ADVERTISEMENT

തൊടുപുഴ∙ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിലെ അപകടക്കെണി ഒഴിവാക്കാൻ നടപടി സ്വീകരിക്കാതെ നഗരസഭ. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് പാലാ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓടയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗ്രിൽ കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയായിട്ട് മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും ഇതു മാറ്റിസ്ഥാപിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.  

2 മാസം മുൻപ് പാലാ റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് നടന്നുവന്ന കോട്ടയം സ്വദേശിനിയായ യുവതിയുടെ കാൽ ഗ്രില്ലിനിടയിൽപെട്ടതോടെ യുവതിക്ക് അനങ്ങാൻ പോലും ആകാതെ അവിടെ തന്നെ ഇരിക്കേണ്ടി വന്നു. പലരും ഓടിയെത്തി രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഗ്രില്ലിനടിയിൽനിന്ന് കാൽ പുറത്തേക്ക് എടുക്കാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.

ഫയർ ഫോഴ്സ് സംഘം എത്തി മെഷീൻ ഉപയോഗിച്ച് ഗ്രിൽ അകത്തിമാറ്റിയാണ് യുവതിയുടെ കാൽ പുറത്തെടുത്തത്.  അപകടകരമായി മാറിയ ഗ്രിൽ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം അന്നു തന്നെ ശക്തമായിരുന്നു. എന്നാൽ മാസം 2 കഴിഞ്ഞിട്ടും ഗ്രിൽ മാറ്റാനുള്ള നടപടി ഉണ്ടായിട്ടില്ല.ഓടയുടെ മുകളിൽ നീളത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിന്റെ പല ഇരുമ്പ് കമ്പികളും ഒടിഞ്ഞനിലയിലാണ്.

നൂറു കണക്കിനു ബസുകൾ എത്തുന്ന ബസ് സ്റ്റാൻഡിൽനിന്ന് കോൺവോയ് പോലെ ബസുകൾ ഇറങ്ങുമ്പോൾ ഗ്രില്ല് ശ്രദ്ധിക്കാതെ ഇതുവഴി പോകുന്ന യാത്രക്കാർ അപകടകെണിയിൽപെട്ടതു തന്ന. ഗ്രില്ല് ചില ഭാഗത്ത് ഒടിഞ്ഞ നിലയിലാണ്. സ്കൂൾ തുറക്കുന്നതോടെ നൂറു കണക്കിനു വിദ്യാർഥികളും ബസ് സ്റ്റാൻഡിലേക്ക് വരും. മഴ ശക്തമാകുക കൂടി ചെയ്യുന്നതോടെ ഗ്രില്ലിലെ അപകടാവസ്ഥ ശ്രദ്ധിക്കാതെ യാത്രക്കാർ അപകടത്തിലാകുമെന്നാണ് നഗരവാസികളുടെ ആശങ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com