ADVERTISEMENT

രാജകുമാരി ∙ അരിക്കൊമ്പൻ 6 തവണ തകർത്ത ആനയിറങ്കലിലെ റേഷൻ കടയുടെ ഭിത്തി തകർത്ത് ചക്കക്കൊമ്പൻ അരിച്ചാക്കുകൾ പുറത്തെടുത്തിട്ട് തിന്നു. ഈ സമയം റേഷൻ കടയുടെ അകത്തുണ്ടായിരുന്ന ജീവനക്കാരിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ പുലർച്ചെ 4.30നാണ് ആനയിറങ്കലിലെ റേഷൻ കടയ്ക്കു സമീപം എത്തിയ ചക്കക്കൊമ്പൻ കെട്ടിടത്തിന്റെ കൽഭിത്തി പൊളിച്ചത്. ഈ കടയുടെ അകത്തു തന്നെയാണ് റേഷൻകട ജീവനക്കാരിയായ ലാവണ്യ, ഭർത്താവ് ശിവകുമാർ, ഇവരുടെ ഒന്നര വയസ്സുള്ള മകൻ ചിക്കു, മുത്തശ്ശി സെൽവി എന്നിവർ താമസിക്കുന്നത്. ചക്കക്കൊമ്പൻ ഭിത്തി പൊളിക്കുന്ന ബഹളം കേട്ടുണർന്ന ലാവണ്യയും കുടുംബവും ശബ്ദമുണ്ടാക്കാതെ മറുഭാഗത്തെ ഭിത്തിയോട് ചേർന്നിരുന്നു.

ചക്കക്കൊമ്പൻ ആനയിറങ്കലിലെ റേഷൻ കട തകർക്കുമ്പോൾ അകത്തുണ്ടായിരുന്ന ജീവനക്കാരി ലാവണ്യയും മകനും.
ചക്കക്കൊമ്പൻ ആനയിറങ്കലിലെ റേഷൻ കട തകർക്കുമ്പോൾ അകത്തുണ്ടായിരുന്ന ജീവനക്കാരി ലാവണ്യയും മകനും.

നാട്ടുകാർ ബഹളം വയ്ക്കുകയും സ്ഥലത്തെത്തിയ ചിന്നക്കനാൽ ആർആർടി സംഘം പടക്കം പൊട്ടിക്കുകയും ചെയ്തതോടെയാണ് ചക്കക്കൊമ്പൻ 5ന് ഇവിടെ നിന്നു പിൻവാങ്ങിയത്. അത്രയും സമയം ലാവണ്യയും കുടുംബവും കടയ്ക്കുള്ളിൽ തന്നെയായിരുന്നു. 6 അരിച്ചാക്കുകൾ ആന വലിച്ചു പുറത്തിട്ടു നശിപ്പിച്ചെന്ന് റേഷൻകട നടത്തിപ്പുകാർ പറഞ്ഞു. എം.എം.രവീന്ദ്രന്റെ ഉടമസ്ഥതയിലാണ് ഈ റേഷൻകട.2023 ഏപ്രിൽ 29ന് അരിക്കൊമ്പനെ കാടു കടത്തിയതിനു ശേഷം മേഖലയിൽ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമാണ്.കഴിഞ്ഞ മാർച്ചിൽ ആനയിറങ്കലിനു സമീപം പന്നിയാറിലുള്ള റേഷൻകട ചക്കക്കൊമ്പൻ തകർത്തിരുന്നു.

ചക്ക വിട്ട് അരി തേടി ചക്കക്കൊമ്പൻ
രാജകുമാരി ∙ അരിക്കൊമ്പന്റെ വഴി ചക്കക്കൊമ്പനും പിന്തുടരുമ്പോൾ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തോട്ടം മേഖല ആശങ്കയിൽ. 7 പേരെ കൊലപ്പെടുത്തുകയും അറുപതിലധികം തവണ കടകളും വീടുകളും തകർക്കുകയും ചെയ്ത അരിക്കൊമ്പൻ, ശാന്തൻപാറ പന്നിയാറിലെ പി.എൽ.ആന്റണിയുടെ ഉടമസ്ഥതയിലുള്ള റേഷൻകട 2019ന് ശേഷം 9 തവണയാണ് തകർത്തത്.ആനയിറങ്കലിലെ റേഷൻകട 6 തവണ തകർത്തു. അരിക്കൊമ്പനെ ഭയന്ന് വീടുകളിൽ അരിയും ഭക്ഷണ സാധനങ്ങളും സൂക്ഷിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു നാട്ടുകാർക്ക്.അരിക്കൊമ്പന്റെ ശല്യം കാരണം പന്നിയാറിലെ റേഷൻ കടയ്ക്കു ചുറ്റും ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ചു.എന്നാൽ അരിക്കൊമ്പനെ കാടു കടത്തിയ ശേഷം കഴിഞ്ഞ മാർച്ചിൽ ചക്കക്കൊമ്പൻ ഈ ഫെൻസിങ് തകർത്ത് അകത്ത് കയറി വീണ്ടും റേഷൻകട തകർത്തു. ഇന്നലെയാണ് ഈ റേഷൻകടയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.

ഇന്നലെ പുലർച്ചെ ചക്കക്കൊമ്പൻ തകർത്ത ആനയിറങ്കലിലെ റേഷൻ കട.
ഇന്നലെ പുലർച്ചെ ചക്കക്കൊമ്പൻ തകർത്ത ആനയിറങ്കലിലെ റേഷൻ കട.

ഇതേ ദിവസം തന്നെ ചക്കക്കൊമ്പൻ ആനയിറങ്കലിലെ റേഷൻകട തകർത്തതിന്റെ ഞെട്ടലിലാണ് പ്രദേശത്തെ റേഷൻ വ്യാപാരികൾ.കൃഷിയിടത്തിലെ പ്ലാവുകളിൽ നിന്ന് ചക്ക പറിച്ചു തിന്നുന്നതാണ് ചക്കക്കൊമ്പന്റെ പതിവ്. അതുകൊണ്ടാണ് നാട്ടുകാർ ഈ ഒറ്റയാന് ചക്കക്കൊമ്പൻ എന്നു പേര് നൽകിയത്. അരിക്കൊമ്പൻ പോയ ശേഷം ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന ചക്കക്കൊമ്പന് ഇപ്പോൾ ചക്കയെക്കാൾ ഇഷ്ടം അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമാണെന്ന് നാട്ടുകാർ പറയുന്നു. അരിക്കൊമ്പനെ കാടുകടത്തുകയും കഴിഞ്ഞ ഓഗസ്റ്റ് 21ന് ചക്കക്കൊമ്പന്റെ കുത്തേറ്റ് മുറിവാലൻ കൊമ്പൻ ചരിയുകയും ചെയ്തതോടെ ചിന്നക്കനാൽ മേഖലയിൽ ഇനിയുള്ള പ്രായപൂർത്തിയായ ഏക ഒറ്റയാനാണ് ചക്കക്കൊമ്പൻ. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള 3 കുട്ടിക്കൊമ്പന്മാരും പ്രായപൂർത്തിയായ 11 പിടിയാനകളും 2 പിടിയാനക്കുട്ടികളും മേഖലയിലുണ്ട്.

English Summary:

In a chilling incident reminiscent of Arikomban's reign, a wild elephant named Chakkakomban ransacked a ration shop in Aanayirankal, Kerala. The terrifying encounter left the shop employee and her family trapped inside as the elephant feasted on rice sacks. This incident highlights the escalating human-elephant conflict in the region following Arikomban's translocation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com