ADVERTISEMENT

പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ജീവനക്കാരുടെ ശമ്പള പ്രശ്നം പരിഹരിക്കാൻ സർക്കാർ നിർദേശം. ആശുപത്രി ഫണ്ട് വഴി ഈ മാസം കൂടി ശമ്പളം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഈ മാസം തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം എല്ലാ മാസവും കൃത്യമായി ശമ്പളം ലഭ്യമാക്കുന്നതിനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. മേയ് പകുതി കഴിഞ്ഞിട്ടും ഏപ്രിൽ മാസത്തെ ശമ്പളം ലഭിക്കാത്തതിനാൽ 2000 ജീവനക്കാർ വലിയ ദുരിതത്തിലാണ്.

ശാശ്വത പരിഹാരമെന്ത്?

ശമ്പളം കൃത്യമായി ലഭിക്കണമെങ്കിൽ സർക്കാർ ഏറ്റെടുത്ത മെഡിക്കൽ കോളജിലെ ജീവനക്കാരെയും സർക്കാർ ജീവനക്കാരായി മാറ്റേണ്ടതുണ്ട്. ഇതിനു മുഴുവൻ ജീവനക്കാരുടെയും ഇന്റർവ്യൂ, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ പൂർത്തിയാകണം. ഇതിനു കൂടുതൽ സമയം ആവശ്യമുണ്ട്. ഈ നടപടികൾ പൂർത്തിയായെങ്കിലേ എംപ്ലോയീ നമ്പർ ലഭിക്കുകയും സ്പാർക് വഴി ശമ്പളം ലഭിക്കുകയുമുള്ളു. ഇവ പൂർത്തിയാകുന്നതുവരെ മെഡിക്കൽ കോളജ് ഫണ്ടിൽ നിന്നു ശമ്പളം വിതരണം നടത്താനുള്ള അനുമതി നൽകിയാൽ ജീവനക്കാർക്ക് മാസ ശമ്പളം കൃത്യമായി ലഭിക്കും.

എന്നാൽ ഈ ഫണ്ട് ഉപയോഗത്തിനുള്ള അനുമതി സമയബന്ധിതമായി ലഭിക്കാത്തതാണ് ശമ്പള വിതരണം തടസ്സപ്പെടുത്തുന്നത്. ഒന്നര മാസത്തോളം ജീവനക്കാർക്ക് ശമ്പളം ലഭിക്കാതിരുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. സർക്കാർ ഏറ്റെടുത്തതിനു ശേഷം പല മാസങ്ങളിലും കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. ശമ്പളം വൈകുന്നതോടൊപ്പം ജീവനക്കാർക്കു ലഭിക്കേണ്ട ക്ഷാമബത്ത, ശമ്പള വർധന, പ്രമോഷൻ എന്നീ ആനുകൂല്യങ്ങളും 4 വർഷമായി ലഭിക്കുന്നില്ല.

പരിയാരം മെഡിക്കൽ കോളജ് ജീവനക്കാർക്ക് ഓരോ മാസവും സർക്കാർ അനുവദിക്കുന്ന തുക ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് ജീവനക്കാർക്കു വിതരണം ചെയ്യുന്ന നടപടിയായിരുന്നു ഇത്രയും കാലം ചെയ്തു വന്നത്. എന്നാൽ സർക്കാർ ജീവനക്കാർക്ക് സ്പാർക് നമ്പറിലൂടെ മാത്രമേ ശമ്പളം വിതരണം നടത്താവൂ എന്ന ഉത്തരവ് ധനവകുപ്പ് ഇറക്കിയതോടെയാണ് ശമ്പളവിതരണം തടസ്സപ്പെട്ടത്. ഇതിനു താൽക്കാലിക പരിഹാരമായി മൂന്നു മാസം മുൻപ് 3 മാസത്തേക്ക് ആശുപത്രി ഫണ്ടിൽ നിന്നു ശമ്പളവിതരണം നടത്താൻ ധന വകുപ്പ് അനുമതി നൽകിയിരുന്നു.

എന്നാൽ ഈ അനുമതിയുടെ കാലാവധി അവസാനിച്ചതോടെയാണ് ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തിലായത്. പെർമനന്റ് എംപ്ലോയീ നമ്പറോ താൽക്കാലിക എംപ്ലോയീ നമ്പറോ ലഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് സ്പാർക് വഴി ശമ്പളം ലഭിക്കൂ. മെഡിക്കൽ കോളജ് ഫണ്ടിൽ ഓരോ മാസവും ശമ്പളത്തിനു വേണ്ടി വരുന്ന 8 കോടി രൂപ അനുവദിച്ച് ജീവനക്കാർക്ക് മാസ ശമ്പളം കൃത്യമായി ലഭിക്കാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിച്ചെങ്കിലേ നിലവിലെ പ്രതിസന്ധിക്കു പരിഹാരമാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com