ADVERTISEMENT

തൊടുപുഴ ∙ ഒരാഴ്ചയ്ക്കു ശേഷം ജില്ലയിൽ മഴ വീണ്ടും ശക്തമായി. തൊടുപുഴ, അടിമാലി, ചെറുതോണി, കട്ടപ്പന, കുമളി, നെടുങ്കണ്ടം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പകൽ ഇടവിട്ടു ശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മഴയ്ക്കൊപ്പം കാറ്റുമുണ്ടായി. പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ അനുമതി നൽകി. മുതിരപ്പുഴയാറിന്റെ ഇരുകരയിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആകെ 1599.99 മീറ്റർ ശേഷിയുള്ള ഡാമിൽ നിലവിൽ 1598.50 മീറ്റർ ജലനിരപ്പുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ 3 ഷട്ടറുകൾ 70 സെന്റിമീറ്റർ വരെ ഉയർത്തും.

കനത്ത മഴയെത്തുടർന്നു ബുധനാഴ്ച രാത്രി ഉപ്പുതറ തോണിത്തടി തോണ്ടുപറമ്പിൽ ഷെജിയുടെ വീടു തകർന്നു. കുടുംബാംഗങ്ങൾ മറ്റൊരു വീട്ടിലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ബുധനാഴ്ച രാത്രി മണ്ണിടിഞ്ഞു വീണു കൽകൂന്തൽ കരടിവളവിൽ പുത്തൻപുരയ്ക്കൽ ഐഷാബീവിയുടെ വീട് ഭാഗികമായി തകർന്നു. മറ്റു കാര്യമായ കെടുതികൾ ഇന്നലെ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഹൈറേഞ്ച് മേഖലകളിലടക്കം മഴ തുടരുന്നതു ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ മഴ മുന്നറിയിപ്പുകളൊന്നുമില്ല. എങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരാനാണു സാധ്യത.

മഴ അളവ് (മില്ലിമീറ്ററിൽ)
∙തൊടുപുഴ– 19
∙ഇടുക്കി– 25.4
∙പീരുമേട്–9
∙ദേവികുളം–29.8
∙ഉടുമ്പൻചോല–മഴയില്ല

(ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് )

കനത്തമഴ: മറയൂർ, കാന്തല്ലൂർ  പ്രദേശവാസികൾ ഭീതിയിൽ
മറയൂർ ∙ മറയൂർ, കാന്തല്ലൂർ മേഖലകളിൽ കനത്തമഴ തുടരുന്നതിനാൽ പ്രദേശവാസികൾ ഭീതിയിൽ. മറയൂർ പള്ളനാടു ഭാഗത്തെ വീട്ടിലെ ഹാളിന്റെ തറ താഴ്ന്നതിനു കാരണം ഭൂമികുലുക്കമാണന്ന് അഭ്യൂഹമുണ്ടായി. പള്ളനാട് സ്വദേശി ഷീലാ ജോർജിന്റെ വീടിന്റെ ഹാളിലെ തറയാണു താഴ്ന്നു ടൈലുകൾ ഇളകിത്തെറിച്ചത്. രാവിലെ 11നായിരുന്നു സംഭവം. ഷീലയും മാതാവ് മേരിയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ ഭിത്തിക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 

മറയൂർ പള്ളനാട് സ്വദേശി ഷീല ജോർജിന്റെ വീടിന്റെ ഹാളിൽ മധ്യഭാഗത്തെ ടൈൽ 
ഇളകിയനിലയിൽ.
മറയൂർ പള്ളനാട് സ്വദേശി ഷീല ജോർജിന്റെ വീടിന്റെ ഹാളിൽ മധ്യഭാഗത്തെ ടൈൽ ഇളകിയനിലയിൽ.

മറയൂർ വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവർ എത്തി പരിശോധന നടത്തി. വീട്ടിലുള്ളവരോടു മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമീപവാസിയായ ദുരൈരാജിന്റെ വീടിന്റെ തറയിലും വിള്ളൽ കണ്ടെത്തി. വിദഗ്ധസംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. കുത്തനെ ചരിവുള്ള ഭൂമിയിലാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com