ADVERTISEMENT

അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് ഉണങ്ങിയ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. മുൻഭാഗത്തെ ചില്ല് തകർന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെങ്കിലും ഡ്രൈവറുടെ അവസരോചിതമായ ആത്മധൈര്യത്തിൽ വൻ അപകടം ഒഴിവായി. യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കോട്ടയത്തു നിന്ന് കാന്തല്ലൂരിന് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

പാതയോരത്ത് നേര്യമംഗലം വനത്തിലെ വൻ മരത്തിന്റെ 10 ഇഞ്ചിലേറെ വണ്ണമുള്ള ശിഖരമാണ് ഒടിഞ്ഞു വാഹനത്തിന്റെ ചില്ലിൽ പതിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വാഹനം വെട്ടിക്കുന്നതിനിടെ തെന്നിമാറിയെങ്കിലും കൊക്കയിലേക്ക് പതിക്കാതെ പാതയിൽ തന്നെ നിർത്താൻ പാലാ ഡിപ്പോയിൽ നിന്നുള്ള ഡ്രൈവർ മുണ്ടക്കയം ഗുരുവിലാസം ജയചന്ദ്രന് കഴിഞ്ഞതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. 30 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ചില്ലുകൾ തകർന്ന വാഹനം പിന്നീട് കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിലേക്ക് മാറ്റി.

വനമേഖലയിൽ മരം വീണ് അപകടം പതിവ്
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യം സംബന്ധിച്ച് കഴിഞ്ഞ 3ന് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത നാളിൽ ദേശീയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയിൽ മരങ്ങൾ കടപുഴകി വീണുണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചു വരുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു വാർത്ത. 3 വർഷം മുൻപ് ജില്ലാ കലക്ടർ ഇടപെട്ട് പാതയിലേക്ക് വീഴാറായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി വനം, ദേശീയ പാത, പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. തുടർന്ന് സംയുക്ത പരിശോധന നടത്തി അപകടാവസ്ഥയിലുള്ള മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി ഇവ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പിന് നിർദേശം നൽകിയതാണ്. എന്നാൽ ഏതാനും മരങ്ങൾ മാത്രമാണ് മുറിച്ചു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com