ADVERTISEMENT

കാഞ്ഞാർ∙ കാടുകയറി നശിക്കുന്ന ബയോഡൈവേഴ്‌സിറ്റി പാർക്ക് നവീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ നൽകിയിട്ടും പരിഗണിക്കാതെ എംവിഐപി. കാഞ്ഞാർ വാട്ടർതീം പാർക്കിനാണ് ഈ ദുർഗതി. 35 ലക്ഷം രൂപ മുതൽ മുടക്കി പാർക്കിൽ കഫറ്റീരിയയും ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന് രൂപരേഖ തയാറാക്കുകയും എംവിഐപിക്ക് കത്ത് നൽകുകയും ചെയ്തിട്ട് മാസങ്ങളായെങ്കിലും ഇതിനു മറുപടി ലഭിച്ചില്ലെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സ്‌നേഹൻ രവി പറഞ്ഞു. 

ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കാഞ്ഞാർ പുഴയോരത്തോടു ചേർന്നാണ് വാട്ടർ തീം പാർക്ക്. 15 വർഷം മുൻപ് 13 ലക്ഷം രൂപ ചെലവഴിച്ച് പാർക്കിന്റെ ഒന്നാം ഘട്ടം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചിരുന്നു. എംവിഐപി ഭൂമിയിൽ ബ്ലോക്ക് പഞ്ചായത്താണ് പൂച്ചെടികളും ചെറുമരങ്ങളും വച്ചുപിടിപ്പിച്ച് അരക്കിലോമീറ്ററോളം ദൂരത്തിൽ ചെറു ഉദ്യാനം നിർമിച്ചത്. അടുത്തഘട്ടമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കാൻ നടപടിയെടുത്തത്. 

ഇരിപ്പിടങ്ങൾ, ചെറു ഷെഡുകൾ, ജലാശയത്തിന് സംരക്ഷണഭിത്തി, ജലാശയത്തിലേക്ക് ഇറങ്ങാനായി നടപ്പാതകൾ എന്നിവ നിർമിക്കുക തുടങ്ങിയ ജോലികൾ ഇനിയും പൂർത്തിയാക്കണം. മലങ്കര ജലാശയം റോഡിൽനിന്ന് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന പ്രദേശമാണിവിടം. അതുകൊണ്ടുതന്നെ ഇടുക്കി യാത്രക്കാർ ഏറെയും യാത്രയ്ക്കിടയിൽ ഇടത്താവളമായി വിശ്രമിക്കുന്നതിന് ഇവിടെ ഇറങ്ങാറുണ്ട്. ഒന്നാം ഘട്ടത്തിൽ ചുറ്റുവേലി കെട്ടി പാർക്കിനുള്ളിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചു മോടികൂട്ടി. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം മാറിയതോടെ തീം പാർക്കിനെ അവഗണിക്കുകയായിരുന്നു. ഇതോടെ പുഴയോര പാർക്ക് കാടുകയറിതുടങ്ങി. ഇവിടെ നട്ടുവച്ചിരുന്ന പൂച്ചെടികളും നശിച്ചുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com