ADVERTISEMENT

രാജകുമാരി ∙ ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റ ഭൂമിയിൽ ശരിയായി പരിശോധന നടത്താതെ ഉടമകളുടെ അപേക്ഷയിൽ കെട്ടിടനിർമാണത്തിനു നിരാക്ഷേപ പത്രം (എൻഒസി) കൊടുക്കാൻ റിപ്പോർട്ട് അയച്ച ബൈസൺവാലി വില്ലേജ് ഓഫിസറുടെയും എൻഒസി അനുവദിച്ച ദേവികുളം തഹസിൽദാരുടെയും നടപടി തെറ്റാണെന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. സർക്കാർ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിനു പകരം കയ്യേറ്റക്കാർക്കു സഹായം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഉത്തരമേഖലാ ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണു റിപ്പോർട്ട് തയാറാക്കിയത്.

ബൈസൺവാലി വില്ലേജിൽ ബ്ലോക്ക് 4ൽ സർവേ നമ്പർ 35ൽ ഉൾപ്പെട്ട 354.5900 ഹെക്ടർ വിസ്തീർണമുള്ള സർക്കാർ പുറമ്പോക്കിൽ കയ്യേറ്റം നടന്നെന്നാണു റിപ്പോർട്ടിലുള്ളത്. തന്റെയും പിതാവിന്റെയും പേരിൽ ബൈസൺവാലി വില്ലേജിലുള്ള 14.69 ഏക്കർ ഭൂമിയു‌ടെ അതിർത്തി നിർണയിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ താമസിക്കുന്ന മലയാളി കഴിഞ്ഞ വർഷം റവന്യു മന്ത്രിക്കു പരാതി നൽകിയിരുന്നു. ഈ പരാതി 2023 ജൂൺ 9നു കലക്ടറേറ്റിലേക്കു കൈമാറി.  പരാതിയിൽ പ്രത്യേക പരിഗണന നൽകി തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡപ്യൂട്ടി കലക്ടർ ഫയൽ ഉടുമ്പൻചോല തഹസിൽദാർക്കു കൈമാറി. ജൂലൈ 31നു താലൂക്ക് സർവേയർ സ്ഥലം സന്ദർശിച്ച സ്കെച്ച് തയാറാക്കി.

എന്നാൽ, റീസർവേ രേഖകളിൽ ‘സർക്കാർ പാറ പുറമ്പോക്ക്’ എന്ന് വ്യക്തമാക്കിയിരുന്ന 354.5900 ഹെക്ടർ ഭൂമിയിൽ ഉൾപ്പെടുത്തിയാണ് ഈ സ്കെച്ച് തയാറാക്കിയത്. ഈ ഭൂമി ഉൾപ്പെടുന്ന സ്ഥലം ചെന്നൈ സ്വദേശിയിൽനിന്ന് അടിമാലി സ്വദേശി വാങ്ങി. അതിനുശേഷം റോഡ് നിർമിക്കുകയും ഭൂമി പ്ലോട്ടുകളായി തിരിക്കുകയും ചെയ്തു. തുടർന്നാണ് ഉടമയുടെയും ഭാര്യയുടെയും അപേക്ഷയിൽ കെട്ടിട നിർമാണത്തിനു ദേവികുളം തഹസിൽദാർ എൻഒസി അനുവദിച്ചത്.

English Summary:

A special investigation team has found the Bison Valley Village Officer and Devikulam Tahsildar guilty of wrongly issuing a No Objection Certificate for construction on encroached government land in Chokramudi, Idukki. The report recommends action against the officials for aiding encroachment instead of eviction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com