ADVERTISEMENT

തൊടുപുഴ∙ ‘ഹലോ നാട്ടുകാരേ, എന്നെ അറിയുമോ? ഞാൻ ഈ നഗരത്തിലെ പാതയിലുള്ള ഏറ്റവും ഇളയ കുഴിയാണ്. പാലാ റോഡിലാണ് താമസം. എന്നെപ്പോലെയുള്ള ചെറിയ കുഴികൾക്ക് വളർന്ന് വലിയ കുളമാകാൻ അനുകൂലമാണ് ഇവിടത്തെ സാഹചര്യം. കാരണമെന്താണെന്നോ? കൃത്യമായി പറഞ്ഞാൽ 3 മാസം മുൻപ് ഞാൻ ഭ്രൂണാവസ്ഥയിൽ, റോഡിലെ ഒരു ചെറിയ ചളുക്കം മാത്രമായിരുന്ന സമയത്ത് നഗരത്തിലെ മാധ്യമങ്ങൾ ഞാനുൾപ്പെടെയുള്ളവരുടെ പടങ്ങൾ എടുത്ത് വാർത്തയാക്കി അധികൃതരെ അറിയിച്ചു. പക്ഷേ, അവർ തിരിഞ്ഞുനോക്കില്ലല്ലോ.. അങ്ങനെ എനിക്കു വളരാൻ സമയം കിട്ടി. ഇന്ന് ഒരു ഇരുചക്ര യാത്രക്കാരനെ വീഴിക്കാനുള്ള കരുത്ത് എനിക്കുണ്ട്. അധികൃതർക്ക് നന്ദി!

ഞാൻ താമസിക്കുന്നതിന്റെ തൊട്ടു താഴെക്കൂടി ജല അതോറിറ്റിയുടെ ശുദ്ധജലപൈപ്പ് പോകുന്നുണ്ട് കേട്ടോ? അത് നല്ല രീതിയിൽ ചോരുന്നുമുണ്ട്. അതുകൊണ്ട് കൈക്കുമ്പിളിൽ നിറയെ എപ്പോഴും വെള്ളവുമായാണ് എന്റെ നിൽപ്. ഒരു വണ്ടിയുടെ ചക്രം വീണുകിട്ടിയാൽ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ആ വെള്ളം തെറിപ്പിക്കലാണ് ഇപ്പോൾ എന്റെ ഹോബി. ‌ഓരോ വണ്ടി ചക്രങ്ങളും എന്നെ കുറേശ്ശെയായി വളർത്തുന്നുമുണ്ട്. മഴക്കാലം ശക്തമാകുമ്പോൾ എന്റെ താമസസ്ഥലത്തിനു ചുറ്റും വലിയ വെള്ളക്കെട്ടാകും. അപ്പോൾ വെള്ളത്തിനടിയിൽ മറഞ്ഞുകിടന്ന് കൂടുതൽ വലുതായി ഒട്ടേറെപ്പെരെ അപകടത്തിൽപെടുത്തുന്നതാണ് ഇപ്പോഴത്തെ എന്റെ സ്വപ്നം. അതു നടക്കും. കാരണം അധികൃതർ തിരിഞ്ഞു നോക്കാത്തിടത്തോളം ഞാനെന്തിനാണ് പേടിക്കുന്നത്? എന്നെ വളർത്തി വലുതാക്കുന്ന അധികൃതർക്ക് നന്ദി !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com