ADVERTISEMENT

ചെറുതോണി ∙ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ചെറുതോണിയിൽ എത്തുന്ന യാത്രക്കാർ ദുരിതത്തിലാകുന്നു. ശുചിമുറി, ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവ ഇല്ല. ഇഴഞ്ഞു നീങ്ങുന്നതാണ് ഇവിടത്തെ വികസനമെന്നാണു നാട്ടുകാരുടെ ആരോപണം.

ശുചിമുറി പോലുമില്ല
ബസ് കാത്തിരിപ്പുകേന്ദ്രവും വൃത്തിയും വെടിപ്പുമുള്ള ശുചിമുറി സൗകര്യവും ഇല്ലാത്തതിനാൽ ദീർഘദൂര യാത്ര കഴിഞ്ഞിറങ്ങുന്ന യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ വീർപ്പുമുട്ടുന്നു. ഇതോടെ അത്യാവശ്യക്കാർ പുതിയ പാലത്തിനു താഴെയും പഴയ പാലത്തിന്റെ ചുറ്റുവട്ടത്തുമായി കാര്യം സാധിക്കും. ടൗണിൽ പതിവായി എത്തുന്നവരും ഇവിടെത്തന്നെയാണ് പതിവായി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. മഴക്കാലമായതോടെ ഈ പ്രദേശത്തേക്കു കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.  

ബസ് കാത്തിരിപ്പു കേന്ദ്രം എവിടെ
കോരിച്ചൊരിയുന്ന മഴയത്ത് ജില്ലാ ആസ്ഥാനം നനഞ്ഞൊഴുകുമ്പോൾ ചെറുതോണിയിൽ എത്തുന്ന യാത്രക്കാർക്ക് കയറി നിൽക്കാൻ ബസ് കാത്തിരിപ്പു കേന്ദ്രമില്ല. കലക്ടറേറ്റിലേക്കും പ്രധാന ഓഫിസുകളിലേക്കും പോകുന്നതിനു ജില്ലയുടെ നാലു ഭാഗത്തു നിന്നും ഒട്ടേറെ പേരാണ് ദിവസവും ചെറുതോണിയിൽ എത്തുന്നത്.

ഇവിടെ എത്തുന്നവർ തിരികെ പോകാനായി ബസ് കാത്തു നിൽക്കുന്നതു സെൻട്രൽ ജംക്‌ഷനിൽ പുതുതായി നിർമിച്ചിരിക്കുന്ന പാലത്തിനു സമീപമാണ്. ഈ ഭാഗത്ത് യാത്രക്കാർക്ക് ആശ്രയിക്കാൻ തണൽ പോലുമില്ല. ഇതോടെ മാസങ്ങൾക്കു മുൻപു നവകേരള സദസ്സിന്റെ പ്രചാരണാർഥം നിർമിച്ച താൽക്കാലിക ഷെഡിനെയാണു യാത്രക്കാർ ആശ്രയിക്കുന്നത്. 

പാർക്കിങ് നടുറോഡിൽ 
ടൗണിൽ പാർക്കിങ്ങിനു പ്രത്യേക സൗകര്യമില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. ടാക്സി വാഹനങ്ങളും ഓട്ടോറിക്ഷകളും പ്രധാന വഴിയോരങ്ങളിലാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. യാത്രക്കാരുടെയും പുറത്തു നിന്നും വ്യാപാര ആവശ്യത്തിനു എത്തുന്നവരുടെയും വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു നിലവിൽ സൗകര്യമില്ല. ഇതോടെ വാഹനങ്ങൾ പ്രധാന നിരത്തിലേക്ക് ഇറക്കി പാർക്ക് ചെയ്യാൻ ടൗണിൽ പലവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ നിർബന്ധിതരാകും.

ഇതോടെ ഗതാഗതക്കുരുക്കിനു ഇടയാകും. മാത്രമല്ല, കാൽനട യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നതിനും നിർബന്ധിതരാകും. ഇത് അപകടങ്ങൾക്കു വഴിവയ്ക്കുന്നു. ചെറുതോണി പാലം മുതൽ ആലിൻചുവടു വരെയുള്ള ഭാഗത്ത് പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയാൽ ഈ പ്രശ്നത്തിനു ഒരുപരിധിവരെ പരിഹാരമാകുമെന്നു വ്യാപാരികൾ പറയുന്നു. 

സ്റ്റാൻഡിൽ ഇനി എന്ന് ബസ് കയറും ?
പ്രളയത്തിൽ തകർന്ന ചെറുതോണി ടൗണിന്റെ മുഖഛായ മാറ്റുന്നതിനു നാലുവർഷം മുൻപ് നിർമാണം ആരംഭിച്ച ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് കൊട്ടിഘോഷിച്ചു നടത്തിയെങ്കിലും ആർക്കും പ്രയോജനമില്ല. കോടികൾ മുടക്കി നിർമിച്ച സ്റ്റാൻഡ് അടഞ്ഞു കിടക്കുന്നതിനാൽ ബസുകൾ കയറി തുടങ്ങിയിട്ടില്ല. സ്റ്റാൻഡിലേക്കുള്ള റോഡുകളുടെ നിർമാണം പൂർത്തിയാവാത്തതിനാലാണു പ്രവർത്തനം ആരംഭിക്കാത്തതെന്നു പറയുന്നു.

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട്, ജലസേചന വകുപ്പിന്റെ ഫണ്ട് എന്നിവയിൽ നിന്നും മൂന്നു കോടി 30 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ടു കോടി 80 ലക്ഷം രൂപയുമാണ് ബസ് സ്റ്റാൻഡിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്. വാഴത്തോപ്പ് പഞ്ചായത്തിനാണു മേൽനോട്ടത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. ഷോപ്പിങ് കോംപ്ലക്സ്, ബസ് പാർക്കിങ് യാർഡ്, ആധുനിക നിലവാരത്തിലുള്ള കംഫർട്ട് സ്റ്റേഷനുകൾ എന്നീ സൗകര്യങ്ങളുണ്ട്. എന്നാൽ തുറന്നു നൽകാത്തതിനാൽ നാശോന്മുഖമായി തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com