ADVERTISEMENT

കണ്ണൂർ∙ ലോക്ഡൗണിൽ കണ്ണൂർ ജില്ലയിൽ കുടുങ്ങിയ 1140 ബിഹാർ സ്വദേശികളുമായി റെയിൽവേയുടെ പ്രത്യേക ട്രെയിൻ യാത്ര തിരിച്ചു. ലോക്ഡൗൺ ആരംഭിച്ചതു മുതൽ ഭക്ഷണവും സംരക്ഷണവും നൽകിയ നാടിനോടുള്ള നന്ദി പ്രകടിപ്പിച്ചാണ് അതിഥി തൊഴിലാളികൾ മടങ്ങിയത്. കലക്ടർ ടി.വി.സുഭാഷ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നു രണ്ടാമത്തെ ട്രെയിൻ ബിഹാറിലേക്കു പുറപ്പെടും.

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കെഎസ്ആർടിസി ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. കണ്ണൂർ കോർപറേഷൻ, അഴീക്കോട്, ചെമ്പിലോട്, ചിറക്കൽ, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം, കൊളച്ചേരി, ധർമടം, കൂടാളി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നുള്ള ബിഹാറുകാരാണു നാട്ടിലേക്കു മടങ്ങിയത്. നാളെ രാവിലെയാണ് ട്രെയിൻ ബിഹാറിലെ സഹർഷ റെയിൽവേ സ്റ്റേഷനിൽ എത്തുക.

സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങൾ നൽകിയത്. 930 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തൊഴിലാളി ക്യാംപുകളിൽ മെഡിക്കൽ പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ ബസുകളിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തൊഴിലാളികൾക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണം ജില്ലാഭരണകൂടം ഏർപ്പാടാക്കിയിരുന്നു. കുടുംബശ്രീ ജില്ലാ മിഷനാണു ഭക്ഷണം തയാറാക്കിയത്.

ചപ്പാത്തി, പഴം, ബിസ്‌കറ്റ്, വെള്ളം എന്നിവ ഉൾപ്പെട്ട കിറ്റാണു നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സബ് കലക്ടർമാരായ ആസിഫ് കെ.യൂസഫ്, എസ്.ഇലാക്കിയ, അസിസ്റ്റന്റ് കലക്ടർ ഡോ. ഹാരിസ് റഷീദ്, തഹസിൽദാർ എം.വി.സജീവൻ, ഡെപ്യൂട്ടി തഹസിൽദാർ കെ.വി.ഷാജു, ജില്ലാ ലേബർ ഓഫിസർ ബേബി കാസ്‌ട്രോ, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ.എം.സുർജിത്, ഡിവൈഎസ്പി പി.പി.സദാനന്ദൻ, റെയിൽവേ സ്റ്റേഷൻ മാനേജർ എം.മനോജ്, ട്രാഫിക് ഇൻസ്പെക്ടർ എസ്.സജിത് കുമാർ തുടങ്ങിയവർ തൊഴിലാളികളെ യാത്രയാക്കാനെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com