – കുമളി റോഡ്. ഈ റോഡിലെ 7 പതിറ്റാണ്ട് പഴക്കമുള്ള പാലം യാതൊരു അറ്റകുറ്റപ്പണികളുമില്ലാതെ, അപകടക്കെണിയായി ഇന്നും നിലനിൽക്കുന്നു. ശാന്തൻപാറയ്ക്കും പൂപ്പാറയ്ക്കും ഇടയിലുള്ള ഇൗ പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും പുതിയ പാലം പണിയാനുള്ള നടപടികൾ ഇഴയുകയാണ്.

മൂന്നാറിൽ തുടങ്ങി നെടുങ്കണ്ടം, പുളിയൻമല, വണ്ടൻമേട് എന്നിവിടങ്ങളിലൂടെ കുമളിയിൽ അവസാനിക്കുന്ന, എസ്എച്ച് 19 എന്നറിയപ്പെടുന്ന റോഡ് സംസ്ഥാന രൂപീകരണത്തിനു മുൻപ് ജില്ലയിൽ നിർമിച്ച പ്രധാന പാതകളിലൊന്നാണ്. 1952ലാണ് തിരു – കൊച്ചി സർക്കാരിലെ പൊതു മരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി.ചന്ദ്രശേഖര പിള്ള ഇൗ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

അന്ന് ദേവികുളം – കുമളി റോഡ് എന്നറിയപ്പെട്ടിരുന്ന ഇൗ പാതയിലെ ഏറ്റവും പഴയ പാലമാണ് ശാന്തൻപാറയിലേത്. 2 വർഷം മുൻപ് കൈവരികൾ ബലപ്പെടുത്തിയതു മാത്രമാണ് ഇൗ പാലത്തിൽ നടത്തിയ ഏക നവീകരണ പ്രവർത്തനം. ഇത്രയും വർഷത്തിനിടെ ഇവിടെ അപകടത്തിൽ പെട്ട വാഹനങ്ങളുടെ കണക്കെടുക്കുക പ്രയാസമാണ്. ഒരു വർഷം മുൻപ് ചരക്കുലോറി പാലത്തിൽ നിന്നു താഴേക്കു പതിച്ച് അപകടമുണ്ടായിരുന്നു.

കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന ഇൗ പാലത്തിലൂടെയാണ് ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്നത്. ചരക്കുവാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ ഭയം തോന്നുമെന്നു നാട്ടുകാർ പറയുന്നു. റോഡുകളെല്ലാം നന്നാക്കിയപ്പോൾ, അപകടാവസ്ഥയിലായ പാലങ്ങൾ കൂടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com