ADVERTISEMENT

കട്ടപ്പന ∙ ഹൈറേഞ്ചിലെ അതിഥിത്തൊഴിലാളികൾക്കിടയിൽ മന്ത്, കുഷ്ഠരോഗം, മലമ്പനി തുടങ്ങിയ രോഗങ്ങൾ വ്യാപിക്കുന്നതായി സൂചന. നാട്ടുകാർക്കിടയിൽ ഡെങ്കിപ്പനി, ചിക്കൻപോക്‌സ്, തക്കാളിപ്പനി തുടങ്ങിയവയും വർധിച്ചു. തോട്ടം മേഖലയിൽ പണിക്കെത്തുന്ന അതിഥിത്തൊഴിലാളികൾക്കിടയിലാണു മന്ത്, ക്ഷയം, മലമ്പനി തുടങ്ങിയവയെല്ലാം വ്യാപകമായി കണ്ടെത്തിയിരിക്കുന്നത്.  ആരോഗ്യപ്രവർത്തകർ രാത്രികാലങ്ങളിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ക്യാംപുകളിലാണ് രോഗങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.   രോഗം കണ്ടെത്തിയവർക്ക് ചികിത്സയും മറ്റുള്ളവർക്ക് പ്രതിരോധ മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. എന്നാൽ പല തോട്ടങ്ങളിൽ താമസിക്കുന്നവർ പരിശോധനകളോട് സഹകരിക്കാത്ത സാഹചര്യമുണ്ട്. 

രോഗം കണ്ടെത്തുന്നവരിൽ ചിലർ അടുത്ത ദിവസം മുതൽ മറ്റു മേഖലകളിലെ തോട്ടങ്ങളിലേക്ക് മാറുന്നതിനാൽ കൃത്യമായ ചികിത്സ നടത്താനും കഴിയുന്നില്ല. ചില തോട്ടം ഉടമകളും തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കാൻ സന്നദ്ധരാവാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.  പലയിടങ്ങളിലും തൊഴിലാളികൾ താമസിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണ്. വെള്ളമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന കുഴൽ കിണറുകൾ ചിലയിടങ്ങളിൽ മലമൂത്രവിസർജനം നടത്താനായി വിനിയോഗിക്കുന്നു. ഇവയെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നതായാണ് വിലയിരുത്തൽ. ചിലയിടങ്ങളിൽ അങ്കണവാടികളും മറ്റും കേന്ദ്രീകരിച്ചാണ് കുട്ടികളിൽ തക്കാളിപ്പനി റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ചിക്കൻപോക്‌സും ഉണ്ടാകുന്നു. കൂടാതെ ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങളും വ്യാപകമായിട്ടുണ്ട്.  കട്ടപ്പന, കുമളി അടക്കമുള്ള മേഖലകളിലെ ചില സ്ഥലങ്ങളിൽ രോഗം കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. സ്വദേശികൾക്കിടയിലും അതിഥി തൊഴിലാളികളിലും വിവിധ രോഗങ്ങൾ വ്യാപകമാകുമ്പോഴും പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയിലടക്കം പലപ്പോഴും ചുരുക്കം ഡോക്ടർമാർ മാത്രമാണ് ഉണ്ടാകാറുള്ളത്.  അതിനാൽ ചികിത്സതേടിയെത്തുന്ന രോഗികൾ ഏറെനേരം കാത്തുനിൽക്കേണ്ടി വരുകയോ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com