ADVERTISEMENT

തൊടുപുഴ∙ ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് 30ന്. തൊടുപുഴ നഗരസഭയിലെ 9 - പെട്ടേനാട്, ഉടുമ്പൻചോല പഞ്ചായത്തിലെ 8 - പാറത്തോട്, അറക്കുളം പഞ്ചായത്തിലെ 6 - ജലന്ധർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 6 - തോപ്രാംകുടി എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. അഴിമതി ആരോപണത്തിൽ മുങ്ങിനിൽക്കുന്ന തൊടുപുഴ നഗരസഭയിൽ തിരഞ്ഞെടുപ്പ് ഫലം നിർണായകമാകും. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും ഫലം ഇരുമുന്നണികൾക്കും സുപ്രധാനമാണ്. അതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. 

തോപ്രാംകുടിയിൽ ബലാബലം
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി ഡിവിഷനിൽ സിറ്റിങ് സീറ്റ് നിലനിർത്തുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. സീറ്റ് തിരിച്ചെടുത്ത് ഭരണം കയ്യടക്കാനാണ് യുഡിഎഫ് ഉന്നം വയ്ക്കുന്നത്. ബിജെപി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. എൽഡിഎഫിനായി അനി കെ.ഡാർളിയും യുഡിഎഫിനായി ഡോളി സുനിൽ പുറപ്പന്താനത്തുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 53 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച സിപിഐ സ്ഥാനാർഥി എ.ജെ.ജ്യോത്സന വിദേശത്തേക്ക് ജോലിക്കായി പോയതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. 

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെ ഹൈക്കോടതി അയോഗ്യയാക്കിയതോടെ ഈ തിരഞ്ഞെടുപ്പ് യുഡിഎഫിനും എൽഡിഎഫിനും നിർണായകമാണ്. 13 വാർഡുകളുള്ള ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ യുഡിഎഫിന് 6 സീറ്റുകളാണുള്ളത്. കോൺഗ്രസ് – 4, കേരള കോൺഗ്രസ് – 2 എന്നിങ്ങനെ. എൽഡിഎഫ് പക്ഷത്ത് പ്രസിഡന്റ് അയോഗ്യയായതോടെ അംഗങ്ങളുടെ എണ്ണം അഞ്ചായി. സിപിഎം – 2, കേരള കോൺഗ്രസ് (എം) – 2, എൻസിപി – ഒന്ന്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയാണെങ്കിൽ 13 അംഗ പഞ്ചായത്തിൽ അവർക്ക് കേവല ഭൂരിപക്ഷമാകും. എൽഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തിയാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വരും. അയോഗ്യയാക്കപ്പെട്ട പ്രസിഡന്റിന്റെ വാർഡിൽ പിന്നീട് നടക്കുന്ന ഉപതിരഞ്ഞെടുപ്പും നിർണായകമാകും.

തൊടുപുഴയിൽ നിർണായകം
യുഡിഎഫ് സ്വതന്ത്രനായി ജോർജ് ജോൺ കൊച്ചുപറമ്പിൽ, എൽഡിഎഫ് സ്വതന്ത്രനായി ബാബു ജോർജ്, എൻഡിഎ സ്ഥാനാർഥിയായി രാജേഷ് പൂവാശേരിൽ, ആം ആദ്മി പാർട്ടിയുടെ റൂബി വർഗീസ് എന്നിവരാണ് തൊടുപുഴ 9–ാം വാർഡിൽ മത്സര രംഗത്തുള്ളത്.  2020ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ജെസി ജോണി കൂറുമാറി എൽഡിഎഫ് പിന്തുണയോടെ വൈസ് ചെയർപഴ്‌സനായിരുന്നു. കൂറുമാറ്റത്തിനെതിരെ യുഡിഎഫ് നൽകിയ പരാതിയിൽ ജെസി ജോണിയെ ഹൈക്കോടതി അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 392 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ ജയം. 

35 അംഗ നഗരസഭയിൽ നിലവിൽ 34 അംഗങ്ങൾ ആണുള്ളത്. ഇതിൽ നിലവിലെ ചെയർമാൻ ഉൾപ്പെടെ 14 പേർ എൽഡിഎഫ് പക്ഷത്താണ്. യുഡിഎഫ് 12, ബിജെപി 8 എന്നിങ്ങനെയാണ് കക്ഷിനില. ചെയർമാൻ സനീഷ് ജോർജിനെതിരെ എൽഡിഎഫ് കൊണ്ടുവന്നിരിക്കുന്ന അവിശ്വാസ പ്രമേയം 29നു ചർച്ച ചെയ്യും. അന്നുതന്നെ വോട്ടെടുപ്പും ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിനു പുറമേ സനീഷിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്ന യുഡിഎഫും ബിജെപിയും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യും എന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ ചെയർമാൻ പുറത്തായേക്കും. അതോടെ ഉപതിരഞ്ഞെടുപ്പ് നിർണായകമാകും. യുഡിഎഫ് ജയിച്ചാൽ നഗരസഭയുടെ ഭരണം വരെ മാറിമറിയാനുള്ള സാഹചര്യം നിലവിലുണ്ട്. 

പാറത്തോട്ടിൽ പോരാട്ടം  സിപിഎമ്മും കോൺഗ്രസും തമ്മിൽ
ഉടുമ്പൻചോല പഞ്ചായത്തിലെ എട്ടാം വാർഡായ പാറത്തോട്ടിൽ വാർഡ് അംഗമായിരുന്ന സിപിഎമ്മിലെ പി.ദാസ് മരിച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. എസ്‌സി സംവരണ വാർഡായ പാറത്തോട്ടിൽ സിപിഎമ്മും കോൺഗ്രസും തമ്മിലാണ് മത്സരം. സിപിഎം കുത്തകയായ വാർഡിൽ യേശുദാസാണ് സിപിഎം സ്ഥാനാർഥി. ഇ.കെ.ജിനേഷ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ആകെയുള്ള 14 അംഗങ്ങളിൽ 12 പേരും സിപിഎം പ്രതിനിധികളാണ്. 2 പേർ കോൺഗ്രസ് അംഗങ്ങളാണ്.

അറക്കുളത്ത് ത്രികോണ മത്സരം
അറക്കുളം പഞ്ചായത്ത് 6-ാം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണമത്സരം നടക്കുന്നു. യുഡിഎഫിൽ നിന്ന് അലക്സ് ഏബ്രഹാം ഇടമലയും എൽഡിഎഫ് സ്ഥാനാർഥിയായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേലും മത്സരിക്കുമ്പോൾ ബിജെപി സ്ഥാനാർഥിയായി വിനീഷ് വിജയനാണ് (ഉത്രാടം കണ്ണൻ) മത്സരരംഗത്തുള്ളത്. നിലവിൽ പഞ്ചായത്ത് അംഗമായിരുന്ന യുഡിഎഫിലെ ടോമി വാളികുളത്തിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  കഴിഞ്ഞ തവണ ടോമി വാളികുളം 397 വോട്ടുകളും ബിജെപി സ്ഥാനാർഥി ഡി.രാജീവ് 368 വോട്ടുകളും നേടിയപ്പോൾ എൽഡിഎഫിലെ ബിജു മാത്യു 69 വോട്ടുകൾ മാത്രമാണ് നേടിയത്. ഉപതിരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com