ADVERTISEMENT

മേലെചൊവ്വ∙ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ തുടക്ക കേന്ദ്രങ്ങളിലൊന്നാണ് മേലെചൊവ്വ ജംക്‌ഷൻ. ഇവിടത്തെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ജംക്‌ഷനിൽ തന്നെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ്. ദേശീയപാതയിൽ നിന്ന് മട്ടന്നൂർ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് തന്നെ നിർത്തിയിട്ടാണ് മട്ടന്നൂർ, ഇരിട്ടി, അഞ്ചരക്കണ്ടി, ചക്കരക്കൽ, ഇരിക്കൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ യാത്രക്കാരെ കയറ്റുന്നത്. 

പ്രധാനപ്പെട്ട 5 സ്ഥലങ്ങളിലേക്ക് പോകുന്ന ഒന്നിലധികം ബസുകൾ സ്ഥലത്ത് വരിയായി ഏറെ നേരം നിർത്തിയിടുമ്പോൾ പിന്നിൽ വാഹനങ്ങളുടെ നീണ്ട നിര ദേശീയപാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള റോഡ് വരെ നീളും. മട്ടന്നൂർ, ഇരിട്ടി, അഞ്ചരക്കണ്ടി, ചക്കരക്കൽ, ഇരിക്കൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകളും കണ്ണൂർ ഭാഗത്തേക്ക് ജംക്‌ഷനിലേക്ക് പ്രവേശിക്കുന്നതിന്റെ തൊട്ടടുത്ത് തന്നെ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.

2 ഭാഗത്തേക്കുള്ള ബസുകളും വീതി കുറഞ്ഞ റോഡിൽ ഏറെ നേരം നിർത്തിയിടുമ്പോൾ മട്ടന്നൂർ ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് ഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട വരികളാണ് ഫലം. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ മട്ടന്നൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മട്ടന്നൂർ റോഡ‍ിന്റെ കുറച്ച് മുൻ ഭാഗത്തേക്ക് മാറ്റണമെന്ന് യാത്രക്കാർ മുൻപേ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മട്ടന്നൂർ ഭാഗത്തേക്ക് മാറി ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പണിതിരുന്നെങ്കിലും ബസുകൾ ഇവിടെ നിർത്താറില്ല. ഈ ബസ് ഷെൽട്ടറിൽ യാത്രക്കാർ കയറാത്തതിനാൽ പരസ്യ ബോർഡുകളാണ് ഷെൽട്ടറിലെ കാഴ്ച.തലശ്ശേരി, കൂത്തുപറമ്പ്  ഭാഗത്തേക്ക് പോകുന്ന മിക്ക ബസുകളും ജംക്‌ഷന് തൊട്ടടുത്ത് തന്നെ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുന്നത് ദേശീയപാതയിലും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്.

ദേശീയപാതയിൽ‌ തലശ്ശേരി ഭാഗത്തേക്ക് ഏറെ മുൻപോട്ടായി ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ജംക്‌‌ഷന് സമീപത്ത് തന്നെ ബസ് കാത്തിരിക്കുന്നതും അവിടെ തന്നെ ബസ് നിർത്തിയിടുന്നതും പതിവ് കാഴ്ചയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com