ADVERTISEMENT

ചിന്നക്കനാൽ ∙ ചിന്നക്കനാൽ 301 കോളനിയിൽ വീടിനോടു ചേർന്നു നായയെ പൂട്ടുന്ന തുടലിൽ കെട്ടിത്തൂക്കിയ നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. 301 കോളനി സ്വദേശി തരുണിനെ(23)യാണു വെള്ളിയാഴ്ച വൈകിട്ട് 6നു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തു ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയ ശേഷം ഇന്നലെ ഉച്ചയോടെ തരുണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

തരുണിന്റെ മൃതദേഹം കണ്ടെത്തിയ വീടിനു പിറകുവശത്തു ഫൊറൻസിക് വിദഗ്ധരും പൊലീസും പരിശോധന നടത്തുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നു ശാന്തൻപാറ പൊലീസ് അറിയിച്ചു. മൃതദേഹത്തിനു ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ലെന്നും മണ്ണെണ്ണയോടൊപ്പം മറ്റെന്തോ രാസവസ്തു തീ പിടിക്കാൻ കാരണമായെന്നും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നു പോസ്റ്റ്മോർട്ടം നടക്കുമെന്നാണു പൊലീസ് നൽകുന്ന വിവരം. സംഭവത്തിനു ശേഷം ഇവിടെ നിന്നു പോയ തരുണിന്റെ അമ്മയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ചിന്നക്കനാൽ സ്വദേശിയായ ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇതിനിടെ തരുണിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ രംഗത്തുവന്നു. തരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. സംഭവം നടക്കുമ്പോൾ അമ്മ സാറ വീട്ടിലുണ്ടായിരുന്നില്ല. തരുണിന്റെ മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവർക്കു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

തരുണിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീട്ടുകാർ കാണുന്നതിന് ഒരു മണിക്കൂർ മുൻപ് ഇയാളെ പുറത്തു കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. തരുണിന്റെ വീട്ടിൽ നിന്നു 100 മീറ്റർ താഴെ തൊഴിലാളികൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അസ്വാഭാവികമായ ശബ്ദമോ നിലവിളിയോ കേട്ടില്ലെന്നും ഇവർ പറയുന്നു. മൃതദേഹം തുടലിൽ പൂട്ടിയിട്ടതിനു സമീപത്തു നിന്നു മണ്ണെണ്ണക്കന്നാസും ചൂരൽവടിയും കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നു.

തരുണിന്റെ ദാരുണ മരണത്തിൽ നടുങ്ങി 301 കോളനി

രാജാക്കാട് ∙ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായ യുവാവ് ദാരുണമായി മരിച്ച സംഭവം ഞെട്ടലോടെയാണ് 301 കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾ കേട്ടത്. പഠിക്കാൻ മിടുക്കനായിരുന്ന തരുൺ കോട്ടയത്തെ പ്രശസ്തമായ കോളജിൽ നിന്ന് ബികോം പൂർത്തിയാക്കി ഏതാനും മാസം മുൻപാണ് 301 കോളനിയിലെത്തുന്നത്. 2 മാസം മുൻപുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് തരുണിന്റെ മരണം.

തുടർ പഠനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം തരുൺ ആ സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു. ഏക സഹോദരി നിവേദ മധുര കാമരാജ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുകയാണ്. നിവേദ ബിരുദ പഠനം നടത്തിയ കോളജിലെ അധ്യാപകനായിരുന്ന പ്രഫ. സ്റ്റീഫൻ ചേരിയിൽ ഇൗ സഹോദരങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി തൊടുപുഴയിൽ ഇവർക്ക് വീട് നിർമിക്കാൻ 3 സെന്റ് സ്ഥലം സൗജന്യമായി നൽകിയിട്ടുണ്ട്.

ഒരു വർഷം മുൻപ് വീടിനായി തറ നിർമിച്ചെങ്കിലും പണമില്ലാത്തതിനാൽ  പണി മുടങ്ങി. ഇക്കാലത്ത് നിവേദയും തരുണും തൊടുപുഴയിൽ വാടക വീട്ടിലായിരുന്നു താമസം. അപ്പോൾ‍ തരുൺ സ്വകാര്യ മൊബൈൽ കടയിൽ ജോലിക്കു പോയിരുന്നു. മുത്തശ്ശി അമ്മിണിയാണ് തരുണിനെയും സഹോദരിയെയും ഇതുവരെ പഠിപ്പിച്ചത്. ഏതാനും മാസം മുൻപ് അമ്മിണി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായതോടെ ഇവരുടെ ദുരിതം ഇരട്ടിയായി.

മാസങ്ങൾക്ക് മുൻപ് തൊടുപുഴയിലെത്തിയ സാറ 2 മക്കളെയും കൂട്ടി ചിന്നക്കനാലിലേക്ക് മടങ്ങി. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ‍ തരുണിന് ഇൗ അവസ്ഥ വരില്ലായിരുന്നു എന്നാണ് ഇവരെ സഹായിച്ച പ്രഫ.സ്റ്റീഫൻ ചേരിയിൽ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ഇവരെ ഉപേക്ഷിച്ചു പോയ തമിഴ്നാട് സ്വദേശി ഏഴിമലയാണ് തരുണിന്റെയും നിവേദയുടെയും പിതാവ്. ഏഴിമല മരിച്ചു എന്നാണ് സാറ നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com