ADVERTISEMENT

രാജകുമാരി∙ ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന റേഷൻ കടകൾ ആനയിറങ്കലിലും പന്നിയാറിലും പ്രവർത്തനമാരംഭിക്കും. 5നു രാവിലെ 10.30നു പന്നിയാറിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ആനയിറങ്കൽ റേഷൻകടയുടെ കീഴിലുള്ള ശങ്കരപാണ്ഡ്യമെട്ട്, പന്നിയാറിലെ റേഷൻകടയുടെ പരിധിയിലുള്ള ആടുവിളന്താൻകുടി എന്നീ ഗോത്ര മേഖലകളിലാണ് സഞ്ചരിക്കുന്ന റേഷൻകടകൾ ആദ്യമായി ഗുണഭോക്താക്കളിലേക്ക് എത്തുന്നത്. കാട്ടാനശല്യം രൂക്ഷമായതിനാൽ പലപ്പോഴും റേഷൻ മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതിനാലാണ് ആദ്യഘട്ടത്തിൽ ഈ 2 സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. ഇവിടേക്ക് വാഹനങ്ങളിൽ റേഷൻ സാധനങ്ങൾ എത്തിച്ചു നൽകും. 

നിലവിൽ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം ഓരോ കാർഡിനും ലഭിക്കുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യവും ആഘോഷവേളകളിൽ ലഭിക്കുന്ന സ്പെഷൽ അരിയും വന്യമൃഗങ്ങളെ ഭയന്ന് പല കാർഡുടമകൾക്കും വാങ്ങാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല തലച്ചുമടായി കൊണ്ടുപോകേണ്ടതിനാൽ അളവ് കുറച്ചാണ് പലരും ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നത്. ഇതിനെല്ലാം പരിഹാരമായാണ് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ സമാനമായ ബുദ്ധിമുട്ട് നേരിടുന്ന മറ്റു പ്രദേശങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കടകൾ പ്രവർത്തനമാരംഭിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ നീക്കം. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും എടുക്കുന്നതിനായി സ്ഥിരമായി കാട്ടാന തകർക്കുന്ന ആനയിറങ്കലിലെയും പന്നിയാറിലെയും റേഷൻ കടകൾ തദ്ദേശസ്ഥാപനങ്ങളുമായി ആലോചിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു.

കാട്ടാന ശല്യത്തിൽ വലഞ്ഞ്  റേഷൻകടകൾ
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആനയിറങ്കലിലെ റേഷൻകടയുടെ ഭിത്തി തകർത്ത് ചക്കക്കൊമ്പൻ 6 ചാക്ക് അരി നശിപ്പിച്ചിരുന്നു. 2 ദിവസം മുൻപ് പന്നിയാറിലെ റേഷൻ കടയിൽ വീണ്ടും ചക്കക്കൊമ്പനെത്തി. 

കഴിഞ്ഞ മാർച്ചിൽ ഈ റേഷൻ കടയുടെ ചുറ്റുമുള്ള തൂക്കു വൈദ്യുതവേലി തകർത്ത് ചക്കക്കൊമ്പൻ റേഷൻ കട പൊളിച്ച് അരിയെടുത്തിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. കടയിൽ അരിയില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ കെട്ടിടം പൊളിക്കാതെ മടങ്ങി. 

കഴിഞ്ഞ ഏപ്രിൽ 29ന് അരിക്കൊമ്പനെ കാടു മാറ്റുന്നതിന് മുൻപു വരെ 12 തവണയാണ് ഈ റേഷൻ കട കാട്ടാന തകർത്തത്. ആനയിറങ്കലിലെ റേഷൻകട 6 തവണ തകർത്തു. കാട്ടാനശല്യമില്ലാത്ത സ്ഥലത്തേക്ക് ഈ കടകൾ മാറ്റണമെന്നാണ് നടത്തിപ്പുകാരുടെ ആവശ്യം.

English Summary:

To combat disruptions caused by wild elephant attacks, Idukki is launching mobile ration shops in Anayirankal and Panniyar. This initiative aims to ensure food security for tribal communities facing difficulty accessing their rations due to elephant threats.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com