ADVERTISEMENT

മറയൂർ ∙ കാട്ടാനശല്യത്തിനു പരിഹാരം തേടി റേ‍ഞ്ച് ഓഫിസറെ വിളിച്ച കർഷകനോട് അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകാൻ മറുപടി. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് വനം വകുപ്പ് ഓഫിസിൽ കഞ്ഞിവച്ച് കിടക്കാൻ തീരുമാനിച്ച് കർഷകൻ. കാന്തല്ലൂർ തലച്ചോർക്കടവിൽ കർഷകനായ രമേഷാണ് രോഗികളായ മാതാപിതാക്കളുമായി വനം വകുപ്പ് ഓഫിസിൽ താസമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കാട്ടാനയോട് മല്ലിട്ടാണ് ഓരോ ദിവസവും കഴിഞ്ഞു കൂടുന്നതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി പറമ്പിലെത്തുന്ന കാട്ടാനക്കൂട്ടം വാഴ, ഏലം, സബർജെല്ലി ഉൾപ്പെടെയുള്ള കൃഷികൾ ഒടിച്ചു നശിപ്പിച്ചും തിന്നും കഴിയുകയാണ്. രാത്രി പടക്കം പൊട്ടിച്ചും ഒച്ചയിട്ടും ഓടിക്കുമ്പോൾ കുറച്ചു ദൂരം ഇവ ഓടും. ആനകൾ പോയി എന്ന വിശ്വാസത്തിൽ കിടന്നുറങ്ങുമ്പോൾ തിരിച്ചെത്തി ശല്യം തുടങ്ങും. 

കഴിഞ്ഞ ദിവസം രാത്രി അഞ്ചുതവണയാണ് ആനകളെ ഓടിക്കേണ്ടി വന്നതെന്ന് ഇവർ പറയുന്നു. റേഞ്ച് ഓഫിസറെ വിളിച്ചു വിവരം അറിയിച്ചപ്പോഴാണ് ‘ഞങ്ങൾ എന്തു ചെയ്യാനാ നഷ്ടപരിഹാരത്തിനായി അക്ഷയ സെന്ററിൽ അപേക്ഷ നൽകൂ’ എന്നുള്ള മറുപടി ലഭിച്ചതെന്ന് രമേഷ് പറയുന്നു. 10 ദിവസം മുൻപ് കർഷകർ, പഞ്ചായത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 80 പേർ അടങ്ങുന്ന സംഘം ഒറ്റക്കെട്ടായി 5 ആനകളെ ഓടിച്ചു കാടുകയറ്റിയിരുന്നു. ഈ ആനകളെല്ലാം തന്നെ ദിവസങ്ങൾക്കുള്ളിൽ ജനവാസ മേഖലയിലും കൃഷിത്തോട്ടങ്ങളിലും തിരിച്ചെത്തി വിളയാട്ടം തുടങ്ങി. നാട്ടിലിറങ്ങിയ ആനകളെ ഓടിക്കാൻ ഡിഎഫ്ഒയുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്ന് കാന്തല്ലൂർ റേഞ്ച് ഓഫിസർ ടി.രഘുലാൽ. രാത്രിവനം വകുപ്പ് ഉദ്യോഗസ്ഥ സംഘം പട്രോളിങ് നടത്തിവരുന്നു.

സിങ്കുകണ്ടത്ത് ഒറ്റയാൻ കൃഷി നശിപ്പിച്ചു
ചിന്നക്കനാൽ ∙ ചിന്നക്കനാൽ സിങ്കുകണ്ടത്തെ അങ്കണവാടിക്കു സമീപം ഒറ്റയാൻ കൃഷി നശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണു ചക്കക്കൊമ്പൻ ഇവിടെ ജനവാസമേഖലയിൽ ഇറങ്ങിയത്. കനത്ത കാറ്റും മഴയുമായിരുന്നതിനാൽ ആന എത്തിയ വിവരം നാട്ടുകാർ അറിഞ്ഞില്ല. പ്രദേശത്ത് ശനിയാഴ്ച രാത്രി വൈദ്യുതിയും ഇല്ലായിരുന്നു. ഇന്നലെ പുലർച്ചെ വരെ ചക്കക്കൊമ്പൻ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. നാട്ടുകാർ ബഹളം വച്ചാണ് ഒറ്റയാനെ തുരത്തിയത്. 5 കർഷകരുടെ ഏലം, വാഴ, തെങ്ങ് തുടങ്ങിയ വിളകൾ ഒറ്റയാൻ നശിപ്പിച്ചു. കാട്ടാനശല്യം രൂക്ഷമായതോടെ ആർആർടി സ്പെഷൽ യൂണിറ്റ് പ്രദേശത്ത് സദാസമയവും നിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ കനത്ത കാറ്റും മഴയുമുള്ളപ്പോൾ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com