ADVERTISEMENT

മൂന്നാർ∙ നിർമാണം പൂർത്തിയാക്കി രണ്ടു മാസത്തിനുള്ളിൽ തകർന്ന റോഡിലെ കുഴികളടയ്ക്കാനുള്ള ശ്രമം നാട്ടുകാരും ടാക്സി ഡ്രൈവർമാരും സിപിഐ പ്രവർത്തകരും ചേർന്നു തടഞ്ഞു. കുഴികളടയ്ക്കാതെ, റോഡിന്റെ റീ ടാറിങ് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ നടപടി. 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് 21 കിലോമീറ്റർ ദൂരമുള്ള മൂന്നാർ - സൈലന്റ്‌വാലി റോഡ് പൂർണമായി തകർന്നത്. 6 വർഷമായി തകർന്നു കിടന്ന റോഡ് രണ്ടു മാസം മുൻപ് നിർമാണം പൂർത്തീകരിച്ച് ടാറിങ് നടത്തി ഗതാഗതം പുനരാരംഭിച്ചു. 6 കോടി രൂപ ചെലവിട്ടാണ് റോഡ് പുനർനിർമിച്ചത്.എന്നാൽ നിർമാണത്തിലെ അപാകത മൂലം ഏതാനും ആഴ്ചകൾക്കുള്ളിൽ കനത്ത മഴയിൽ റോഡ് തകരുകയായിരുന്നു.

സൈലന്റ് വാലി റോഡിലെ കുഴികളടയ്ക്കാനുള്ള നീക്കം സിപിഐ പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ചേർന്നു തടയുന്നു.
സൈലന്റ് വാലി റോഡിലെ കുഴികളടയ്ക്കാനുള്ള നീക്കം സിപിഐ പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ചേർന്നു തടയുന്നു.

സൈലന്റ്‌വാലി റോഡിന്റെ റീ ടാറിങ് നടത്തുന്നതു വരെ സിപിഐ മണ്ഡലം കമ്മിറ്റി തുടർസമരങ്ങൾ നടത്തുമെന്ന് മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാൽ പറഞ്ഞു. ആദ്യ ഘട്ടമായി സൈലന്റ്‌വാലി മുതൽ മൂന്നാർ വരെയുള്ള ഭാഗത്തെ നൂറിലധികം കുഴികളിൽ വാഴകൾ നട്ടു പ്രതിഷേധിക്കും. കൂടാതെ ഇതേ കരാറുകാരൻ നിർമിച്ചതും സമാന രീതിയിൽ തകർന്നു കിടക്കുന്നതുമായ സെവൻമല - വിരിപ്പാറ, പെട്ടിമുടി - രാജമല, കല്ലാർ - നല്ലതണ്ണി എന്നീ റോഡുകളും റീടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ചും സമരം നടത്തുമെന്നു ചന്ദ്രപാൽ പറഞ്ഞു.

കേസെടുത്തതിൽ പ്രതിഷേധം
മൂന്നാർ - സൈലന്റ്‌വാലി റോഡ് തകർന്നതിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചവരുടെ പേരിൽ പൊലീസ് കേസെടുത്തതിനെതിരെ സിപിഐ നേതാക്കൾ രംഗത്തെത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അടക്കമുള്ള 10 പേർക്കെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്. ഗ്രാമീണ റോഡ് ഉപരോധിച്ചതിനെതിരെ പരാതികൾ ഒന്നും ലഭിക്കാതിരുന്നിട്ടും കരാറുകാരന്റെയും ഭരണകക്ഷിയിൽപെട്ട ചില നേതാക്കന്മാരുടെയും സമ്മർദത്തെത്തുടർന്ന് ഉപരോധ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തതെന്നും ഇതിനു പിന്നിൽ കരാറുകാരന്റെ പക്കൽ നിന്നു ലക്ഷങ്ങൾ കൈപ്പറ്റിയ ചില നേതാക്കന്മാരാണെന്നും സിപിഐ നേതാക്കൾ ആരോപിച്ചു. കരാറുകാരനെ കരിമ്പട്ടികയിൽ   ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്   വരും ദിവസങ്ങളിൽ സമരം   ശക്തമാക്കുമെന്നും പറഞ്ഞു.

English Summary:

Locals and CPI activists stopped the attempt to fill potholes on the Munnar - Silent Valley road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com